Cricket

സഞ്ജുവിനെ മാത്രമല്ല പവലിനെയും അമ്പയര്‍മാര്‍ ചതിച്ചു!! ആരാധകര്‍ ആകെ കലിപ്പില്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍ മത്സരത്തില്‍ ഡല്‍ഹി 20 റണ്‍സിന്റെ ജയം സ്വന്തമാക്കിയെങ്കിലും മത്സരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരഫലത്തേക്കാളേറെ ചര്‍ച്ചയായത് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ പുറത്താകലാണ്.

മത്സരത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ കാര്യങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ശ്രമിക്കാതിരുന്ന തേര്‍ഡ് അമ്പയറുടെ തിടുക്കമാണ് വിമര്‍ശിക്കപ്പെടുന്നത്.

16-ാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു പുറത്താകുന്നത്. മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ബൗണ്ടറി കുഷ്യന് തൊട്ടടുത്ത് നിന്നാണ് ഹോപ് ക്യാച്ചെടുത്തത്. താരത്തിന്റെ കാല്‍ കുഷ്യനില്‍ തട്ടിയിട്ടില്ല എന്ന നിഗമനത്തില്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. കോച്ച് സംഗക്കാരയടക്കം രാജസ്ഥാന്‍ ഡഗ് ഔട്ട് ഒന്നടങ്കം തേര്‍ഡ് അമ്പയറുടെ വിധി കേട്ട് ഞെട്ടിത്തരിച്ചിരുന്നു.

ഒരു വൈഡ് കോളിനായി മൂന്നും നാലും മിനിട്ടുകളെടുക്കുന്ന മൂന്നാം അമ്പയര്‍, ഈ ഔട്ടില്‍ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കാണാനോ സൂം ചെയ്ത് നോക്കാനോ താത്പര്യപ്പെട്ടില്ല എന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. ഇതോടെ ഐപിഎല്ലിലെ അംപയറിംഗും ചോദ്യചിഹ്നമാവുകയാണ്.

സഞ്ജുവിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റൊരു രാജസ്ഥാന്‍ താരമായ റോവ്മന്‍ പവലിന്റെ ബാറ്റിംഗിനിടെയും തേര്‍ഡ് അമ്പയര്‍ അലംഭാവം കാട്ടിയതായി ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ മീഡിയ. രാജസ്ഥാന്‍ ഇന്നിംഗ്സില്‍ വൈഡിന് വേണ്ടി പവല്‍ എടുത്ത റിവ്യൂ പരിശോധിക്കവെയാണ് സംഭവം അരങ്ങേറിയത്.

ഈ വൈഡ് പരിശോധിക്കുന്നതിനായി തേര്‍ഡ് അമ്പയര്‍ മറ്റൊരു ഡെലിവെറിയുടെ വിഷ്വല്‍സാണ് പരിശോധിച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രങ്ങളടക്കം അവരത് വിശദീകരിക്കുന്നുമുണ്ട്.

‘വൈഡ് ബോള്‍ എന്ന് പറഞ്ഞു കാണിച്ച സെക്കന്‍ഡ് ആംഗിള്‍ ഫുട്ടേജ് അതിന് തൊട്ടുമുമ്പുള്ള ബോളിന്റേത് ആയിരുന്നു. ലാസ്റ്റ് ബോള്‍ പവല്‍ മുട്ട് നിലത്ത് ഊന്നി ആണ് ഷോട്ട് എടുക്കുന്നത് എങ്കില്‍ സെക്കന്റ് ആംഗിള്‍ ഫുട്ടേജില്‍ പവലിന്റെ കാല്‍ മുട്ട് തറയില്‍ തട്ടുന്നത് പോലുമില്ല’. ആരാധകര്‍ പറയുന്നു.

ഡല്‍ഹിയെ വിജയിപ്പിക്കാന്‍ അംപയര്‍മാരുടെ ഒത്തുകളിയാണിതെന്നാണ് ഒരു വിഭാഗം ആരാധകര്‍ വിശ്വസിക്കുന്നത്.

Related Articles

Back to top button