FootballISL

പരിക്കിന്റെ പിടിയിലുള്ള അവസാന താരവും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു!!

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൈത്രയാത്ര ഇടമുറിയാതെ മുന്നോട്ടു പോകുന്നതില്‍ സന്തോഷവാനാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ചും ആരാധകരും. സ്വന്തം തട്ടകത്തില്‍ ജെംഷഡ്പൂര്‍ എഫ്‌സിയെ 3-1ന് തോല്‍പ്പിച്ചതിലേറെ ഏവരെയും സന്തോഷിപ്പിക്കുന്നത് ടീമിന്റെ ഒത്തിണക്കമാണ്.

അഡ്രിയാന്‍ ലൂണ നേടിയ മൂന്നാം ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് കളിക്കാര്‍ തമ്മിലുള്ള ഇഴയടുപ്പം എത്രമാത്രം ഉയര്‍ന്ന തലത്തിലാണെന്ന് പറയാതെ പറയുന്നു. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ മഞ്ഞപ്പട. ജനുവരി എട്ടിന് മുംബൈയുടെ തട്ടകത്തില്‍ അവരെ നേരിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലോളം പോന്ന മല്‍സരമാകും അത്.

മുംബൈ സിറ്റിയെ തോല്‍പ്പിച്ചാല്‍ മാത്രമേ ഷീല്‍ഡ് നേടാനുള്ള സാധ്യത ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ തുറക്കുകയുള്ളൂ. ഈ മല്‍സരത്തില്‍ സമനില പോലും കേരളത്തിന്റെ ഷീല്‍ഡ് മോഹത്തെ ബാധിക്കും.

നിര്‍ണായക മല്‍സരത്തിനു മുമ്പ് കേരളത്തിന് സന്തോഷം പകരുന്ന വാര്‍ത്തയും വരുന്നുണ്ട്. പരിക്കുമൂലം വിശ്രമത്തിലായിരുന്ന ബിജോയ് വര്‍ഗീസ് തിരിച്ചെത്തുന്നു എന്നതാണ് ആ വാര്‍ത്ത. സീസണില്‍ ഭൂരിഭാഗവും വിശ്രമത്തിലായിരുന്നു ബിജോയ് ഉടന്‍ തന്നെ ടീമിനൊപ്പം സജീവ പരിശീലനം തുടങ്ങും. എങ്കിലും പകരക്കാരുടെ പട്ടികയില്‍ പോലും തല്‍ക്കാലം ഉള്‍പ്പെടുത്തിയേക്കില്ല.

വേണ്ടത്ര പരിശീലനം ലഭിച്ച ശേഷം താരത്തെ തിരിച്ചെത്തിക്കാനാണ് പദ്ധതി. നിലവില്‍ അടുത്ത മല്‍സരത്തില്‍ ലഭ്യമല്ലാത്ത താരം സന്ദീപ് സിംഗ് മാത്രം. നാലാം മഞ്ഞക്കാര്‍ഡും കിട്ടിയതോടെയാണ് സന്ദീപിന് അടുത്ത മല്‍സരം നഷ്ടമാകുക. മികച്ച ഫോമിലുള്ള സന്ദീപിന്റെ അഭാവത്തില്‍ നിഷുകുമാറോ ഖബ്രയോ ടീമിലെത്തും.

അതേസമയം, ഒരു മല്‍സരത്തിലെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഇവാന്‍ കല്‍യൂഷ്‌നി അടുത്ത മല്‍സരത്തില്‍ ടീമിലെത്തും. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ സന്തോഷകരമായ കാര്യം തന്നെയാണ് കല്‍യൂഷ്‌നിയുടെ വരവ്. എട്ടിന് മുംബൈയിലാണ് മല്‍സരം.

Related Articles

Back to top button