Cricket

പന്തിനെ വിലക്കിയത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ സൂപ്പര്‍താരം!! കാരണക്കാരന്‍ സഞ്ജുവെന്ന ഒരു കൂട്ടം ആരാധകര്‍

ഐപിഎല്ലില്‍ ഡല്‍ഹിയുടെ കഴിഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് സസ്‌പെന്‍ഷന്‍ മൂലം കളിച്ചിരുന്നില്ല. ബംഗളൂരുവിനെതിരായ മത്സരത്തില്‍ ഡല്‍ഹി വന്‍തോല്‍വി വഴങ്ങുകയും ചെയ്തു.

ഇതോടെ ഡല്‍ഹിയുടെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലാവുകയും ചെയ്തു. ജയിച്ചിരുന്നെങ്കില്‍ ഇന്ന് ലഖ്‌നൗവുമായി നടക്കുന്ന മത്സരത്തില്‍ വിജയിച്ച് ഡല്‍ഹിയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.

രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന്റെ കുരുക്കില്‍പെട്ടതിനെത്തുടര്‍ന്നാണ് ഡല്‍ഹി ക്യാപ്റ്റന് ബംഗളൂരുവിനെതിരായ മത്സരം നഷ്ടമായത്.

മൂന്ന് തവണ കുറഞ്ഞ ഓവര്‍ റേറ്റ് കെണിയില്‍ വീണതോടെയാണ് നിയമമനുസരിച്ച് പന്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുമായുള്ള മത്സരത്തില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ടി വന്നത്.

എന്നാല്‍ നിര്‍ണായകഘട്ടത്തില്‍ പന്തിനെ പുറത്ത് നിര്‍ത്തിയ മാച്ച് റഫറിയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി.

‘എന്റെ അഭിപ്രായത്തില്‍, ക്യാപ്റ്റനെ സസ്പെന്‍ഡ് ചെയ്തതോടെ ടീമിന് നിര്‍ണായകഘട്ടത്തില്‍ ഗുരുതരമായ തിരിച്ചടി ലഭിച്ചു. അവര്‍ മത്സരത്തില്‍ നിന്ന് പിന്നോട്ട് പോയി, അവരുടെ സ്ലോ ഓവര്‍ റേറ്റിനുള്ള ശിക്ഷ ക്യാപ്റ്റന്റെ ഒരു കളി നഷ്ടപ്പെടുത്തിയത് ഞെട്ടിക്കുന്നതാണ്,’ ഷമി പറഞ്ഞു.

‘ഇത് ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടമായതിനാല്‍, മാച്ച് റഫറി ഡല്‍ഹിക്ക് കടുത്ത ഷോക്ക് നല്‍കി. എന്റെ അഭിപ്രായത്തില്‍, ഇത് അന്യായമായിരുന്നു,’ ഷമി പറയുന്നു.

വിലക്കിനെതിരേ പന്ത് അപ്പീല്‍ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഇതേത്തുടര്‍ന്ന് പന്ത് ഡ്രസിംഗ് റൂമില്‍ വലിയ ദേഷ്യത്തിലായിരുന്നുവെന്ന് ഡല്‍ഹി താരം അക്ഷര്‍ പട്ടേല്‍ വെളിപ്പെടുത്തിയിരുന്നു. പന്തിന്റെ അഭാവത്തില്‍ കഴിഞ്ഞ മത്സരത്തില്‍ ടീമിനെ നയിച്ചത് അക്ഷര്‍ പട്ടേലായിരുന്നു.

എന്നാല്‍ ഒരു വിഭാഗം വിമര്‍ശകര്‍ പറയുന്നത് പന്ത് പുറത്താകാന്‍ കാരണം സഞ്ജുവാണെന്നാണ്. രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ ബൗണ്ടറി ലൈനില്‍നിന്നുള്ള സഞ്ജുവിന്റെ ക്യാച്ചാണ് പന്തിനെ ചതിച്ചത് എന്നാണ് അവരുടെ വാദം.

സഞ്ജു അനാവശ്യമായി അപ്പീല്‍ നല്‍കി സമയം പാഴാക്കിയതാണ് പന്ത് കുറഞ്ഞ ഓവര്‍ റേറ്റിന്റെ കുരുക്കില്‍ അകപ്പെടാന്‍ കാരണമെന്നാണ് സഞ്ജു വിരുദ്ധര്‍ പറയുന്നത്.

Related Articles

Back to top button