Cricket

പാക് ടീമിനും ബീഫില്ലാത്ത മെനു; ചിക്കനും ബീഫും മുതല്‍ ഹൈദരാബാദി സ്‌പെഷ്യല്‍ വരെ!! ബാബര്‍ സംഘത്തിന്റെ ഭക്ഷണം ഇങ്ങനെ!!

ഏഴുവര്‍ഷങ്ങള്‍ക്കു ശേഷമാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ കാലുകുത്തിയത്. അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ വന്നിട്ടില്ലാത്തതും രാഷ്ട്രീയ പ്രശ്‌നങ്ങളും പാക്കിസ്ഥാന് നല്‍കുന്ന സ്വീകരണത്തില്‍ പ്രതിഫലിക്കുമോയെന്ന ആശങ്ക പാക് ആരാധകര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ പാക് താരങ്ങളെ പോലും ഞെട്ടിച്ച് ഗംഭീര സ്വീകരണമാണ് എയര്‍പോര്‍ട്ടിലും ടീം ഹോട്ടലിലും ബാബര്‍ അസത്തിനും സംഘത്തിനും ലഭിച്ചത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും നിറഞ്ഞ സംതൃപ്തിയോടെ സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കു കിട്ടിയ സ്വീകരണത്തിന് സന്തോഷം പ്രകടിപ്പിച്ച് പോസ്റ്റിട്ടതോടെ ആരാധകരും ഹാപ്പി.

നിരവധി പാക് ആരാധകരാണ് ഇന്ത്യയുടെ ആതിഥേയത്വത്തിന് നന്ദി പറഞ്ഞും സന്തോഷം പങ്കിട്ടും കമന്റുകളിട്ടത്. ബാബര്‍ അസമും ഷാഹീന്‍ഷാ അഫ്രീദിയും അടക്കമുള്ള താരങ്ങളും ഇന്ത്യയുടെ സ്‌നേഹത്തിന് നന്ദി അറിയിച്ചെത്തി.

ഹൈദരാബാദില്‍ ന്യൂസിലന്‍ഡിനെതിരേ ആണ് ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ പാക്കിസ്ഥാന്റെ ആദ്യ മല്‍സരം. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മല്‍സരമെന്നതിനാല്‍ ആരാധകര്‍ക്ക് സ്‌റ്റേഡിയത്തിലെ മല്‍സരം കാണാനാകില്ല. എന്നാല്‍ ടിവി സംപ്രേക്ഷണം ഉണ്ടാകും.

ഇപ്പോഴിതാ ഇന്ത്യയില്‍ പാക് ടീമിന്റെ ഒഫീഷ്യല്‍ മെനു പുറത്തു വന്നിട്ടുണ്ട്. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഒരു ടീമിനും ഫുഡ് മെനുവില്‍ ബീഫ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചിക്കന്‍, മട്ടണ്‍, ഫിഷ് വിഭവങ്ങളാണ് പാക് ടീമിന്റെ മെനുവില്‍ കൂടുതലും.

ഗ്രില്‍ ചെയ്ത മട്ടണ്‍ ലിവര്‍, മട്ടണ്‍ കറി, ഗ്രില്‍ഡ് ഫിഷ് എന്നിവയ്‌ക്കൊപ്പം ഹൈദരാബാദി ചിക്കന്‍ ബിരിയാണിയും പാക് താരങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആവിയില്‍ പുഴുങ്ങിയ ബസ്മതി ചോറ് കൂടുതലായി പാക്കിസ്ഥാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനൊപ്പം ഇന്ത്യയില്‍ ധാരാളമായി കിട്ടുന്ന പഴങ്ങളും പാക്കിസ്ഥാന്‍ താരങ്ങള്‍ക്കായി ലഭിക്കും. ഹൈദരാബാദിലെ പ്രത്യേക രുചിവിഭവങ്ങളും പാക്കിസ്ഥാന്‍ താരങ്ങള്‍ക്കായി ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

മിക്ക പാക് താരങ്ങളുടെയും ആദ്യത്തെ ഇന്ത്യ സന്ദര്‍ശനമാണിത്. ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടുന്ന പാക് ടീം ആദ്യത്തെ രണ്ടാഴ്ച്ച താമസിക്കുന്നത് ഹൈദരാബാദിലാണ്. വെള്ളി, ചൊവ്വ ദിവസങ്ങളില്‍ ന്യസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേയാണ് പാക് ടീമിന്റെ സന്നാഹ മല്‍സരം.

ഇന്ത്യയിലെത്തി ഒരു രാത്രി മാത്രം വിശ്രമിച്ച് വ്യാഴാഴ്ച്ച രാവിലെ തന്നെ പാക് ടീം സ്‌റ്റേഡിയത്തിലെത്തി പരിശീലനം നടത്തി. അടുത്ത ദിവസം മുതല്‍ കൂടുതലായി രാത്രി പരിശീലനത്തിനാണ് ടീം മാനേജ്‌മെന്റ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ലോകകപ്പില്‍ പാക് ടീമിന്റെ അടക്കം ഒട്ടുമിക്ക മല്‍സരങ്ങളുടെയും ടിക്കറ്റ് വില്പന അവസാന ഘട്ടത്തിലാണ്. ഇന്ത്യയുടെ മല്‍സരങ്ങളുടെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. കരിഞ്ചന്തയില്‍ അടക്കം ടിക്കറ്റിന് വലിയ വിലയാണ് ഈടാക്കുന്നത്.

Related Articles

Back to top button