FootballISL

നോക്കൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരത്തിന് സസ്‌പെന്‍ഷന്‍!! പണിയായത് ടീം സെലക്ഷന്‍ പാളിച്ച!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നിര്‍ണായക നോക്കൗട്ട് മല്‍സരത്തിനു ഒരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് വന്‍ തിരിച്ചടി. ബെംഗളൂരുവില്‍ നടക്കുന്ന അടുത്ത മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനായി സൂപ്പര്‍താരം ഇവാന്‍ കല്‍യൂഷ്‌നിക്കു കളിക്കാനാകില്ല.

ഹൈദരാബാദിനെതിരേ സ്വന്തം തട്ടകത്തില്‍ നടന്ന അവസാന ലീഗ് മല്‍സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് ഇവാന് നോക്കൗട്ട് നഷ്ടമാകുന്നത്. പ്രാഥമിക ഘട്ടത്തില്‍ ഇവാന്റെ ഏഴാമത്തെ മഞ്ഞക്കാര്‍ഡാണിത്.

ഐഎസ്എല്‍ നിയമം അനുസരിച്ച് 4,7,9 എന്നിങ്ങനെ മഞ്ഞക്കാര്‍ഡുകള്‍ കണ്ടാല്‍ അടുത്ത മല്‍സരത്തില്‍ പുറത്തിരിക്കണം. അതായാത് ആദ്യത്തെ നാല് മഞ്ഞക്കാര്‍ഡിന് ശേഷം ഒരു കളി നഷ്ടമാകും.

മഞ്ഞക്കാര്‍ഡ് ഏഴിലെത്തുമ്പോള്‍ വീണ്ടും കളി നഷ്ടമാകും. മൂന്നാം മഞ്ഞക്കാര്‍ഡ് ഒന്‍പതിലും നഷ്ടമാകും. ഇവാന്‍ ഹൈദരാബാദിനെതിരേ വാങ്ങിച്ചത് ഏഴാമത്തെ മഞ്ഞക്കാര്‍ഡാണ്. പ്ലേഓഫ് തലംതൊട്ട് പ്രാഥമിക റൗണ്ടിലെ കാര്‍ഡുകള്‍ കൗണ്ട് ചെയ്യില്ല.

കഴിഞ്ഞ മല്‍സരത്തില്‍ കെ.പി രാഹുല്‍ അനാവശ്യമായി രണ്ട് മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയത് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിക്ക് വഴിയൊരുക്കിയിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തു. കളിക്കാര്‍ക്ക് കളത്തിലെ അച്ചടക്കത്തിന് ക്ലാസ് എടുക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഹൈദരാബാദിനെതിരേ ഇവാന് കിട്ടിയ കാര്‍ഡില്‍ പക്ഷേ താരത്തെ വിമര്‍ശിക്കേണ്ടതില്ല. കളിയുടെ താളത്തില്‍ സംഭവിച്ചു പോയ കാര്‍ഡ് മാത്രമാണത്. എങ്കിലും നിര്‍ണായകമായ നോക്കൗട്ട് മല്‍സരത്തിന് മുമ്പ് ഡെയ്ഞ്ചര്‍ സോണില്‍ നില്‍ക്കുന്നൊരു താരത്തെ കാര്‍ഡ് വാങ്ങിക്കാന്‍ വിട്ടുകൊടുക്കുന്ന രീതി ഒഴിവാക്കാമായിരുന്നു.

ജയിച്ചാലോ തോറ്റാലോ ആ റിസല്‍ട്ട് കൊണ്ട് ഒരു ഗുണം പോലുമില്ലാത്ത മല്‍സരത്തില്‍ ഏറ്റവും പ്രധാനപ്പെട്ടൊരു താരത്തെ കളിപ്പിച്ചതു വഴി വലിയ റിസ്‌ക്കാണ് ടീം മാനേജ്‌മെന്റ് എടുത്തത്.

ആ റിസ്‌ക്കിനുള്ള വലിയ വില കൊടുക്കേണ്ട അവസ്ഥയില്‍ കാര്യങ്ങളത്തിയതില്‍ ടീം സെലക്ഷനിലെ പാളിച്ചകളാണ് വഴിയൊരുക്കിയത്. മറുവശത്ത് ബെര്‍ത്തലോമിയോ ഒഗ്‌ബെച്ചെയേ പകരക്കാരന്റെ റോളില്‍ പോലും ഉപയോഗിക്കാത്ത ഹൈദരാബാദിന്റെ കരുതലിന് ഒരു കൈയടി കൊടുക്കുകയും ചെയ്യാം.

ഒരു പ്രയോജനവുമില്ലാത്ത മല്‍സരത്തിനായി തങ്ങളുടെ പ്രധാന താരത്തെ പരിക്കിനോ കാര്‍ഡിനോ വിട്ടുകൊടുക്കാതെ അവര്‍ എടുത്തതു പോലൊരു കരുതല്‍ മഞ്ഞപ്പടയും എടുക്കേണ്ടതായിരുന്നു.

ഈ സീസണില്‍ ഇവാന്‍ വുക്കുമനോവിച്ചിന് തലവേദനയാകുന്നത് പരിക്കോ കളിക്കാരുടെ മോശം ഫോമോ അല്ല. മറിച്ച്, കളിക്കാര്‍ കളത്തില്‍ വികാരം നിയന്ത്രിക്കാനാകാതെ കാര്‍ഡുകള്‍ വാങ്ങിക്കൂട്ടുന്നതാണ്. ഇനിയുള്ള മല്‍സരങ്ങളിലെങ്കിലും ശ്രദ്ധിച്ചാല്‍ വലിയ പ്രതിസന്ധികള്‍ ഒഴിവാക്കാം.

Related Articles

Back to top button