Cricket

ലോക റെക്കോഡുമായി ചമാരി അട്ടപ്പട്ടു!! വനിതാ എകദിനത്തില്‍ ചരിത്രം തിരുത്തിക്കുറിച്ച് ശ്രീലങ്ക

\വനിതാ ഏകദിന ക്രിക്കറ്റില്‍ പുതുചരിതം കുറിച്ച് ശ്രീലങ്ക. വനിതാ ഏകദിനത്തില്‍ പിന്തുടര്‍ന്നു നേടുന്ന ഏറ്റവും മികച്ച വിജയം എന്ന റെക്കോഡാണ് ശ്രീലങ്കന്‍ വനിതകള്‍ക്ക് സ്വന്തമായത്.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയം പിടിച്ചെടുത്താണ് ശ്രീലങ്കന്‍ വനിതകള്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്തത്.

പോച്ചെഫ്ട്രൂമില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 44.3 ഓവറില്‍ 305 റണ്‍സെടുത്താണ് ചരിത്ര വിജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1നു സമനിലയില്‍ അവസാനിച്ചു. ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു.

ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിന്റെ ഉജ്ജ്വല സെഞ്ചുറിയാണ് ലങ്കയ്ക്ക് റെക്കോഡ് വിജയം നേടിക്കൊടുത്തത്. അട്ടപ്പട്ടു 139 പന്തില്‍ 26 ഫോറും അഞ്ച് സിക്സും സഹിതം 195 റണ്‍സുമായി പുറത്താകാതെ നിന്നു. സിക്സടിച്ചാണ് താരം ലങ്കന്‍ ജയം പൂര്‍ത്തിയാക്കിയത്.

വനിതാ ഏകദിനത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വ്യക്തിഗത സ്‌കോറും താരം സ്വന്തമാക്കി. ചേസിംഗില്‍ ഒരു വനിതാ താരം നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും അട്ടപ്പട്ടുവിന് സ്വന്തമായി.

പുരുഷ-വനിതാ വ്യത്യാസമില്ലാതെയുള്ള ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡില്‍ താരത്തിന്റെ പ്രകടനത്തിന് രണ്ടാം സ്ഥാനമാണുള്ളത്.

പുരുഷ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയെ അത്ഭുത വിജയത്തിലേക്ക് നയിച്ച മാക്സ്വെല്‍ (201) മാത്രമാണ് ചമാരിക്ക് മുന്നിലുള്ളത്.

അര്‍ധസെഞ്ചുറി നേടിയ നിലാക്ഷിക ദില്‍ഹരി(50)യും ടീം വിജയിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തിലാണ് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

147 പന്തില്‍ പുറത്താകാതെ 184 റണ്‍സാണ് ലോറ അടിച്ചെടുത്തത്. 23 ഫോറും നാല് സിക്സും സഹിതമായിരുന്നു താരത്തിന്റെ പ്രകടനം.

ഇരു ടീമിലേയും ക്യാപ്റ്റന്‍മാര്‍ 175 റണ്‍സിനു മുകളില്‍ നേടിയ ആദ്യ ഏകദിന മത്സരം എന്ന ബഹുമതിയും ഈ മത്സരത്തിനു സ്വന്തമായി.

സ്‌കോര്‍ പിന്തുടര്‍ന്നു ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയ ചമാരി മറികടന്നത് 152 റണ്‍സ് നേടിയ മെഗ് ലാന്നിംഗിനെയാണ്.

വനിതാ ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറാണ് ചമാരി കുറിച്ചത്. ന്യൂസിലന്‍ഡിന്റെ അമേലിയ കെര്‍(232), ഓസ്‌ട്രേലിയയുടെ ബെലിന്ദ ക്ലര്‍ക്ക്(229) എന്നിവര്‍ മാത്രമാണ് ചമാരിയ്ക്കു മുമ്പിലുള്ളത്. ഇന്ത്യയുടെ ദീപ്തി ശര്‍മ(188), ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ട്(184) എന്നിവരാണ് പിന്നിലുള്ളത്.

Related Articles

Back to top button