FootballISL

കാത്തിരുന്ന 2 സൂപ്പര്‍ വമ്പന്‍ സൈനിംഗ് എത്തുന്നു; ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത് വന്‍നീക്കം!!

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഈ സീസണില്‍ വലിയ നിരാശയിലായിരുന്നു. പ്രധാനപ്പെട്ട പല കളിക്കാരെയും മറ്റ് ക്ലബുകള്‍ക്ക് വന്‍വിലയ്ക്ക് വിറ്റഴിച്ചിട്ടും പുതിയ സൈനിംഗുകള്‍ കാര്യമായി നടത്താതിരുന്നത് ആയിരുന്നു നിരാശയുടെ കാരണം.

വര്‍ഷങ്ങളായി ആരാധകരുടെ ഇഷ്ട താരമായിരുന്ന സഹല്‍ അബ്ദുള്‍ സമദും ഈ സീസണോടെ ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന വാര്‍ത്തകള്‍ ഏകദേശം ഉറപ്പിച്ചതോടെ ആരാധകര്‍ കൂടുതല്‍ രോഷത്തിലായി. ക്ലബ് മാനേജ്‌മെന്റ് ലാഭം മാത്രം നോക്കുന്നുവെന്നായിരുന്നു പരാതി.

ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് കേട്ട പല ഇന്ത്യന്‍ താരങ്ങളും മറ്റ് ടീമുകളുമായി കരാറിലെത്തിയതും ആരാധക നിരാശ വര്‍ധിപ്പിച്ചു. ഇതിനിടെയ്ക്ക് കെപി രാഹുല്‍ കരാര്‍ പുതുക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന വാര്‍ത്തയും പരന്നു.

ഇപ്പോഴിതാ എല്ലാ നിരാശയും മാറ്റി രണ്ട് സൈനിംഗുകള്‍ ഏകദേശം പൂര്‍ത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്. ആദ്യത്തെ ഇന്ത്യന്‍ സൈനിംഗ് ആണ്. ആരാധകര്‍ പ്രതീക്ഷിച്ച പോലെ തന്നെ പ്രീതം കോട്ടാല്‍ മോഹന്‍ ബഗാനില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നു.

വലിയ ദൈര്‍ഘ്യമേറിയ കരാര്‍ തന്നെയാണ് പ്രീതത്തിന് മാനേജ്‌മെന്റ് നല്കുന്നത്. തുടക്കത്തില്‍ മൂന്നുവര്‍ഷവും പിന്നീട് ദീര്‍ഘിപ്പിക്കാവുന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയാണ് കരാര്‍ നല്കുക. താരം അടുത്ത ദിവസം തന്നെ കൊച്ചിയിലെത്തുമെന്നാണ് വിവരം.

അടുത്തതായി ഏകദേശം സൈനിംഗ് ഉറപ്പിക്കാവുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്നത് വിദേശ താരത്തിന്റെയാണെന്നാണ് നമ്മുക്ക് ലഭിക്കുന്ന വിവരം. യൂറോപ്പില്‍ കളിച്ച് പരിചയമുള്ള ലോകകപ്പ് കളിച്ച ലാറ്റിനമേരിക്കന്‍ രാജ്യത്തു നിന്നുള്ള താരമാകും മഞ്ഞ ജേഴ്‌സിയിലേക്ക് വരികയെന്നാണ് വിവരം.

ഈ താരത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമായി അറിയാന്‍ സാധിക്കും. സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് നേരിട്ട് കണ്ടെത്തിയ താരമാണ് പുതിയതായി ടീമിലെത്തുക.

വിദേശ താരങ്ങളെ സൈന്‍ ചെയ്യുമ്പോള്‍ കൂടുതല്‍ തലയെടുപ്പുള്ള താരത്തെ എന്നതിലുപരി കൂടുതല്‍ ചെറുപ്പമായിട്ടുള്ളവരെ ടീമിലെത്തിക്കാനാണ് കുറച്ചു സീസണുകളായി ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് പരിചയസമ്പന്നനായ പ്രീതത്തെ ടീമിലെത്തിക്കുന്നത് വലിയ ഗുണം തന്നെയാണ്. 2018 ല്‍ എടികെയില്‍ കളിക്കാന്‍ ആരംഭിച്ച പ്രീതം കോട്ടാല്‍ 2020 ല്‍ എടികെയും മോഹന്‍ ബഗാനും ഒന്നിച്ചപ്പോഴും ക്ലബ്ബില്‍ തുടര്‍ന്നു.

മോഹന്‍ ബഗാന്‍ ഐ ലീഗില്‍ കളിക്കുമ്പോള്‍ 2013-2017 സീസണിലും ക്ലബ്ബിനൊപ്പം പ്രീതമുണ്ടായിരുന്നു. ഐഎസ്എല്‍ കരിയറില്‍ 143 മത്സരങ്ങള്‍ കളിച്ച പ്രീതം കോട്ടല്‍ അഞ്ച് ഗോള്‍ നേടി. എട്ട് ഗോളിന് അസിസ്റ്റ് നടത്തി.

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി 84 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു, മൂന്ന് ഗോള്‍ നേടി, രണ്ട് ഗോളിന് അസിസ്റ്റ് ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പ്രതിരോധവും വിങ് ആക്രമണവും ഒന്നുപോലെ കരുത്തുറ്റതാക്കുന്നതാണ് പ്രീതം കോട്ടാലിന്റെ വരവ്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രതിരോധത്തിലെ പിഴവിന് പലപ്പോഴും വലിയ വില കൊടുക്കേണ്ടി വന്നു. പ്രതിരോധത്തിലെ പിഴവുകള്‍ കൂടുതല്‍ അടയ്ക്കുകയെന്ന ലക്ഷ്യത്തിന് പ്രീതത്തിന്റെ വരവ് വലിയതോതില്‍ ഗുണം ചെയ്യുമെന്നുറപ്പാണ്.

Related Articles

Back to top button