Cricket

ജഡേജ കാണിച്ചത് മോശം പരിപാടി!! സഞ്ജുവിന്റെ ഏറ് സ്റ്റംപില്‍ കൊള്ളാതിരിക്കാന്‍ ശരീരം വച്ച് തടുത്തു; വീഡിയോ

ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരം രവീന്ദ്ര ജഡേജയെ അംപയര്‍മാര്‍ പുറത്താക്കിയത്.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ സ്റ്റംപ് ലക്ഷ്യമാക്കിയുള്ള ത്രോ ജഡേജ ഓട്ടത്തിനിടെ തടസപ്പെടുത്തിയെന്ന് കാണിച്ചാണ് മൂന്നാം അംപയര്‍ ഔട്ട് വിധിച്ചത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ അവേഷ് ഖാന്റെ അഞ്ചാം പന്തിലായിരുന്നു നാടകീയമായ വിക്കറ്റ്. റുതുരാജ് ഗെയ്ക്‌വാദിനൊപ്പം രണ്ടാം റണ്ണിനായി ശ്രമിക്കവെ നോണ്‍ സ്ട്രൈക്ക് എന്‍ഡിലേക്ക് ജഡേജ തിരികെ ഓടുമ്പോള്‍ സഞ്ജു സാംസണ്‍ ത്രോ എറിയുകയും പന്ത് ജഡേജയുടെ ദേഹത്ത് തട്ടുകയുമായിരുന്നു.

ജഡേജ ഫീല്‍ഡിംഗ് തടസപ്പെടുത്തി എന്ന കാരണം ചൂണ്ടിക്കാട്ടി തൊട്ടുപിന്നാലെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ഇതോടെ ഫീല്‍ഡ് അംപയര്‍മാര്‍ മൂന്നാം അംപയറുടെ സഹായം തേടി.

ടിവി അംപയര്‍ വിക്കറ്റ് അനുവദിക്കുകയും ചെയ്തു. ക്രീസിലെ ഡേഞ്ചര്‍ ഏരിയയിലൂടെ ഓടിയ ജഡേജ സഞ്ജുവിന്റെ ത്രോ പ്രതീക്ഷിച്ച് ഓട്ടത്തിന്റെ ദിശമാറ്റി വിക്കറ്റ് ആവാതിരിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിലയിരുത്തലിലാണ് മൂന്നാം അംപയര്‍ ഔട്ട് വിധിച്ചത്.


എന്നാല്‍ സംഭവത്തിന്റെ വിഡിയോകള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയുമായിരുന്നു.

സംഭവം ഔട്ടല്ല എന്നും ത്രോയായി പന്ത് വരുന്ന ദിശ മനസിലാവാതെ ജഡേജ ഓടുകയായിരുന്നു എന്നും വാദിക്കുന്നവരുണ്ട്.

എന്തായാലും ഇത് വിക്കറ്റല്ല എന്ന മുഖഭാവത്തോടെയായിരുന്നു ഡ്രസിംഗ് റൂമിലേക്ക് രവീന്ദ്ര ജഡേജയുടെ മടക്കം. വിക്കറ്റ് അനുവദിച്ചതിലുള്ള പ്രതിഷേധവും താരം അറിയിച്ചു.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ മൂന്നാംതവണ മാത്രമാണ് ഫീല്‍ഡിംഗ് തടസപ്പെടുത്തി എന്ന കാരണത്താല്‍ ബാറ്റര്‍ പുറത്താവുന്നത്. യൂസഫ് പത്താനും അമിത് മിശ്രയും ജഡേജയുടെ മുന്‍ഗാമികള്‍.

Related Articles

Back to top button