Football

തിരക്കില്‍ നിന്ന് പരിക്കിലേക്ക്; ഖത്തറില്‍ ടീമുകള്‍ക്ക് വെല്ലുവിളിയാകുക കാലാവസ്ഥയാകില്ല!

ഫിഫ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പരിക്കില്‍ വലയുകയാണ് താരങ്ങളും ടീമുകളും. പതിവിന് വിപരീതമായി ഇത് ആദ്യമായിട്ടാണ് ലോകകപ്പ് ക്ലബ് ഫുട്‌ബോള്‍ സീസണിന്റെ മധ്യത്തില്‍ ആരംഭിക്കുന്നത്. സീസണിന്റെ അവസാനം മാത്രം നടന്നുകൊണ്ടിരുന്ന ലോകകപ്പ് ഇക്കുറി നവംബറിലേക്ക് എത്തിയിരിക്കുന്നു.

തിരക്ക് പിടിച്ച സീസണിന് മധ്യത്തിലാണ് ഒട്ടു മിക്ക താരങ്ങളും. ആവശ്യമായ വിശ്രമമോ, കൃത്യമായ ഇടവേളകളോ ഇല്ലാതെ വലിയ മത്സരങ്ങള്‍ ലോകകപ്പിന് ഒരാഴ്ച മുന്നേ വരെ നടത്തപെടുന്നു. ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ പല താരങ്ങളും പരുക്കിന്റെ പിടിയിലാണ്. ഫ്രാന്‍സിന്റെ സൂപ്പര്‍ താരങ്ങളായ കാന്റെയും, പോഗ്ബയും ഇല്ലാത്തത് അവരുടെ മധ്യ നിരയെ കാര്യമായി ബാധിക്കും എന്നത് തീര്‍ച്ച.

ബ്രസീലിന്റെ നഷ്ടങ്ങളില്‍ പ്രധാനം ലിറ്റില്‍ മജിഷ്യന്‍ കൂട്ടിന്യോ തന്നെ. ഇംഗ്ലണ്ട് നിരയിലാവട്ടെ ലോകത്തെ ഏറ്റവും മികച്ച വിംഗ് ബാക്കുമാരില്‍ ഒരാളായ റീസ് ജെയിംസും പരിക്കിന്റെ പിടിയില്‍. പറങ്കി പടയുടെ അറ്റാക്കിങ് നിരയിലെ പ്രധാനികളായിട്ടുള്ള ജോട്ടയും പേഡ്രോ നേട്ടോയും നേരത്തെ തന്നെ പരിക്കില്‍ വലഞ്ഞ് പുറത്തായിരുന്നു.

ഇപ്പോള്‍ ഏറ്റവും പുതിയതായി കിട്ടുന്ന വാര്‍ത്തകള്‍ അനുസരിച്ച് അര്‍ജന്റീനയുടെ മധ്യനിരയിലെ കരുത്തന്‍ ലോ സെല്‍സോയും, ഖത്തറിലേക്ക് ഉണ്ടാവില്ലെന്ന് തന്നെയാണ്. സെനഗലിന്റെ സൂപ്പര്‍ താരം സാഡിയോ മാനേ പരിക്കില്‍ വലയുകയാണെങ്കിലും അദ്ദേഹത്തെ സ്‌ക്വാഡിലേക്ക് ഉള്‍പെടുത്തിയത് ആശ്വാസം പകരുന്നതാണ്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിഡത്തോളം നിരാശയുണ്ടാക്കുന്ന കാര്യങ്ങള്‍ തന്നെയാണ് അവരുടെ പ്രിയ താരങ്ങളുടെ പരിക്ക്.

Related Articles

Back to top button