Football

യൂറോയില്‍ ചെന്നായ വന്ദനം; തുര്‍ക്കി സൂപ്പര്‍ നടത്തിയത് ക്രൂരമായ ആഘോഷം…

യുവേഫ യൂറോ കപ്പ് ഫുട്ബോളിന്റെ 2024 എഡിഷനില്‍ കറുത്ത കുതിരകളാകാന്‍ കരുത്തുള്ളവരാണ് തുര്‍ക്കി എന്ന് നേരത്തേ നിരീക്ഷണമുണ്ടായിരുന്നു.

ആര്‍ദ ഗുളര്‍ ഉള്‍പ്പെടെയുള്ള ഒരുപറ്റം മികച്ച കളിക്കാര്‍ ഉള്ളതുകൊണ്ടാണ് തുര്‍ക്കി കറുത്ത കുതിരകളാകുമെന്ന നിരീക്ഷണമുണ്ടായത്. ആ നിരീക്ഷണം ശരിവച്ച് തുര്‍ക്കി യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിനില്‍ക്കുന്നു.

പ്രീക്വാര്‍ട്ടറില്‍ റാള്‍ഫ് റാഗ്‌നിക്ക് പരിശീലപ്പിച്ച ഓസ്ട്രിയയെ കീഴടക്കിയായിരുന്നു തുര്‍ക്കി ക്വാര്‍ട്ടറില്‍ എത്തിയത്. 2-1നായിരുന്നു പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ജയം. മെറിഹ് ഡെമിറല്‍ നേടിയ ഇരട്ട ഗോളാണ് തുര്‍ക്കിയെ ജയത്തിലെത്തിച്ചത്.

എന്നാല്‍, മത്സരത്തില്‍ വിവാദ ഗോളാഘോഷം നടത്തിയതിന്‍ മെറിഹ് ഡെമിറല്‍ യുവേഫയുടെ അന്വേഷണം നേരിടുകയാണ്. കുറ്റം തെളിഞ്ഞാല്‍ ക്വാര്‍ട്ടറില്‍ ഡെമിറല്‍ പുറത്തിരിക്കേണ്ടിവരും. ഓസ്ട്രിയയ്ക്കെതിരായ ഗോള്‍ നേട്ടത്തിനുശേഷം വൂള്‍ഫ്സ് സല്യൂട്ട് (ചെന്നായ വന്ദനം) നടത്തിയെന്നാണ് മെറിഹ് ഡെമിറലിന് എതിരായ കുറ്റം.

കൈയുടെ നടുവിരലും മോതിരവിരലും തള്ളവിരലിലേക്ക് ചേര്‍ത്തുവച്ചുള്ളതാണ് വൂള്‍ഫ്സ് സല്യൂട്ട്. ഇരുകൈയും വായുവിലേക്കുയര്‍ത്തിയായിരുന്നു മെറിഹ് ഡെമിറല്‍ ഗോളാഘോഷിച്ചത്. ഈ ആഘോഷത്തിന്റെ ചിത്രം ഡെമിറല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തെന്നതും ശ്രദ്ധേയം.

‘ഗ്രേ വൂള്‍വ്സ്’ എന്ന കൈ ചിഹ്നമാണിത്. ജര്‍മനിയിലെ ഭരണഘടനയുടെ സംരക്ഷണത്തിനായുള്ള ഫെഡറല്‍ ഓഫീസ് നിരീക്ഷിക്കുന്ന വലതുപക്ഷ തീവ്രവാദിപ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവര്‍ ‘ഗ്രേ വുള്‍വ്സ്’ എന്നാണറിയപ്പെടുന്നത്.

ഇത്തരത്തിലുള്ള രാഷ്ട്രീയ കാര്യങ്ങള്‍ കായിക വേദിയില്‍ പ്രകടപ്പിക്കുന്നത് യുവേഫ തടഞ്ഞിരുന്നു. ദേശീയഗാനം ആലപിക്കാന്‍ ആരാധകരെ പ്രേരിപ്പിച്ചതിന് അല്‍ബേനിയന്‍ സ്ട്രൈക്കര്‍ മിര്‍ലിന്‍ഡ് ഡാകുവിനെ അസോസിയേഷന്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നതും ശ്രദ്ധേയം.

വൂള്‍ഫ്സ് സല്യൂട്ട് നടത്തിയ കുറ്റത്തിന് മെറിഹ് ഡെമിറലിനെ വിലക്കിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ നെതര്‍ലന്‍ഡ്സിന് എതിരായ ക്വാര്‍ട്ടറില്‍ ഡെമിറല്‍ തുര്‍ക്കിക്ക് ഒപ്പം ഉണ്ടാകില്ല. ഞായര്‍ അര്‍ധരാത്രി 12.30നാണ് തുര്‍ക്കി-നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനല്‍.

ഇരുടീമും നേര്‍ക്കുനേര്‍ ഇറങ്ങുന്ന 15-ാം മത്സരമാണത്. ഇതുവരെ 14 തവണ ഏറ്റുമുട്ടിയതില്‍ ആറ് ജയം നെതര്‍ലന്‍ഡ്സിനായിരുന്നു. തുര്‍ക്കി നാലെണ്ണത്തില്‍ ജയിച്ചപ്പോള്‍ നാലു മത്സരം സമനിലയില്‍ പിരിഞ്ഞു. 2008നുശേഷം യുവേഫ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ തുര്‍ക്കി പ്രവേശിക്കുന്നത്ഇതാദ്യമാണ്.

Related Articles

Back to top button