Cricket

7 ഓവര്‍, 7 വിക്കറ്റ്, 7 മെയ്ഡന്‍!! നരെയ്ന്‍ ഞെട്ടിച്ചു!!

ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനില്ലാത്ത സ്പിന്നര്‍മാരില്‍ ഒരാളാണ് സുനില്‍ നരെയ്ന്‍. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി കലഹിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വഴിമാറി നടക്കുന്ന ഈ സ്പിന്നര്‍ ട്വന്റി-20 ലീഗുകളിലെ സ്ഥിരസാന്നിധ്യമാണ്.

ഐപിഎല്ലിലെ പൊന്നുംവിലയുള്ള താരമായ നരെയ്ന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ഓസ്‌ട്രേലിയന്‍ ബിഗ് ബാഷിലും കൗണ്ടി ക്രിക്കറ്റിലുമെല്ലാം തന്റെ സംഹാരതാണ്ഡവം തുടരുകയാണ്.

ഇപ്പോഴിതാ ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ഈ മിസ്റ്ററി സ്പിന്നര്‍. ട്രിനിഡാഡ് ടുബാഗോയിലെ ഒരു ക്ലബ് മല്‍സരത്തില്‍ എതിര്‍ ടീമിനെ ഞെട്ടിക്കുന്ന പ്രകടനമാണ് നരെയ്ന്‍ കാഴ്ച്ചവച്ചിരിക്കുന്നത്.

7 ഓവര്‍ പന്തെറിഞ്ഞ സ്പിന്നര്‍ 7 വിക്കറ്റ് നേടിയെന്ന് മാത്രമല്ല എറിഞ്ഞ ഏഴ് ഓവറുകളും മെയ്ഡ്ന്‍ ആക്കുകയും ചെയ്തു. ക്യൂന്‍സ് പാര്‍ക്ക് ക്രിക്കറ്റ് ക്ലബിനായി ക്ലാര്‍ക്ക് റോഡ് യുണൈറ്റഡിനെതിരായ മല്‍സരത്തിലായിരുന്നു തകര്‍പ്പന്‍ പ്രകടനം.

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ പ്രീമിയര്‍ ഡിവിഷന്‍ ലീഗാണിത്. സുനിലിന്റെ മികവില്‍ ക്ലാര്‍ക്ക് ടീം വെറും 76 റണ്‍സിന് ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായി. രസകരമായ കാര്യമെന്തെന്നു വച്ചാല്‍ ഈ മല്‍സരം കളിക്കാന്‍ നരെയ്ന്‍ തയാറെടുത്തിരുന്നതല്ല.

ഐപിഎല്ലിനായി ഇന്ത്യയിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലായിരുന്നു താരം. എന്നാല്‍ വിമാനം വൈകിയതോടെ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫ്‌ളൈറ്റ് താമസിച്ചതു കൊണ്ട് നേട്ടമുണ്ടായത് നരെയ്‌ന്റെ ക്ലബിന് കൂടിയാണ്.

ഇത്തവണത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത താരമാണ് നരെയ്ന്‍. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെ നരെയ്ന്‍ ആകും കൊല്‍ക്കത്തയെ നയിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

ഷക്കീബ് അല്‍ഹസനെ ക്യാപ്റ്റനാക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസി ലഭിക്കാതെ വന്നതോടെ അവര്‍ തീരുമാനം മാറ്റുകയായിരുന്നു. മാര്‍ച്ച് 31നാണ് ഐപിഎല്‍ ആരംഭിക്കുക.

Related Articles

Back to top button