ISLTop Stories

തന്ത്രപൂര്‍വ നീക്കവുമായി മുംബൈ സിറ്റി! യുവതാരത്തിന് പ്രത്യേക പരിഗണന

സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം മുംബൈ സിറ്റി എല്ലാ കാര്യത്തിലും തീര്‍ത്തും പ്രെഫഷണല്‍ ആയി മാറിയിട്ടുണ്ട്. അവരുടെ ഓരോ നീക്കത്തിലും ഈ പ്രെഫഷണലിസം കാണാനാകും. ഇപ്പോഴിതാ ടീം മറ്റൊരു ബുദ്ധിപൂര്‍വ നീക്കം നടത്തിയിരിക്കുകയാണ്. യുവതാരങ്ങളില്‍ പ്രമുഖനായ ലാലെങ്മാവിയ അപുയയെ ബെല്‍ജിയത്തില്‍ രണ്ടാഴ്ച്ചത്തേക്ക് അയച്ചിരിക്കുകയാണ് ക്ലബ്.

സിറ്റി ഗ്രൂപ്പിന്റെ സഹോദര ക്ലബായ ലോമ്മല്‍ എസ്‌കെയ്‌ക്കൊപ്പമാകും അപുയ ബെല്‍ജിയത്തില്‍ പരിശീലനം നടത്തുക. ഐഎസ്എല്ലിന് മുമ്പ് താരത്തിന് ആവശ്യമായ കൂടുതല്‍ വിദഗ്ധ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. വേറെയും യുവതാരങ്ങളുണ്ടെങ്കിലും അപുയയെ മാത്രമാണ് ക്ലബ് വിദേശത്തേക്ക് അയയ്ക്കുന്നത്.

ഓഫ് സീസണില്‍ മറ്റു ചില യുവതാരങ്ങള്‍ക്ക് നേരത്തെ വിദേശത്ത് പരിശീലനം ക്ലബ് നല്‍കിയിരുന്നു. മുന്‍ സീസണുകളില്‍ ഐഎസ്എല്ലില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട താരമാണ് ലാലെങ്മാവിയ. പന്ത് കൈവശം വെച്ച് കളിക്കാനിഷ്ടപ്പെടുന്ന താരമാണ് അപുയ.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ ആയിരുന്നപ്പോള്‍ അവരെ ആദ്യ നാല് സ്ഥാനങ്ങളിലെത്താന്‍ സഹായിച്ചതില്‍ താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ആ സീസണിലെ എമേര്‍ജിങ് പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലാലെങ്മാവിയ സ്വന്തമാക്കിയിരുന്നു. ഇത്തവണ ഒരുപിടി ഗംഭീര താരങ്ങളെ സ്വന്തമാക്കിയ മുംബൈ ദുബായിലടക്കം പരിശീലനം നടത്തിയാണ് ഐഎസ്എല്ലിന് തയാറെടുക്കുന്നത്.

Related Articles

Back to top button