Cricket

എല്ലാവരെയും ഞെട്ടിച്ച് തായ്‌ലന്‍ഡ് ക്രിക്കറ്റ്!! വന്‍നേട്ടം!!

ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി തായ്‌ലന്‍ഡ് വനിതാ ടീം. നിലവിലെ ഏഷ്യാകപ്പ് ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ മറികടന്ന് തായ്‌ലന്‍ഡ് സെമിയില്‍ കടന്നു. ബംഗ്ലാദേശുമായുള്ള യുഎഇയുടെ അവസാന മല്‍സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് തായ് ടീമിന്റെ സെമി പ്രവേശനത്തിന് വഴിയൊരുക്കിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച തായ്‌ലന്‍ഡ് അടുത്തിടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് സെമിയിലെത്തിയ മറ്റുള്ളവര്‍. സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ തായ്‌ലന്‍ഡാകും.

ആറു കളികളില്‍ നിന്ന് മൂന്ന് ജയവും മൂന്ന് തോല്‍വിയും അടക്കം ആറു പോയിന്റുമായാണ് തായ്‌ലന്‍ഡിന്റെ മുന്നേറ്റം. ഇതാദ്യമല്ല തായ് പെണ്‍കുട്ടികള്‍ ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. അടുത്തകാലത്ത് ഏറ്റവുമധികം നേട്ടങ്ങള്‍ സ്വന്തമാക്കിയ ടീമുകളിലൊന്നാണ് തായ്‌ലന്‍ഡ്. അവരുടെ പ്രധാന താരങ്ങളെല്ലാം ലോകത്തെ വിവിധ ലീഗുകളില്‍ കളിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യയോട് 37 റണ്‍സിന് അവര്‍ ഓള്‍ഔട്ടായിരുന്നു. അതോടെ സെമി പ്രവേശനം അവസാനിച്ച അവസ്ഥയിലായിരുന്നു തായ് ടീം. എന്നാല്‍ ശ്രീലങ്ക ബംഗ്ലാദേശിനെ വീഴ്ത്തിയതും ബംഗ്ലാദേശ്-യുഎഇ മല്‍സരം മഴമൂലം ഉപേക്ഷിച്ചതും തായ്‌ലന്‍ഡിന് ഭാഗ്യം കൊണ്ടുവന്നു.

Related Articles

Back to top button