FootballISL

ജെംഷഡ്പൂരിന് ലൂണ സ്‌ക്വാഡിന്റെ ‘ടാറ്റാ ബൈ ബൈ !! മഞ്ഞമഴവില്ലില്‍ ബ്ലാസ്റ്റേഴ്‌സ്!!

പൊരുതി കളിച്ച ജെംഷഡ്പൂര്‍ എഫ്‌സിയുടെ നിറുകയില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയിലൂടെ വലിയൊരടി കൊടുത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടു ദിവസമായി തകര്‍ത്തു പെയ്ത മഴയെയും അവഗണിച്ചെത്തിയ പതിനായിരക്കണക്കിന് ആരാധകര്‍ക്ക് കാഴ്ച്ചയുടെ വിരുന്നായി മാറി ഈ ജയം.

തുടക്കത്തില്‍ ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വരുത്തിയ മാറ്റങ്ങളാണ് കളിയില്‍ വഴിത്തിരിവായത്. ഒറ്റയ്ക്ക് പലപ്പോഴും കളിച്ച പെപ്‌റയെ മാറ്റി ദിമിയെ സീസണില്‍ ആദ്യമായി കളത്തിലിറക്കിയതോടെ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് ചൂടായി.

ദിമിയും ലൂണയും സകായും ചേര്‍ന്നുള്ള കൂട്ടുകെട്ട് താളത്തില്‍ കളംപിടിച്ചതോടെയാണ് അതുവരെ നിറഞ്ഞു കളിച്ച ജെംഷഡ്പൂരിന് അടിതെറ്റിയത്. ഒരു ഗോള്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്താനും ബ്ലാസ്റ്റേഴ്‌സിനായി.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ജെംഷഡ്പൂരിന്റെ ചില അപകടകരമായ നീക്കങ്ങള്‍ ആരാധകരില്‍ ഞെട്ടലുളവാക്കി. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ കളിച്ച് പരിചയമുള്ള ഡാനിയേല്‍ ചീമ ചുക്‌വു ആണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പലകുറി വെല്ലുവിളിയായത്.

52 മത്തെ മിനിറ്റില്‍ ചീമയുടെ വെടിയുണ്ട ഷോട്ട് നേരിയ വ്യത്യാസത്തിലാണ് സച്ചിന്‍ സുരേഷിന്റെ നേര്‍ക്ക് വരാതെ വഴിമാറി പോയത്. ഗ്യാലറിയിലെ ആരാധകര്‍ നിശ്വാസം പൊഴിച്ച നിമിഷം കൂടിയായിരുന്നു അത്.

മലയാളി താരം എമില്‍ ബെന്നി വന്നതോടെ ചില മിന്നല്‍ മുന്നേറ്റങ്ങള്‍ നടത്തി ഗ്യാലറിയില്‍ കളി കാണാനെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആവേശം കൊള്ളിച്ചു. നോര്‍ത്തീസ്റ്റ് യുണൈറ്റഡില്‍ നിന്നാണ് എമില്‍ ജെംഷഡ്പൂരിലേക്ക് ഈ സീസണിലെത്തിയത്.

ആറുപതാം മിനിറ്റില്‍ ജെംഷഡ്പൂര്‍ താരത്തെ ജീക്‌സണ്‍ സിംഗ് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഭാഗ്യം കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റില്‍ കയറാതെ പോയത്. ചീമ ഓടിയെത്തിയെങ്കിലും സച്ചിന്‍ സുരേഷ് വിദഗ്ധമായി പന്ത് കൈപ്പിടിയിലൊതുക്കി.

അറുപത്തിരണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഡബിള്‍ സബ്സ്റ്റിറ്റിയൂഷന്‍ നടത്തി. ദിമിയും വിബിന്‍ മോഹനും പെപ്‌റയ്ക്കും ഡാനിഷിനും പകരം കളത്തിലെത്തി. കളിയിലുടനീളം സ്വാര്‍ത്ഥ താല്പര്യത്തോടെയെന്ന പോലെയായിരുന്നു പെപ്‌റ കളിച്ചത്.

എഴുപതാം മിനിറ്റില്‍ ഐമനിലൂടെ ബ്ലാസ്റ്റേഴ്‌സിന് തുറന്ന അവസരം കിട്ടിയതാണ്. ജീക്‌സണ്‍ സിംഗ് നല്‍കിയ അലുവാ കക്ഷണം പോലുള്ള പാസില്‍ പക്ഷേ ഐമാന് ലക്ഷ്യത്തിലേക്ക് പന്ത് വഴിതിരിച്ചു വിടാന്‍ സാധിച്ചില്ല.

