Football

ഇന്ത്യന്‍ ഫുട്‌ബോളിന് വമ്പന്‍ വാര്‍ത്ത; ഐഎസ്എല്‍ ക്ലബുകള്‍ക്ക് വിദേശ ക്ഷണം കിട്ടിയേക്കും!!

ഇന്ത്യന്‍ ഫുട്‌ബോള്‍ ദിനംപ്രതി വളരുകയാണ്. സാഫ് കപ്പും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും ജയിച്ചതോടെ ഇന്ത്യന്‍ ആരാധകരും ഫുട്‌ബോളിനെ കൂടുതല്‍ സീരിയസായി സമീപിച്ച് തുടങ്ങിയിരിക്കുകയാണ്.

2026 ലോകകപ്പിനുള്ള യോഗ്യതറൗണ്ട് തുടങ്ങാനിരിക്കെ ഇന്ത്യയുടെ സ്ഥാനം പോട്ട് രണ്ടില്‍ എത്തിയതും പോസിറ്റീവ് ആയിട്ടാണ് പലരും കാണുന്നത്. ഇപ്പോഴിതാ എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ ഒരു സന്തോഷവാര്‍ത്തയുടെ സൂചനകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

അടുത്തു തന്നെ ഇന്ത്യയില്‍ നിന്നുള്ള ക്ലബുകള്‍ക്ക് വിദേശ ക്ലബുകളില്‍ നിന്നും ടൂര്‍ണമെന്റ് കളിക്കാനുള്ള ക്ഷണം ഉണ്ടാകുമെന്നാണ് അദേഹം പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ മൂന്നോ നാലോ ക്ലബുകള്‍ക്ക് ഇത്തരത്തില്‍ വിദേശത്തു പോയി 8-9 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റുകള്‍ കളിക്കാനുള്ള അവസരം വന്നുചേരും.

ലണ്ടന്‍, ദക്ഷിണാഫ്രിക്ക, ചിലപ്പോള്‍ അബുദാബിയോ ദുബായിയോ ഒക്കെയാകാം ഈ സ്ഥലങ്ങളെന്നും ചൗബെ പറയുന്നു. ഇന്ത്യന്‍ പൗരന്മാര്‍ കൂടുതലായി താമസിക്കുന്ന നഗരങ്ങളിലെ ക്ലബുകളില്‍ നിന്ന് ഇത്തരത്തില്‍ ക്ഷണം വന്നിട്ടുണ്ടെന്ന സൂചനകളാണ് പ്രസിഡന്റിന്റെ വാക്കുകളിലുള്ളത്.

കൂടുതലായി ഇന്ത്യന്‍ ആരാധകരെ തങ്ങളുടെ ക്ലബിന്റെ ഫാന്‍സാക്കി മാറ്റാന്‍ ഇതുവഴി സാധിക്കുമെന്ന കണക്കുകൂട്ടല്‍ തന്നെയാകും വിദേശ ക്ലബുകളെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്.

ഉദാഹരണത്തിന് സുനില്‍ ഛേത്രിയോ സഹല്‍ അബ്ദുല്‍ സമദോ ഒക്കെ ഗള്‍ഫിലോ ലണ്ടനിലോ ഒക്കെ കളിക്കാന്‍ ചെന്നാല്‍ സ്വഭാവികമായും ഇന്ത്യക്കാര്‍ ഈ കളികള്‍ കാണാനെത്തും. പിന്നീട് ഈ ആരാധകരെ തങ്ങളുടെ ക്ലബിന്റെ ആരാധകരാക്കി മാറ്റാമെന്നും ക്ലബുകള്‍ കരുതുന്നു.

സൗദി പ്രോ ലീഗില്‍ സമീപഭാവിയില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. സഹലോ ഛേത്രിയോ ഒക്കെ സൗദി ലീഗില്‍ കളിക്കാന്‍ എത്തിയാല്‍ അവിടെയുള്ള ഫുട്‌ബോള്‍ ആരാധകരായ ഇന്ത്യന്‍ സമൂഹത്തെ സ്‌റ്റേഡിയത്തിലെത്തിക്കാന്‍ ക്ലബുകള്‍ക്ക് കഴിയും.

ഇത്തരത്തില്‍ ക്രൗഡ് പുള്ളര്‍ ആയിട്ടുള്ള താരങ്ങളെ രണ്ടാംഘട്ടത്തില്‍ സൗദി ലീഗിലേക്ക് ക്ലബുകള്‍ എത്തിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സൗദി ലീഗിനും ഇന്ത്യന്‍ ഫുട്‌ബോളിനും ഈ നീക്കം ഗുണം ചെയ്യുമെന്നുറപ്പാണ്.

ഇൗ വര്‍ഷം നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളാണ് ഇന്ത്യ കളിച്ചത്. വരും മാസങ്ങളിലും ഇന്ത്യയ്ക്ക് കൂടുതല്‍ മല്‍സരങ്ങള്‍ വരുന്നുണ്ട്. കിംഗ്‌സ് കപ്പിലും പിന്നീട് മൊര്‍ദേക്കോ കപ്പിലും ഛേത്രിയും സംഘവും കളിക്കും.

സെപ്റ്റംബര്‍ അവസാനത്തോടെ ഐഎസ്എല്‍ സീസണിനു തുടക്കമാകുമെന്നാണ് വിവരം. ഇത്തവണ ഡിസംബറില്‍ ഒരു മാസത്തോളം ലീഗിന് അവധിയുണ്ടാകും. ഏഷ്യാകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് വേണ്ടിയാണ് ഈ ഇടവേള.

Related Articles

Back to top button