Cricket

ബാസ് ബോളിനെ ഇന്ത്യ ‘വിരാട് ബോള്‍’ കൊണ്ട് നേരിടണം !! ഉപദേശവുമായി ഗവാസ്‌കര്‍

അടുത്ത കാലത്തായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരീക്ഷിച്ചു വിജയിച്ച ശൈലിയാണ് ബാസ്‌ബോള്‍ എന്നറിയപ്പെടുന്നത്. ക്ഷമയോടെ സാവധാനം സ്‌കോറിംഗ് എന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ രീതികള്‍ പൊളിച്ചെഴുതുന്ന ആക്രമണ ബാറ്റിംഗ് ശൈലിയാണ് ബാസ്‌ബോള്‍..

ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി ന്യൂസിലന്‍ഡ് ബാറ്റിംഗ് ഇതിഹാസം ബ്രണ്ടന്‍ മക്കലം ചുമതലയേറ്റതിനു ശേഷമാണ് അവര്‍ ഈയൊരു ശൈലിയിലേക്ക് മാറിയത്. മക്കല്ലത്തിന്റെ ഓമനപ്പേരാണ് ‘ബാസ്’ എന്നത് അതിനാല്‍ത്തന്നെ ബാസ് കൊണ്ടു വന്ന ശൈലി ബാസ്‌ബോള്‍ ആയി.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു പറഞ്ഞതു പോലെയാണ് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവും ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ഈ പദ്ധതി നടപ്പാക്കുന്നത്.

ടീമിലെ ഓപ്പണര്‍മാര്‍ മുതല്‍ പതിനൊന്നാമന്‍ വരെ കാഴ്ച വയ്ക്കുന്നത് ഒരേ ആക്രമണ ബാറ്റിംഗ് ആണെന്നുള്ളത് ലോകമെമ്പാടുമുള്ള ആരാധകരെ ഇംഗ്ലണ്ട് ടീമിന്റെ കളികാണാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്.

ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിനെ ഇന്ത്യ എങ്ങനെ നേരിടുമെന്നാണ് പലരും ആശങ്കപ്പെടുന്നതെങ്കിലും ഇതേക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന് യാതൊരു ആശങ്കയുമില്ല.

അവര്‍ക്ക് ബാസ്‌ബോള്‍ ഉണ്ടെങ്കില്‍ നമുക്ക് വിരാട് ബോള്‍ ഉണ്ടെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. ”ബാസ്‌ബോളിനെ നേരിടാന്‍ ഞങ്ങള്‍ക്ക് വിരാട്‌ബോള്‍ ഉണ്ട്. അര്‍ധ സെഞ്ചുറിയെ സെഞ്ചുറിയാക്കുന്നതില്‍ വിദഗ്ധനായ വിരാട് കോഹ്‌ലി സമീപകാലത്ത് മികച്ചരീതിയിലാണ് ബാറ്റ് ചെയ്യുന്നത്.” ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

” കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ പരീക്ഷിച്ചു വിജയിച്ച ശൈലിയാണ് ബാസ് ബോള്‍. സാഹചര്യമൊന്നും നോക്കാതെ ബാറ്റര്‍ ആക്രമിച്ചു കളിക്കുന്ന രീതിയാണിത്. എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഇത് പ്രാവര്‍ത്തികമാവുമോ എന്നറിയാന്‍ എനിക്ക് കൗതുകമുണ്ട്.” ഗവാസ്‌കര്‍ കൂട്ടിച്ചര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ താരമ്യേന മികച്ച പ്രകടനമാണ് വിരാട് കോഹ്‌ലി പുറത്തെടുത്തത്. പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരവും കോഹ്‌ലി തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സിംഗ് പിച്ചില്‍ കാഴ്ച വച്ച ആത്മവിശ്വാസം നിറഞ്ഞ പ്രകടനം കോഹ് ലിയെ ഇംഗ്ലണ്ടിനു മുമ്പില്‍ ഒരു മഹാമേരുവാക്കിയാലും അദ്ഭുതപ്പെടാനില്ല.

Related Articles

Back to top button