Football

എന്‍ട്രി ഫീ കൊടുത്ത് ഐഎസ്എല്ലില്‍ കയറാന്‍ പഞ്ചാബ് എഫ്‌സി; ലക്ഷ്യം സെന്‍ട്രല്‍ പൂള്‍ വരുമാനം!!

കഴിഞ്ഞ സീസണില്‍ ഐലീഗില്‍ കിരീടം ചൂടിയതോടെ ഇത്തവണത്തെ ഐഎസ്എല്ലിലേക്ക് പ്രമോഷന്‍ നേടിയ ടീമാണ് റൗണ്ട്ഗ്ലാസ് പഞ്ചാബ്. ഐഎസ്എല്ലിലേക്ക് എത്തിയതോടെ ലോഗോയും പേരും ഉള്‍പ്പെടെ പരീക്ഷിക്കുകയും ചെയ്തു പഞ്ചാബില്‍ നിന്നുള്ള ഈ ക്ലബ്.

പേരില്‍ നിന്ന് ഉടമസ്ഥരായ റൗണ്ട്ഗ്ലാസ് എടുത്തു മാറ്റി പഞ്ചാബ് എഫ്‌സിയെന്നാക്കി മാറ്റി. ലോഗോയിലും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വന്നു. ഐഎസ്എല്ലില്‍ ടീമുകളുടെ പേരില്‍ കമ്പനികളുടെ പേര് അനുവദിക്കാത്തതാണ് കാരണം.

ഇപ്പോഴിതാ മറ്റൊരു കാര്യത്തിലും പഞ്ചാബ് എഫ്‌സി മറ്റ് ടീമുകളെ ഞെട്ടിച്ചിരിക്കുന്നു. അവര്‍ക്ക് ഫ്രീ പ്രമോഷനായിരുന്നു ഐഎസ്എല്ലിലേക്ക് കിട്ടിയിരുന്നത്. എന്നാല്‍ ഫ്രാഞ്ചൈസി ഫീസ് നല്‍കാന്‍ ക്ലബ് മാനേജ്‌മെന്റ് തീരുമാനിച്ചുവെന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത.

12 മുതല്‍ 16 കോടി രൂപ വരെ ഓരോ സീസണിലും ക്ലബുകള്‍ ഫ്രാഞ്ചൈസി ഫീസായി സംഘാടകര്‍ക്ക് നല്‍കണം. ഐലീഗില്‍ നിന്നും പ്രമോഷന്‍ കിട്ടി വരുന്ന ടീമുകള്‍ക്കാകട്ടെ ഈ തുക നല്‍കേണ്ട ആവശ്യമില്ല. എന്നിരുന്നാലും ഭാവി നോക്കിയാണ് പഞ്ചാബ് തീരുമാനം മാറ്റിയത്.

ഫ്രാഞ്ചൈസി ഫീ നല്കാത്ത ക്ലബുകള്‍ക്ക് ഐഎസ്എല്ലിന്റെ സെന്‍ട്രല്‍ റവന്യു പൂളില്‍ നിന്നുള്ള വരുമാനത്തിന് അര്‍ഹതയുണ്ടാകില്ല. നിലവില്‍ വര്‍ഷം നല്കുന്ന ഫ്രാഞ്ചൈസി ഫീസിനേക്കാള്‍ കൂടുതലാണ് റവന്യു പൂളില്‍ നിന്നും കിട്ടുന്നത്.

വരുംവര്‍ഷങ്ങളില്‍ ഈ വരുമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇതു മുന്നില്‍ കണ്ടാണ് പഞ്ചാബ് ഫ്രാഞ്ചൈസി ഫീ നല്‍കാമെന്ന് സമ്മതിച്ചത്. 12 കോടി അടച്ചാലും അതിലും കൂടുതല്‍ വരുമാനം കിട്ടാനുള്ള സാധ്യതകളാണ് അവര്‍ തുറന്നിട്ടിരിക്കുന്നത്.

ഐഎസ്എല്‍ കൂടുതല്‍ ജനകീയമാകുന്നതും ഇന്ത്യയില്‍ ഫുട്‌ബോളിന്റെ സ്വാധീനം വര്‍ധിക്കുന്നതും ക്ലബുകളുടെ വരുമാനത്തിലും പ്രതിഫലിക്കും. ഇത്തവണ മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് ടിവി സംപ്രേക്ഷണ അവകാശം മാറ്റിയിട്ടുണ്ട്.

സോണി നെറ്റ്‌വര്‍ക്കോ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്‌സ് 18 ചാനലോ ആകും ഇത്തവണ ടിവി കരാര്‍ നേടുക. ഇതിനായി ഓപ്പണ്‍ ബിഡ് അടുത്തയാഴ്ച്ച നടക്കും. പുതിയ ചാനല്‍ വരുന്നതോടെ ടിവി വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

സമീപകാലത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇത് ക്ലബുകളുടെ വരുമാനത്തില്‍ ഉള്‍പ്പെടെ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. മിക്ക ക്ലബുകള്‍ക്കും മികച്ച സ്‌പോണ്‍സര്‍മാരെ ഇത്തവണ ലഭിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

Related Articles

Back to top button