Football

ചരിത്രത്തില്‍ ആദ്യം!! 16ല്‍ 3 ഏഷ്യ!!

പോര്‍ച്ചുഗലിനെ 2-1ന് ത്രില്ലറില്‍ വീഴ്ത്തി ദക്ഷിണ കൊറിയ ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് കടന്നതോടെ ഖത്തറും ചരിത്രത്തിന്റെ ഭാഗമായി മാറി. ലോകകപ്പിന്റെ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മൂന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ ആദ്യമായി ഒന്നിച്ച് അവസാന 16ല്‍ എത്തുന്നത്.

ജപ്പാനും ഓസ്‌ട്രേലിയയുമാണ് ഏഷ്യന്‍ മേഖലയില്‍ നിന്നും രണ്ടാം റൗണ്ടിലെത്തിയ മറ്റു രണ്ട് ടീമുകള്‍. ഒഷ്യാനിയ മേഖലയിലാണ് ഭൂമിശാസ്ത്രപരമായി സ്ഥാനമെങ്കിലും വര്‍ഷങ്ങളായി ഓസ്‌ട്രേലിയ എഎഫ്‌സിയുടെ ഭാഗമാണ്. ഇത്തവണത്തെ ഏഷ്യയുടെ നേട്ടം ഭാവിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണമാകും.

ലോകകപ്പിലെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫിഫ ഒരുങ്ങുകയാണ്. ഏഷ്യയ്ക്ക് കൂടുതല്‍ സ്ലോട്ടിനായി അവകാശവാദം ഉന്നയിക്കാന്‍ ഇത്തവണത്തെ ഏഷ്യന്‍ ടീമുകളുടെ പ്രകടനം വഴി സാധിക്കും. രണ്ടാം റൗണ്ടില്‍ എത്തിയില്ലെങ്കിലും സൗദി അറേബ്യയും ഇറാനും അടക്കം മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഗംഭീര പ്രകടനമാണ് ഇത്തവണ നടത്തിയത്.

മുമ്പൊക്കെ ഏഷ്യന്‍ ടീമുകളെ വെറും ഗോളടിച്ചു കൂട്ടാനുള്ള വെറുമൊരു എതിരാളിയായിട്ടായിരുന്നു യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ടീമുകള്‍ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കളിമാറിയിരിക്കുന്നു. ജയിക്കാന്‍ തന്നെ അവര്‍ക്ക് സാധിക്കുന്നു. അര്‍ജന്റീനയെ വീഴ്ത്തിയ സൗദിയും ജര്‍മനിയെയും സ്‌പെയ്‌നിനെയും തകര്‍ത്ത ജപ്പാനും മറ്റുളളവര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് ശക്തമാണ്.

ഭാവിയില്‍ കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പ് ആതിഥേയത്വത്തിന് അവകാശം ഉന്നയിക്കാനും ഖത്തറിലെ സംഘാടനവും വഴിയൊരുക്കും. ഏഷ്യ പിന്നിലല്ലെന്ന് കാണിക്കാനും കൂടുതല്‍ ഏഷ്യന്‍ താരങ്ങള്‍ക്ക് യൂറോപ്യന്‍ ലീഗുകളില്‍ കളിക്കാനും ഈ ജയങ്ങള്‍ക്ക് സാധിക്കും.

Related Articles

Back to top button