Cricket

അവന്റെ ഇതുവരെയുള്ള പ്രകടനം എന്നെ നിരാശപ്പെടുത്തുന്നു!! ഇന്ത്യന്‍ സൂപ്പര്‍താരത്തെപ്പറ്റി ആകാശ് ചോപ്ര പറയുന്നതിങ്ങനെ…

ഇന്ന് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

ഈ അവസരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെക്കുറിച്ച് അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സീസണില്‍ ഗില്‍ ഇതുവരെ യഥാര്‍ഥ മികവിലേക്ക് എത്തിയിട്ടില്ലെന്നാണ് ചോപ്ര പറയുന്നത്.

മൂന്ന് കളികളില്‍ രണ്ടെണ്ണം ജയിച്ച ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ന് ജയിച്ച് മൂന്നാമതെത്താനാണ് അവരുടെ ശ്രമം.

”നമുക്ക് ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനത്തെക്കുറിച്ചും സംസാരിക്കണം. അഹമ്മദാബാദ് ഗ്രൗണ്ടിനോട് അവനു വലിയ ഇഷ്ടമാണ്. അവന്റെയത്രയും ആ പിച്ചിനെ സ്‌നേഹിച്ച മറ്റാരും ഉണ്ടാവാനിടയില്ല. എന്നാല്‍ ഗില്‍ അവന്റെ ഉയര്‍ന്ന നിലവാരത്തില്‍ ഇതുവരെ ബാറ്റ് ചെയ്തിട്ടില്ല എന്നാണ് തോന്നുന്നത്.”

കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവായ ഗില്‍ തന്റെ ഏറ്റവും മികച്ച ഫോമില്‍ എത്തണമെന്നും അദ്ദേഹം പറയുന്നു.

ചെന്നൈയ്ക്കെതിരെയോ മുംബൈയ്ക്കെതിരെയോ ഹൈദരാബാദിനെതിരെയോ ആകട്ടെ, ഓരോ തവണയും അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്, പക്ഷേ മികച്ച തുടക്കം മുതലാക്കി വലിയ സ്‌കോര്‍ നേടാനായിട്ടില്ല.

അതിനാല്‍ തന്നെ ശുഭ്മാന്‍ ഗില്ലായിരിക്കും എന്റെ ശ്രദ്ധാകേന്ദ്രം. അവന്‍ നന്നായി തന്നെ ടീമിനെ നയിക്കുന്നുണ്ട്. തന്റെ ബൗളര്‍മാരെ നന്നായി ഉപയോഗിക്കുന്നുണ്ട്. അവസാന ഓവര്‍ അടക്കം ആരെയാണ് ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം” ചോപ്ര പറയുന്നു.

കഴിഞ്ഞ മൂന്നു കളികളില്‍ നിന്ന് 75 റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്. 127 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ടീമിനായി ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം. കഴിഞ്ഞ സീസണില്‍ 890 റണ്‍സുമായി ഗില്‍ ആയിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയത്.

Related Articles

Back to top button