ഏഴുപത്തിനാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തി. വിദേശ ത്രയത്തിന്റെ പരസ്പരണ ധാരണയില്‍ പകര്‍ന്നാടിയ ഗോളെന്ന് ഇതിനെ വിശേഷിപ്പിക്കാം. ബോക്‌സിന് വെളിയില്‍ നിന്ന് സകായ് നല്‍കിയ പാസ് മനോഹരമായി ലൂണ ദിമിക്ക് മറിച്ചു നല്‍കുന്നു.

ദിമി ഈ പാസ് തളികയിലെന്ന പോലെ ലൂണയ്ക്കായി വച്ചുകൊടുക്കുന്നു. ഒരുനിമിഷം പോലും കളയാതെ ലൂണ ജെംഷഡ്പൂര്‍ ഗോളി രഹ്നേഷിനെ കബളിപ്പിച്ച് വലയിലേക്ക് തട്ടി ഇടുന്നു. ഗ്യാലറികള്‍ പൊട്ടിത്തെറിച്ച നിമിഷം. ലൂണയ്ക്ക് ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാംഗോള്‍.

ബെംഗളൂരിനെ തോല്‍പ്പിച്ച ടീമില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പരിക്ക് മാറി തിരികെയെത്തിയ സ്ട്രൈക്കര്‍ ദിമിത്രിയോസ് പകരക്കാരനായി ഇടംപിടിച്ചു. ലൂണയും പെപ്രയും മുന്നേറ്റ നിരയെ നയിച്ചപ്പോള്‍ ഡയസൂക് സക്കായിയും ജീക്സണും ഡാനിഷും മുഹമ്മദ്ദ് എയ്മാനും മധ്യനിരയില്‍ അണിനിരന്നു.

പ്രതിരോധത്തില്‍ ഡ്രിന്‍സിച്ചിനൊപ്പം പ്രതീബും പ്രീതവും ഐബാന്‍ ഡോലിങ്ങും ഇറങ്ങി. കഴിഞ്ഞ കളിയില്‍ മികവ് പുലര്‍ത്തിയ സച്ചിന്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഗോവല കാത്തു. മറുവശത്ത് ഡാനിയല്‍ ചീമയെ ഏക സ്ട്രൈക്കറായി നിലനിര്‍ത്തി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയാണ് ജംഷഡ്പൂര്‍ ഇറങ്ങിയത്.

ഗോള്‍കീപ്പറായി പരിചയസമ്പന്നനായ മലയാളിതാരം ടി പി രഹ്നേഷും ആദ്യഇലവില്‍ ഇടംപിടിച്ചു. ബ്ലാസ്റ്റേഴ്സ് അക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യമിനിട്ടില്‍ തന്നെ രണ്ട് തവണ പന്തുമായി ജംഷഡ്പൂര്‍ ബോക്സിലേയ്ക്ക് ബ്ലാസ്റ്റേഴ്സ് കടന്നുകയറി.

തൊട്ടുപിന്നാലെ കോര്‍ണര്‍ സ്വന്തമാക്കി ജംഷഡ്പൂരും ആക്രമണമാണ് ലക്ഷ്യമെന്ന് മുന്നറിയിപ്പ് നല്‍കി. ബോക്സു ടു ബോക്സ് ശൈലിയിലാണ് കളി പുരോഗമിച്ചത്. ഒമ്പതാംമിനിട്ടില്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി ജംഷഡ്പൂര്‍ ബോക്സിലേയ്ക്ക് ഉന്നംവച്ചത്.

നേരിയമാര്‍ജിനില്‍ ബോള്‍ വലയിലുരുമി പുറത്തേയ്ക്ക്. ഇതിനിടയില്‍ ജംഷഡ്പൂരിന് തിരിച്ചടിയായി മധ്യനിരതാരം ഇമ്രാന്‍ ഖാന് പരിക്കേറ്റ് പുറത്ത് പോകേണ്ടിയും വന്നു. അവസരം കിട്ടുമ്പോള്‍ ബ്ലാസ്റ്റേഴസ് ഗോള്‍ മുഖത്തേയ്ക്ക് കടന്നുള്ള നീക്കങ്ങള്‍ക്ക് ജംഷഡ്പൂരും മടിച്ചില്ല.

പ്രതിരോധനിരയില്‍ മതില്‍പോലെ നിലയുറപ്പിച്ച ഡ്രിന്‍സിച്ചാണ് സന്ദര്‍ശകരുടെ നീക്കങ്ങള്‍ക്ക് തടയിട്ട് നിന്നത്. ജംഷഡ്പൂരും പ്രതിരോധത്തില്‍ മികച്ച് നിന്നതോടെ ആദ്യപകുതിയില്‍ എടുത്ത് പറയത്തക്ക നീക്കങ്ങള്‍ ഇരുടീമില്‍ നിന്നുമുണ്ടായില്ല.

Related Articles

Back to top button