Football

‘വാര്‍’ വീണ്ടും ചതിച്ചു; റഫറിമാര്‍ അലസരാകുന്നു, പഴികേട്ട് ഫിഫ!!

സ്‌പെയ്‌നിനെതിരായ ജപ്പാന്റെ രണ്ടാം ഗോള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ജര്‍മനിയെ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ നിന്ന് നേരെ വീട്ടിലേക്ക് തിരിച്ചയച്ചത് ഈ ഗോളായിരുന്നു. സൈഡ് ലൈന്‍ കടന്നുവെന്ന് വ്യക്തമായിട്ടും വാറില്‍ വലിയ സമയമെടുത്തിട്ടും ഗോള്‍ അനുവദിച്ചത് വലിയ തോതില്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ജര്‍മനി പുറത്തായതിനാല്‍ വിവാദത്തിന്റെ രീതി പോലും മാറി.

എന്നാല്‍ ഏരിയല്‍ വ്യൂവാണ് വാറിനായി പരിഗണിക്കുകയെന്നും അതിനാല്‍ തന്നെ ആ പന്ത് സൈഡ് ലൈന്‍ കടന്നിട്ടില്ലെന്ന വാദവും ഉയരുന്നുണ്ട്. ഫിഫയുമായി ബന്ധപ്പെട്ട വിദഗ്ധരും അതു ഗോള്‍ തന്നെയാണെന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. വസ്തുത അതായിരിക്കാമെങ്കിലും ടെക്‌നോളജി ഇത്രമാത്രം ഉപയോഗിച്ചിട്ടും വിവാദം ഒഴിവാക്കാനാകുന്നില്ലെന്നതാണ് ഫിഫയ്ക്ക് തലവേദന ആകുന്നത്.

വാര്‍ സംവിധാനത്തിനെതിരേ വലിയ വിമര്‍ശനം ടൂര്‍ണമെന്റ് തുടങ്ങിയതു മുതല്‍ ഒപ്പമുണ്ട്. ടെക്‌നോളജിയെ കൂടെ കൂട്ടിയിട്ടും പിഴവുകള്‍ കൂടുകയും കളിയുടെ രസച്ചരട് പൊട്ടുകയും ചെയ്തുവെന്നത് വലിയ പോരായ്മയാണ്. കഴിഞ്ഞ ദിവസം പോളണ്ടിനെതിരേ മെസിയെ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി നല്‍കിയതും വാറിലൂടെ ആയിരുന്നു. അത് പെനാല്‍റ്റിയല്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ വാര്‍ ചിന്തിച്ചത് മറിച്ചാണ്.

ടെക്‌നോളജിയെ കൂട്ടുപിടിക്കുന്നത് നല്ലതാണെങ്കിലും കളിയുടെ സ്വഭാവികമായ ഒഴുക്കിന് തടസം വരുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഇപ്പോഴിതാ ടെക്‌നോളജി ഉള്‍പ്പെടുത്തിയിട്ടും പിഴവുകള്‍ തുടര്‍ക്കഥയാകുന്നുവെന്ന പരാതിക്കും ആക്കംകൂടും. ഇത്തരത്തില്‍ വന്‍തോതില്‍ പണംമുടക്കി ടെക്‌നോളജി ഉപയോഗിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

വാര്‍ വരുന്നതോടെ റഫറിമാര്‍ കൂടുതല്‍ അലസരായെന്ന പൊതു വിലയിരുത്തലും ഉയര്‍ന്നിട്ടുണ്ട്. പരിശീലകര്‍ തന്നെ ഇക്കാര്യം പലപ്പോഴായി ചൂണ്ടിക്കാട്ടുന്നു. തിരുത്താന്‍ ടെക്‌നോളജി ഉണ്ടെന്ന ധൈര്യത്തില്‍ റഫറിമാര്‍ പലരും കൂടുതല്‍ ആലസ്യത്തിലേക്ക് വീഴുന്നുവെന്നാണ് വിമര്‍ശനം. ഇത്തരം വിമര്‍ശനത്തിന് കാര്യമുള്ളതായി കാണാനും സാധിക്കും.

പ്രീക്വാര്‍ട്ടറിലേക്ക് ലോകകപ്പ് കടക്കുമ്പോള്‍ വാര്‍ ഉപയോഗവും ഫിഫയും കൂടുതല്‍ സമ്മര്‍ദത്തില്‍ ആകുമെന്ന് ഉറപ്പാണ്. നോക്കൗട്ട് മല്‍സരങ്ങളായതിനാല്‍ ചെറിയൊരു പിഴവ് പോലും വലിയ വിമര്‍ശനത്തിന് കാരണമാകും. ജപ്പാന്‍-സ്‌പെയിന്‍ മല്‍സരത്തിലെ പോലുള്ള പിഴവുകള്‍ നീതികരിക്കപ്പെടുകയുമില്ല.

Related Articles

Back to top button