Cricket

അച്ഛന്റെയും മകന്റെയും വിക്കറ്റെടുത്ത അപൂര്‍വത ഇന്ത്യയില്‍ അശ്വിന് മാത്രം സ്വന്തം; ഇനിയാര്‍ക്കും സാധ്യതയുമില്ല!!

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണിലേക്കുള്ള പോരാട്ടത്തിന് കരീബിയന്‍ ദ്വീപില്‍ തുടക്കമായി. പ്രതീക്ഷിച്ച പോലെ ആദ്യ മണിക്കൂറില്‍ തന്നെ ഇന്ത്യ മേധാവിത്വം തിരിച്ചു പിടിക്കുകയും ചെയ്തു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും വിന്‍ഡീസ് പിഴയ്ക്കുന്നതാണ് ആദ്യ മണിക്കൂറില്‍ തന്നെ കണ്ടത്. പേസര്‍മാരെക്കാള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഡൊമിനിക്കയില്‍ ഒരുക്കിയിരിക്കുന്നതെന്ന മുന്‍ധാരണ ശരിവയ്ക്കുന്നതാണ് ആദ്യദിനം സാക്ഷ്യം വഹിക്കുന്നത്.

വിക്കറ്റ് നഷ്ടം കൂടാതെ ആദ്യ അരമണിക്കൂര്‍ പിടിച്ചു നിന്ന വിന്‍ഡീസിന് അശ്വിന്റെ വരവോടെയാണ് തിരിച്ചടി കിട്ടി തുടങ്ങിയത്. പന്ത്രണ്ടാം ഓവറില്‍ വിന്‍ഡീസ് ഓപ്പണര്‍ തഗെനരെയ്ന്‍ ചന്ദര്‍പോളിന് പുറത്താക്കി അശ്വിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു.

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ബൗളര്‍ അച്ഛന്റെയും മകന്റെയും വിക്കറ്റെടുക്കുന്നത്. ക്രിക്കറ്റ് ലോകത്ത് നിരവധി അച്ഛനും മക്കളും കളിച്ചിട്ടുണ്ടെങ്കിലും രണ്ടുപേരെയും പുറത്താക്കാന്‍ ഇതുവരെ ഇന്ത്യക്കാരായ ആര്‍ക്കും ഭാഗ്യം കിട്ടിയിരുന്നില്ല.

ജൂണിയര്‍ ചന്ദര്‍പോളിനെ ക്ലീന്‍ബൗള്‍ഡാക്കിയാണ് അശ്വിന്‍ അപൂര്‍വ നേട്ടത്തിലേക്ക് എത്തി ചേര്‍ന്നത്. മുന്‍ വിന്‍ഡീസ് രക്ഷക ബാറ്റ്‌സ്മാന്‍ ശിവ്‌നാരായണ്‍ ചന്ദര്‍പോളിന്റെ മകനാണ് തഗെനരെയ്ന്‍ ചന്ദര്‍പോള്‍.

2011 ല്‍ ആണ് അശ്വിന്‍ ആദ്യമായി ശിവ്‌നാരായണന്‍ ചന്ദര്‍പോളിനെ പുറത്താക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം ആണ് മകന്‍ ചന്ദര്‍പോളിനെ ഇന്ത്യന്‍ വണ്ടര്‍സ്പിന്നര്‍ വീഴ്ത്തുന്നത്. ഇത് ആദ്യമായിട്ടാണ് ഇരുവരും ടെസ്റ്റില്‍ നേര്‍ക്കുനേര്‍ വരുന്നത്.

27കാരനായ ജൂണിയര്‍ ചന്ദര്‍പോള്‍ ഇതുവരെ കളിച്ചത് വെറും 7 ടെസ്റ്റുകള്‍ മാത്രമാണ്. ഒരു ഡബിള്‍ സെഞ്ചുറി അടക്കം 453 റണ്‍സ് നേടിയിട്ടുണ്ട്. പിതാവിനെ പോലെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതില്‍ മകനും പിശുക്കനാണ്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ മകന്‍ ചന്ദര്‍പോളിനെ വീഴ്ത്തിയിരുന്നു. സീനിയര്‍ ചന്ദര്‍പോളും സ്റ്റാര്‍ക്കിന് മുന്നില്‍ വീണിട്ടുണ്ട്.

ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരേ ആയിരുന്നു ഇടംകൈയന്‍ ബാറ്ററുടെ അരങ്ങേറ്റം. ഇതുവരെ ഏകദിനത്തില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ല. സ്ലോ ബാറ്റിംഗാണ് ഏകദിനത്തിലേക്ക് വിളിയെത്താതിരിക്കുന്നതിന് കാരണം.

ഏകദേശം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ നിരയില്‍ അശ്വിനും രവീന്ദ്ര ജഡേജയും ടെസ്റ്റില്‍ ഒന്നിച്ചു കളിക്കുന്നതെന്ന അപൂര്‍വതയും ഈ ടെസ്റ്റിനുണ്ട്. തന്റെ പ്രതിഭയ്ക്ക് ഉറവ വറ്റിയിട്ടില്ലെന്ന് തെളിയിക്കാനും അശ്വിന് ആദ്യ മണിക്കൂറില്‍ തന്നെയായി.

ലോകക്രിക്കറ്റില്‍ ഇനി അച്ഛനെയും മകനെയും പുറത്താക്കാന്‍ ഒരു അവസരം ഉണ്ടെങ്കില്‍ അത് അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയെയും മകനെയുമാണ്. നബിയുടെ മകന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാന്‍ വലിയ താമസമില്ലെന്നാണ് വിലയിരുത്തല്‍.

അങ്ങനെ വന്നാല്‍ ഇപ്പോള്‍ കളിക്കുന്ന പല താരങ്ങള്‍ക്കും അച്ഛന്‍-മകന്‍ കോംബോയെ പുറത്താക്കാന്‍ അവസരം ലഭിക്കും. സമീപഭാവിയില്‍ തന്നെ ഇതിനുള്ള അവസരം എതിരാളികള്‍ക്കു കിട്ടുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ നിഗമനം.

Related Articles

Back to top button