Football

ജര്‍മനി നൂല്‍പ്പാലത്തില്‍!! രണ്ടിലൊരു യൂറോപ്യന്‍ ടീം ആദ്യ റൗണ്ടില്‍ പുറത്താകും!

ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഷ്യന്‍ ടീമിനോട് ആദ്യ മല്‍സരത്തില്‍ തോറ്റതിന്റെ നാണക്കേടിലാണ് ജര്‍മനി. അതും ഒരു ഗോളിന് മുന്നില്‍ നിന്നശേഷം. ജപ്പാനോട് 2-1ന് തോറ്റതോടെ ഗ്രൂപ്പ് ഇയില്‍ നിന്ന് ഏതെങ്കിലുമൊരു യൂറോപ്യന്‍ ടീം രണ്ടാം റൗണ്ടിലെത്താതെ പുറത്താകുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയും സ്‌പെയ്‌നുമാണ് ജപ്പാനും ജര്‍മനിക്കുമൊപ്പമുള്ളത്. നിലവിലെ പോയിന്റ് പട്ടിക നോക്കുമ്പോള്‍ ജപ്പാന്‍ ഏകദേശം സേഫ് സോണിലെത്തി. ഇനി അത്രയൊന്നും ശക്തരല്ലാത്ത കോസ്റ്റാറിക്കയെ നേരിടാനുള്ളത് അവര്‍ക്ക് പ്രീക്വാര്‍ട്ടറിലേക്ക് വലിയ സാധ്യത തുറന്നിടുന്നു.

ജര്‍മനിക്ക് ഇനി ശക്തരായ സ്‌പെയ്‌നിനും കോസ്റ്റാറിക്കയുമായിട്ടാണ് മല്‍സരങ്ങള്‍ ബാക്കിയുള്ളത്. ഇതില്‍ സ്‌പെയ്‌നെതിരായ മല്‍സരത്തില്‍ എന്തും സംഭവിക്കാം. ആ മല്‍സരത്തില്‍ എന്തു റിസല്‍ട്ട് വന്നാലും അതു രണ്ടു യൂറോപ്യന്‍ ടീമുകളെയും ബാധിക്കും. ജയം തന്നെ അനിവാര്യമാണ് ജര്‍മനിക്ക്. സ്‌പെയ്‌നിന് സമനില പോലും വലിയ പ്രശ്‌നമുണ്ടാക്കില്ല.

പക്ഷേ തോല്‍വി വഴങ്ങേണ്ടി വന്നാല്‍ സ്പാനിഷുകാര്‍ക്ക് പ്രശ്‌നമാകും. മറുവശത്ത് ജര്‍മന്‍ പട തോറ്റമ്പിയാല്‍ അവരുടെ ഖത്തര്‍ ലോകകപ്പ് അവസാനിക്കും. അങ്ങനെ വന്നാല്‍ സ്‌പെയിനിനൊപ്പം ജപ്പാനാകും പ്രീക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്യുക. ജര്‍മനിയെ സംബന്ധിച്ച് ഇനിയുള്ള രണ്ട് ജീവന്മരണ പോരാട്ടങ്ങള്‍ക്കാണ് തയാറെടുക്കേണ്ടത്.

Related Articles

Back to top button