Cricket

ധോണിയും കോഹ്‌ലിയും എനിക്ക് ഒന്നുമല്ലായിരുന്നു !! തന്റെ ഉറക്കം കെടുത്തിയത് ബാറ്ററെക്കുറിച്ച് തുറന്നു പറഞ്ഞ് ഗംഭീര്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ 24 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. വാങ്കഡെയില്‍ കൊല്‍ക്കത്ത മുംബൈയെ പരാജയപ്പെടുത്തുന്നത് ഐപിഎല്‍ ചരിത്രത്തില്‍ രണ്ടാം തവണ മാത്രമായിരുന്നു. 2012ലായിരുന്നു വാങ്കഡെയില്‍ കൊല്‍ക്കത്തയുടെ ആദ്യ വിജയം.

അതേസമയം മത്സരത്തിനു മുമ്പ് കൊല്‍ക്കത്തയുടെ ഉപദേഷ്ടാവ് ഗൗതം ഗംഭീര്‍ തന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ പഴയകാലത്തെപ്പറ്റിയുള്ള നടത്തിയ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

താന്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ബാറ്ററിന്റെ പേരും അദ്ദേഹം വെളിപ്പെടുത്തി.”ഉറക്കമില്ലാത്ത രാത്രികള്‍” സമ്മാനിച്ച താരം എന്നാണ് ആ ബാറ്ററെ ഗംഭീര്‍ വിശേഷിപ്പിച്ചത്.

”ക്യാപ്റ്റന്‍ എന്ന നിലയിലുള്ള എന്റെ ഐപിഎല്‍ കരിയറില്‍ ഒരു കളിക്കാരന്‍ മാത്രമാണ് എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചത്, അത് രോഹിത് ശര്‍മ്മയാണ്. ഐപിഎല്ലില്‍ ഞാന്‍ ഭയപ്പെട്ടിരുന്ന ഒരേയൊരു ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയാണ്.”

”രോഹിതിനെ മെരുക്കാന്‍ എനിക്ക് പ്ലാന്‍ എ മാത്രം പോരായിരുന്നു പ്ലാന്‍ ബിയും പ്ലാന്‍ സിയും പ്ലാന്‍ ഡിയുമൊക്കെ വേണമായിരുന്നു” സ്റ്റാര്‍ സ്പോര്‍ട്സില്‍ ഗംഭീര്‍ പറഞ്ഞു.

”രോഹിത് ടീമിലുണ്ടെങ്കില്‍, ആര്‍ക്കും അവനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. രോഹിത് ശര്‍മ്മ ഒഴികെ ഐപിഎല്ലില്‍ മറ്റൊരു താരത്തിന് വേണ്ടിയും ഞാന്‍ പദ്ധതികള്‍ തയാറാക്കിയിട്ടില്ല.” ഗംഭീര്‍ വാക്കുകള്‍ അവസാനിപ്പിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 12 പന്തില്‍ 11 റണ്‍സ് എടുത്ത് രോഹിത് പുറത്താവുകയായിരുന്നു.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ നിലവിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫോം ഒരു ഘടകമായില്ലെന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ നേരത്തെ പറഞ്ഞിരുന്നു.

ഐപിഎല്ലിന് മുമ്പ് തന്നെ 15 അംഗ ടീമിനെ തിരഞ്ഞെടുക്കാമായിരുന്നുവെന്ന് രോഹിത് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി20 ലോകകപ്പിന്റെ അവസാന പതിപ്പിന് ശേഷം വിരാട് കോഹ്ലി ആകെ കളിച്ചത് രണ്ട് ട്വന്റി20 മത്സരങ്ങളായിരുന്നു.

ഈ ഐപിഎല്ലില്‍ കോഹ് ലി മികച്ച ഫോമിലാണ്. എന്നാല്‍ ഈ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയില്ലായിരുന്നുവെങ്കിലും കോഹ് ലിയുടെ സ്ഥാനം ഉറപ്പായിരുന്നുവെന്ന് വെളിവാക്കുന്നതാണ് രോഹിതിന്റെ പ്രസ്താവന.

എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയവരില്‍ ഒരാളായിരുന്നു റിങ്കു സിംഗ്, പക്ഷേ അദ്ദേഹം അവഗണിക്കപ്പെട്ടു. ഇത് എന്ത് കൊണ്ടാണെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ധാര്‍മികത രോഹിതും അഗാര്‍ഗക്കറും രാഹുല്‍ ദ്രാവിഡും ഉള്‍പ്പെട്ട മൂവര്‍സംഘത്തിനുണ്ട്.

മാരകമായ വാഹനാപകടത്തെത്തുടര്‍ന്ന് ഋഷഭ് പന്ത് വളരെക്കാലം ക്രിക്കറ്റൊന്നും കളിച്ചിരുന്നില്ല, പക്ഷേ അദ്ദേഹം ടീമിന്റെ ഭാഗമാണ്.

”ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് (മാര്‍ച്ചില്‍) ഞങ്ങള്‍ ഞങ്ങളുടെ സ്‌ക്വാഡ് കോമ്പിനേഷന്‍ ഉണ്ടാക്കി. സ്‌ക്വാഡിലേക്ക് പുതുതായി ആരും വരുന്നില്ല. ഞങ്ങളുടെ ധാരാളം കളിക്കാര്‍ ഐപിഎല്ലിന് മുമ്പ് ട്വന്റി20 കളിച്ചിട്ടുണ്ട്.

ഞങ്ങള്‍ക്ക് ചില വിടവുകള്‍ നികത്തേണ്ടിവന്നു, അവിടെയാണ് ഐപിഎല്‍ ഞങ്ങളെ സഹായിച്ചത്. ഞങ്ങളുടെ പ്രധാന ഗ്രൂപ്പിനെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു, കൂടാതെ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമാണ് നടത്തിയത്. രോഹിത് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ എന്നിവിടങ്ങളിലായി നടക്കുന്ന ട്വന്റി20 ലോകകപ്പ് ജൂണ്‍ ഒന്നിനാണ് ആരംഭിക്കുന്നത്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Related Articles

Back to top button