FootballTop Stories

ബൂട്ടിയ തോല്‍ക്കുമെന്നുറപ്പ്; ഇന്ത്യന്‍ ഫുട്‌ബോള്‍ ബിജെപി എംഎല്‍എയുടെ കൈയിലേക്ക് ?

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ രണ്ടിന് നടക്കാനിരിക്കേ അണിയറയില്‍ നടക്കുന്നത് വന്‍ നീക്കങ്ങള്‍. ഇന്ത്യന്‍ ഫുട്‌ബോളിനെ കഴിഞ്ഞ 20 വര്‍ഷമായി നിയന്ത്രിച്ചിരുന്നത് കോണ്‍ഗ്രസ്-എന്‍സിപി പാര്‍ട്ടികളുടെ നേതാക്കളായിരുന്നെങ്കില്‍ ഇനിയത് ബിജെപിയുടെ കൈകളിലേക്ക് പോകുമെന്നാണ് കിട്ടുന്ന വിവരം.

പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാനപ്പെട്ട രണ്ട് പാനലുകളാണ് മല്‍സരിക്കുന്നത്. ഒരെണ്ണം മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായി ബൈചുങ് ബൂട്ടിയയുടെ നേതൃത്വത്തിലുള്ളതാണ്. രണ്ടാമത്തെ പാനല്‍ മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും നിലവില്‍ ബംഗാളില്‍ നിന്നുള്ള എംഎല്‍എയുമായ കല്യാണ്‍ ചൗബേയുടെ നേതൃത്വത്തിലുള്ളതാണ്. ബിജെപി എംഎല്‍എയാണ് ചൗബേ.

ബിജെപിക്കാരനായ ചൗബേയുടെ പാനലിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മലയാളിയുമായ എന്‍.എ ഹാരിസ് ഉള്ളത്. ഹാരിസാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. എതിരാളിയാകട്ടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് മാനവേന്ദ്ര സിംഗും. തെരഞ്ഞെടുപ്പില്‍ ചൗബേയുടെ നേതൃത്വത്തിലുള്ള പാനല്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബൂട്ടിയ പക്ഷത്തിന് കാര്യമായ സംസ്ഥാനങ്ങളുടെ പിന്തുണയില്ല.

ആന്ധ്രപ്രദേശ് ഫുട്‌ബോള്‍ അസോസിയേഷനും രാജസ്ഥാനും മാത്രമാണ് ബൂട്ടിയയെ പിന്തുണയ്ക്കുന്നത്. ബൂട്ടിയയുടെ സ്വന്തം സംസ്ഥാനമായ സിക്കിം പോലും അദേഹത്തെ പിന്തുണയ്ക്കുന്നില്ല.

അതേസമയം മല്‍സരരംഗത്ത് ശക്തമായ സാന്നിധ്യമായിരുന്ന ഡല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും മലയാളിയുമായ ഷാജി പ്രഭാകരന്‍ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ നല്‍കിയിരുന്ന പത്രിക പിന്‍വലിച്ചിട്ടുണ്ട്. കല്യാണ്‍ ചൗബെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഷാജി പ്രഭാകരന്‍ എഐഎഫ്എഫ് ജനറല്‍ സെക്രട്ടറിയാകുമെന്നാണു വിവരം.

കേരളത്തില്‍ നിന്ന് എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി. അനില്‍കുമാര്‍ ബിജെപി എംഎല്‍എ നേതൃത്വം നല്‍കുന്ന പാനലിനൊപ്പമാണ്. പൊതുവേ നല്ലൊരു സംഘാടകനായിട്ടാണ് കല്യാണ്‍ ചൗബേ അറിയപ്പെടുന്നത്. ആരു വന്നാലും ഇന്ത്യന്‍ ഫുട്‌ബോള്‍ കൂടുതല്‍ സജീവമാകണമെന്നാണ് ആരാധകരുടെ പക്ഷം.

Related Articles

Leave a Reply

Back to top button