Cricket

സഞ്ജു കൊള്ളാം പക്ഷെ ലോകകപ്പ് ടീമില്‍ ഋഷഭ് പന്ത് തീര്‍ച്ചയായും ഉണ്ടാവണം!! അഗാര്‍ക്കറിന്റെ പോസ്റ്റ് വൈറല്‍

ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പുറത്തെടുക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ ഇന്നിംഗ്‌സ് കൈയ്യടി നേടിയിരുന്നു.

മത്സരത്തില്‍ വെറും 38 പന്തില്‍ പുറത്താവാതെ 68 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഏഴു ഫോറും രണ്ടു സിക്സറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. ഇതോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള സഞ്ജുവിന്റെ സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനാണ് സഞ്ജു. ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നതും സഞ്ജുവാണ്.

അതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറും മുന്‍ ഫാസ്റ്റ് ബൗളറുമായ അജിത് അഗാക്കറുടെ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തിയുള്ള പോസ്റ്റായിരുന്നു ഇതെങ്കിലും ട്വന്റി20 ലോകകപ്പില്‍ റിഷഭ് പന്ത് സ്ഥാനമര്‍ഹിക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്.

സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സ് എന്നെ വളരെയധികം ആകര്‍ഷിക്കുക തന്നെ ചെയ്തു. അദ്ദേഹം തന്റെ സ്വഭാവം, പക്വത, ഉദ്ദേശ്യം എന്നിവയെല്ലാം കാണിച്ചുതന്നു. മറുഭാഗത്തു റിയാന്‍ പരാഗിനെ നയിക്കുകയും ചെയ്തു. റിഷഭ് പന്തിന്റെ ഡോക്യുമെന്ററി നിങ്ങള്‍ കണ്ടിരുന്നോ? ട്വന്റി20 ലോകപ്പില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നു. ” ഇങ്ങനെയായിരുന്നു അഗാര്‍ക്കറിന്റെ ട്വീറ്റ്.

ഇത് സഞ്ജുവിന്റെ ആരാധകരെ ശരിക്കും കലിപ്പിലാക്കി. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

പക്ഷെ ഇത് ഒരു വ്യാജപോസ്റ്റായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അഗാര്‍ക്കറുടെ ഒഫീഷ്യല്‍ എക്സ് ഹാന്റിലിലെ അതേ ഫോട്ടോ തന്നെ ഉപയോഗിച്ച് തയ്യാറാക്കിയതിനാല്‍ വളരെയധികം ആളുകള്‍ ഇത് വിശ്വസിക്കുകയും ചെയ്തു.

അഗാര്‍ക്കറുടെ ഒഫീഷ്യല്‍ എക്സ് ഹാന്റിലില്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവുകയും ചെയ്യും. പക്ഷെ ഇതു അത്രയെളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് ഈയൊരു പോസ്റ്റ് വന്നിരിക്കുന്നതെന്നു കാണാം.

ട്വന്റി20 ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. റിഷഭ് പന്ത്, ജിതേഷ് ഷര്‍മ, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജൂറല്‍ എന്നിവരും സഞ്ജുവിനൊപ്പം തന്നെ മത്സരരംഗത്തുണ്ട്.

ഈ ഐപിഎല്ലിലെ പ്രകടനം കണക്കെടുത്താല്‍ ഏതുവിധേനയും സഞ്ജുവമാണ് മുന്നിട്ടു നില്‍ക്കുന്നത്. അഞ്ചിന്നിംഗ്‌സുകളില്‍ നിന്ന് 82 ശരാശരിയില്‍ 157.69 സ്ട്രൈക്ക് റേറ്റില്‍ 246 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. മൂന്നു അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെയാണിത്.

ക്രിക്ക്ബസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം റിഷഭിനു ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചേക്കുമെന്ന് പരാമര്‍ശമുണ്ടായിരുന്നു. ഐപിഎല്ലിലൂടെ ഫിറ്റ്നസും ഫോമും തെളിയിച്ചതിനാല്‍ റിഷഭിനോടാണ് ബിസിസിഐയ്ക്കു താല്‍പ്പര്യമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സഞ്ജു ടീമില്‍ ഇടം പിടിക്കുമോയെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടില്ല.

ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും റിഷഭ് പന്തിന് പ്രഥമ പരിഗണന നല്‍കുന്നതിനെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തു വന്ന വ്യാജപോസ്റ്റും ഇതിനോടു ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.

Related Articles

Back to top button