Cricket

ഇംഗ്ലണ്ട് ചോദിച്ചു വാങ്ങിയത് എട്ടിന്റെ പണി; ബാസ്‌ബോള്‍ പണി വാങ്ങിക്കൂട്ടി ഇംഗ്ലീഷ് പാഴ്തന്ത്രം!!

ബ്രെണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് കോച്ചായി ചുമതലയേറ്റത് മുതല്‍ വല്ലാത്ത രീതിയിലാണ് അവര്‍ ടെസ്റ്റ് കളിക്കുന്നത്. ആദ്യ പന്ത് മുതല്‍ എതിരാളിയെ കടന്നാക്രമിച്ച് സമ്മര്‍ദത്തിലാക്കുന്നതാണ് രീതി. എതിരാളി ബംഗ്ലാദേശ് ആണെങ്കിലും ഓസ്‌ട്രേലിയ ആയാലും രീതിക്ക് മാറ്റമില്ല.

എന്നാല്‍ ആദ്യ ആഷസ് ടെസ്റ്റില്‍ വല്ലാത്ത ധൈര്യം പ്രകടിപ്പിച്ച് പണി വാങ്ങി കൂട്ടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യ ദിനം തന്നെ എട്ടുവിക്കറ്റിന് 393 റണ്‍സില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ബെന്‍ സ്റ്റോക്ക്‌സ് കാണിച്ച ധൈര്യത്തിന് കൈയടി കിട്ടിയെങ്കില്‍ ഇപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ ടീമിന്റെ തന്ത്രത്തെ പഴിക്കുകയാണ്.

സെഞ്ചുറി നേടിയ ജോ റൂട്ട് ക്രീസില്‍ നില്‍ക്കേ എന്തിനായിരുന്നു ധൃതിപ്പെട്ട് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതെന്ന് പലരും ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഓസ്‌ട്രേലിയയെ പോലൊരു ടീമിനെതിരേ ബാറ്റിംഗ് വിക്കറ്റില്‍ ഇത്ര ചെറിയ സ്‌കോറിന് ഡിക്ലയര്‍ ചെയ്തത് മണ്ടത്തരമാണെന്ന് ബാസ്‌ബോളിനെ പിന്തുണച്ചവര്‍ക്കും ഇപ്പോള്‍ തോന്നി തുടങ്ങിയിട്ടുണ്ട്.

രണ്ടാം ദിനം അവസാനിച്ചപ്പോള്‍ വെറും 82 റണ്‍സിന് മാത്രം പിന്നിലാണ് ഓസീസ്. അവര്‍ക്കിപ്പോഴും 5 വിലപ്പെട്ട വിക്കറ്റുകള്‍ കൈവശമുണ്ട്. 150-200 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിന്റെ പദ്ധതികളെല്ലാം തെറ്റും.

എല്ലാ തവണയും ബാസ്‌ബോള്‍ തന്ത്രം ക്ലിക്കാകണമെന്നില്ല. പ്രത്യേകിച്ച് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന എതിരാളികള്‍ക്കൊപ്പം. ഇംഗ്ലീഷ് തന്ത്രം മുന്‍കൂട്ടി മനസിലാക്കി തന്നെയാണ് ഓസീസ് ആഷസിനായി തയാറെടുത്തത്. അതുകൊണ്ട് തന്നെ മക്കല്ലത്തിന്റെ തന്ത്രം ഏറ്റവും വെല്ലുവിളി നേരിടുന്ന പരമ്പരയാകും ഇത്.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് 450-470 റണ്‍സ് അനായാസം നേടാന്‍ സാധിക്കുമായിരുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരെ തുടക്കത്തിലേ പറഞ്ഞയച്ച് സന്ദര്‍ശകരെ സമ്മര്‍ദത്തിലാക്കാമെന്ന് ഇംഗ്ലണ്ട് വിചാരിച്ചു.

വെറും നാലോവര്‍ മാത്രമാണ് ആദ്യ ദിനം പന്തെറിയാന്‍ ഇംഗ്ലണ്ടിന് സാധിച്ചത്. അതുകൊണ്ട് തന്നെ അവര്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല. രണ്ടാംദിവസവും ഇംഗ്ലീഷ് ബൗളിംഗിന് മുന്നില്‍ ഉസ്മാന്‍ ഖവാജ നിറഞ്ഞു നിന്നപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി.

മൂന്നാംദിനം ഖവാജ എത്രത്തോളം ക്രീസില്‍ നില്‍ക്കുന്നുവോ അത്രത്തോളം ഓസീസിന്റെ മേല്‍ക്കൈ കൂടി വരുകയേയുള്ളൂ. ഈ പിച്ചില്‍ 350ന് താഴെയൊരു ലക്ഷ്യം കൊടുത്താല്‍ ഇംഗ്ലണ്ടിന് ജയിച്ചു കയറാമെന്ന് യാതൊരു ഉറപ്പുമുണ്ടാകില്ല. കാരണം വിക്കറ്റ് നല്ലരീതിയില്‍ ബാറ്റിംഗിന് അനുകൂലമാണ്.

ആദ്യ ടെസ്റ്റില്‍ പരാജയമാണ് ഫലമെങ്കില്‍ കോച്ച് ബ്രെണ്ടന്‍ മക്കല്ലത്തിനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിനും അതു സമ്മര്‍ദം നല്കും. പ്രത്യേകിച്ച് ആഷസ് പോലെ വൈരം നിറഞ്ഞു നില്‍ക്കുന്ന പരമ്പരയില്‍ പ്രത്യേകിച്ചും.

Related Articles

Back to top button