Cricket

രണ്ടും കല്‍പ്പിച്ച് പരിശീലനം ആരംഭിച്ച് ഇഷാന്‍ കിഷന്‍!! ഐപിഎല്ലിനുമപ്പുറം ലക്ഷ്യം ട്വന്റി20 ലോകകപ്പ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ചയായ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ തിരിച്ചുവരവിനൊരുങ്ങുന്നു.

മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് ദേശീയ ടീമില്‍ നിന്ന് അവധിയെടുത്ത താരം പിന്നീട് പ്രത്യക്ഷപ്പെട്ടത് ദുബായിലെ പാര്‍ട്ടിയിലായിരുന്നു. അതോടെ താരത്തിനെതിരേ വിമര്‍ശനം ശക്തമാവുകയും ചെയ്തു.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ കിഷനെ ടീമിലെടുത്തതുമില്ല. താരത്തിന്റെ അഭാവത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവു തെളിയിച്ച് ഇഷാന് ദേശീയ ടീമില്‍ തിരികെയെത്താനുള്ള അവസരമുണ്ടെന്നായിരുന്നു പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.

എന്നാല്‍ രഞ്ജിട്രോഫിയില്‍ കളിക്കാന്‍ കൂട്ടാക്കാതെ അപ്രത്യക്ഷനാവുകയാണ് ഇഷാന്‍ ചെയ്തത്. ഇഷാന് എന്തു പറ്റിയെന്ന തരത്തില്‍ ആരാധകര്‍ വലിയ ആശങ്കയും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ടീമില്‍ മടങ്ങിയെത്താന്‍ ഇഷാനെ നിര്‍ബന്ധിക്കില്ലെന്ന് രാഹുല്‍ ദ്രാവിഡും വ്യക്തമാക്കി. ഇപ്പോഴിതാ എല്ലാ അനിശ്ചിതത്വങ്ങളും അവസാനിപ്പിച്ചു കൊണ്ട് ഇഷാന്‍ മടങ്ങിവരികയാണ്.

ജാര്‍ഖണ്ഡിനു വേണ്ടി രഞ്ജിട്രോഫി കളിക്കാനാണെന്നു വിചാരിച്ചെങ്കില്‍ തെറ്റി. ഐപിഎല്ലില്‍ മുംബൈയ്ക്കായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

മുംബൈയുടെ പുതിയ ക്യാപ്റ്റനായി അടുത്തിടെ ചുമതലയേറ്റ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഇഷാന്‍ പരിശീലനവും ആരംഭിച്ചിരിക്കുകയാണ്.

ഹാര്‍ദിക്കിനും സഹോദരനായ കൃണാല്‍ പാണ്ഡ്യക്കുമൊപ്പം ഇഷാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബറോഡയിലെ കിരണ്‍ മോറെ അക്കാദമിയിലാണ് താരത്തിന്റെ പരിശീലനം. മാര്‍ച്ച് അവസാനത്തോടെയാണ് ഐപിഎല്‍ ആരംഭിക്കുക.

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നതിലൂടെ ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാമെന്നാണ് ഇഷാന്റെ പ്രതീക്ഷ.

ലോകകപ്പ് ടീമിലേക്കു വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ത്രികോണ പോരാട്ടം തന്നെയായിരിക്കും നടക്കുകയെന്നുറപ്പായിരിക്കുകയാണ്. നിലവില്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ ജിതേഷ് ശര്‍മയാണ് ഫേവറിറ്റ്. മലയാളി താരം സഞ്ജു സാംസണാണ് ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ മത്സരിക്കുന്ന മറ്റൊരു വിക്കറ്റ് കീപ്പര്‍.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരേ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ ജിതേഷും സഞ്ജുവുമായിരുന്നു വിക്കറ്റ് കീപ്പര്‍മാര്‍. അവസാന കളിയില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നു.

ഇതോടെ സഞ്ജുവിന് ലോകകകപ്പിലും ഇടം ലഭിക്കുമെന്ന പ്രതീതിയുണ്ടായി. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മറ്റാരേക്കാളും മികവു പുലര്‍ത്തുന്നതും സഞ്ജുവിന് തുണയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ മികച്ച പ്രകടനത്തിലൂടെ സഞ്ജുവിനെ പിന്തള്ളി ടീമില്‍ കയറിപ്പറ്റാനാണ് ഇഷാന്‍ കിഷന്റെ ശ്രമം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കിഷനെ തിരികെ വിളിക്കുമെന്ന് ഏവരും കരുതിയെങ്കിലും അത് ഉണ്ടാകാഞ്ഞത് താരത്തിന് വലിയ തിരിച്ചടിയായി.

കെഎസ് ഭരത് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായപ്പോള്‍ ഇഷാനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി പുതുമുഖമായ ധ്രുവ് ജൂറലിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായും ടീമിലുള്‍പ്പെടുത്തുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ശേഷിച്ച മൂന്നു ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇഷാനെ പരിഗണിക്കാനിടയില്ല. അതിനാല്‍ ഐപിഎല്ലിലൂടെ മടങ്ങിവരാനാണ് താരത്തിന്റെ ശ്രമം.

Related Articles

Back to top button