CricketIPL

ധോണിയും സൂപ്പര്‍കിംഗ്‌സും കൈവിട്ടു; ആറില്‍ 5 സെഞ്ചുറിയുമായി ജഗദീശന്റെ ചുട്ടമറുപടി!

അടുത്ത ഐപിഎല്‍ സീസണിനു മുമ്പായി ചെന്നൈ സൂപ്പര്‍കിംഗ്‌സ് വിട്ടുകളഞ്ഞ താരങ്ങളില്‍ നാരായണ്‍ ജഗദീശന്‍ എന്ന താരവും ഉണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈ നിരയില്‍ ഉണ്ടായിരുന്നെങ്കിലും ഈ താരത്തിന് വലിയ അവസരങ്ങള്‍ സിഎസ്‌കെ നല്‍കിയിരുന്നില്ല. എന്നാല്‍ ടീമില്‍ നിന്നും ഒഴിവാക്കിയതിനു പിന്നാലെ ഗംഭീര ഫോമിലാണ് ജഗദീശന്‍.

വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനായി കളിക്കുന്ന യുവതാരം ഇതുവരെ കളിച്ചത് ആറു കളികളില്‍. അതില്‍ അഞ്ചിലും തകര്‍പ്പന്‍ സെഞ്ചുറിയും. 5(6), 114*(112), 107(113), 168(140), 128(123) & 277(141) എന്നിങ്ങനെയാണ് വിജയ് ഹസാരെ ട്രോഫിയില്‍ ജഗദീശന്റെ ബാറ്റിംഗ് വെടിക്കെട്ട്.

ആറു കളിയില്‍ നിന്നും 799 റണ്‍സാണ് ഇതുവരെ വിജയ് ഹസാരെ ട്രോഫിയില്‍ ജഗദീശന്‍ അടിച്ചെടുത്തത്. ആവറേജ് 159. 26കാരനായ ഈ യുവതാരത്തിന്റെ ആഭ്യന്തര കരിയറും മികച്ചതാണ്. ഫസ്റ്റ് ക്ലാസില്‍ 38 ഇന്നിംഗ്‌സില്‍ നിന്നും 1261 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 183.

ജഗദീശനെ വിട്ടു കളഞ്ഞത് മണ്ടത്തരമായെന്ന ചിന്ത ചെന്നൈ ആരാധകരിലും ഇപ്പോള്‍ ശക്തമാണ്. അടുത്ത താരലേലത്തില്‍ ഈ യുവതാരത്തിനായി വലിയ ലേലംവിളികള്‍ നടക്കുമെന്ന് ഉറപ്പാണ്.

ഇന്ന് അരുണാചലിനെതിരേ 141 പന്തില്‍ 277 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. താരതമ്യേന ദുര്‍ബല ടീമാണ് അരുണാചല്‍. അവര്‍ക്കെതിരായ പ്രകടനത്തെ വലിയ നേട്ടമായി കാണേണ്ടതില്ലെങ്കിലും ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കാന്‍ ജഗദീശന് ഇതു വഴിയൊരുക്കും. അടുത്ത ഐപിഎല്‍ ലേലത്തിലും താരത്തിന് ഇതു ഗുണം ചെയ്യും.

ആദ്യം ബാറ്റുചെയ്ത തമിഴ്‌നാടിനായി 102 പന്തില്‍ 154 റണ്‍സെടുത്ത സായി സുദര്‍ശനും മികച്ച പ്രകടനം നടത്തി. 19 ഫോറും രണ്ട് സിക്‌സറുകളും സായിയുടെ ബാറ്റില്‍ നിന്നും പിറന്നു. 25 ഫോറുകളും 15 സിക്‌സറുകളും ജഗദീശന്‍ അടിച്ചു. 190 റണ്‍സുകളും ബൗണ്ടറിയിലൂടെയാണ് ജഗദീശന്‍ നേടിയത്. തമിഴ്‌നാടിന്റെ ടീം സ്‌കോര്‍ 500 പിന്നിടുകയും ചെയ്തു.

Related Articles

Back to top button