FootballISL

സൂപ്പര്‍ കപ്പ് നടത്തിപ്പ് ഗംഭീരമാക്കാന്‍ ‘ന്യൂജന്‍’ ഐഡിയ വിശദീകരിച്ച് വുക്കുമനോവിച്ച് !!

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഹീറോ സൂപ്പര്‍ കപ്പ് ഇത്തവണ തിരികെയെത്തുന്നത്. കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പര്‍ കപ്പ് കൊച്ചിയിലും കോഴിക്കോട്ടും ആയിട്ടാകും നടക്കുക. ഐഎസ്എല്‍, ഐലീഗ് ക്ലബുകള്‍ പങ്കെടുക്കുന്ന ലീഗ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കേരളം.

ഐഎസ്എല്‍, ഐലീഗ് സീസണുകള്‍ അവസാനിച്ച ശേഷം നടക്കുന്നത് കൊണ്ട് ടീമുകള്‍ സൂപ്പര്‍ കപ്പിന് വേണ്ടത്ര പരിഗണന നല്‍കിയേക്കില്ലെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മുമ്പ് നടത്തിയപ്പോള്‍ പാളിപ്പോകാന്‍ കാരണവും ഇതു തന്നെയായിരുന്നു. ഇത്തവണയും ആ സ്ഥിതി വരുമെന്ന ഭീതി ആരാധകര്‍ക്കുണ്ട്.

ഇപ്പോഴിതാ സൂപ്പര്‍കപ്പ് നടത്തിപ്പ് എങ്ങനെ വേണമെന്ന ഉപദേശവുമായി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് രംഗത്തു വന്നിരിക്കുകയാണ്. സൂപ്പര്‍ കപ്പ് ഐഎസ്എല്‍, ഐലീഗ് സീസണിന് ഇടയ്ക്കു തന്നെ നടത്തണമായിരുന്നു എന്നാണ് വുക്കുമനോവിച്ചിന്റെ ഉപദേശം.

ലോകത്ത് എല്ലാവിടെയും നടക്കുന്നത് പോലെ സീസണ് ഇടയില്‍ ആണ് കപ്പ് ടൂര്‍ണമെന്റുകള്‍ നടക്കേണ്ടത്. അതാണ് ടീമുകള്‍ക്കും താരങ്ങള്‍ക്കും ഗുണം ചെയ്യുക. എഫ്‌സി ഗോവയ്‌ക്കെതിരേ ഞായറാഴ്ച്ച നടക്കുന്ന നിര്‍ണായക മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദേഹം.

മൂന്ന് ഐഎസ്എല്‍, ഐലീഗ് മല്‍സരങ്ങള്‍ക്ക് ഇടയില്‍ ഒരു സൂപ്പര്‍ കപ്പ് മല്‍സരം എന്ന രീതിയില്‍ നടത്തണം. അപ്പോള്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കും അതു ഗുണം ചെയ്യും. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും അവരെ മെച്ചപ്പെടുത്താനും ആകും. ടീമുകള്‍ക്കും കളിക്കാന്‍ കൂടുതല്‍ താല്‍പര്യം വന്നേനെയെന്നും കോച്ച് പറയുന്നു.

സീസണ്‍ കഴിഞ്ഞ് ഒരു കപ്പ് ടൂര്‍ണമെന്റ് നടക്കുമ്പോള്‍ പല ടീമുകള്‍ക്കും അതില്‍ യാതൊരു താല്പര്യവും കാണില്ല. പല ടീമുകളും അവരുടെ രണ്ടാം ടീമിനെയും യുവതാരങ്ങളെയും ആകും അയയ്ക്കുകയെന്നും വുക്കുമനോവിച്ച് പറഞ്ഞു.

അടുത്ത സീസണ്‍ മുതല്‍ സൂപ്പര്‍ കപ്പിന്റെ ഘടനയും രീതിയും മാറുമെന്ന സൂചനയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കുന്നത്. അങ്ങനെ വന്നാല്‍ കൂടുതല്‍ വലിയ സീസണാകും അടുത്ത വര്‍ഷം മുതല്‍ നടക്കുക.

Related Articles

Back to top button