Cricket

കാമറൂണ്‍ ഗ്രീനിന് കിഡ്‌നി പ്രോബ്ലം; വന്‍ വെടിപ്പെടുത്തലുമായി ഓസീസ് ഓള്‍റൗണ്ടര്‍!! പ്രാര്‍ത്ഥനയുമായി ആരാധകരും!!

ഓസ്‌ട്രേലിയയുടെ സമീപകാല ഓള്‍റൗണ്ടര്‍മാരിലെ പ്രധാന താരമാണ് കാമറൂണ്‍ ഗ്രീന്‍. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന ഈ താരത്തിന്റെ സാന്നിധ്യം ഐപിഎല്‍ ഉള്‍പ്പെടെ പ്രധാന ട്വന്റി-20 ലീഗുകളിലും ഉണ്ട്.

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലും താരത്തെ ടീമിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയിരുന്നില്ല. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ഗ്രീനിനെ കോടികളാണ് ഐപിഎല്ലിലെ മൂല്യം.

ഇപ്പോഴിതാ വലിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ചാനല്‍ സെവണ്‍ എന്ന വാര്‍ത്തമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഏവരെയും ഞെട്ടിച്ച ഗ്രീനിന്റെ വെളിപ്പെടുത്തല്‍. താന്‍ ജന്മനാ മുതല്‍ കിഡ്‌നി രോഗബാധിതനാണെന്നാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

ടീമിലെ സഹതാരങ്ങളോടോ സുഹൃത്തുക്കളോടോ പോലും ഇക്കാര്യം ഇതുവരെ പങ്കുവച്ചിട്ടില്ല. താന്‍ ജനിച്ച സമയത്ത് ഡോക്ടര്‍മാരാണ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചത്. 12 വയസ് വരെ മാത്രമേ താന്‍ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളുവെന്നാണ് മാതാപിതാക്കളെ അറിയിച്ചത്.

കിഡ്‌നി രോഗത്തിന്റെ 5 സ്‌റ്റേജുകളില്‍ 2 മത്തെ സ്‌റ്റേജിലാണ് താനെന്നും ഗ്രീന്‍ വെളിപ്പെടുത്തുന്നു. ഈ രോഗത്തിന് ജീവിതകാലം മുഴുവനും മരുന്നു കഴിക്കേണ്ടി വരും. ഒരിക്കലും പൂര്‍ണമായി ഭേദമാകില്ലെന്നും താരം വ്യക്തമാക്കുന്നു. രക്തത്തെ ഫില്‍ട്ടര്‍ ചെയ്യാന്‍ കിഡ്‌നികള്‍ക്ക് സാധിക്കാതെ വരുന്നതാണ് കാരണം.

താന്‍ യഥാര്‍ത്ഥത്തില്‍ വലിയ ഭാഗ്യവാനാണെന്നും ഗ്രീന്‍ പറയുന്നു. അമ്മ ഗ്രീനിനെ ഗര്‍ഭിണിയായിരിക്കേ 19 മത്തെ ആഴ്ച്ചയില്‍ നടത്തിയ സ്‌കാനിംഗിലാണ് കിഡ്‌നി പ്രശ്‌നം കണ്ടെത്തിയത്. അമ്മ ബീ ട്രേസിയും പിതാവ് ഗാരിയും നല്കിയ പിന്തുണയാണ് തന്റെ ജീവിതത്തെയും കരിയറിനെയും തിരിച്ചു പിടിച്ചതെന്നും ഗ്രീന്‍ പറയുന്നു.

ഗ്രീനിന്റെ തുറന്നുപറച്ചില്‍ ക്രിക്കറ്റ് ലോകത്തിന് തന്നെ ഞെട്ടലാണ് സമ്മാനിച്ചത്. പല പ്രമുഖ താരങ്ങളും താരത്തിന്റെ മാനസിക പിന്തുണയുമായി രംഗത്തെത്തി. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സാധിക്കട്ടെയെന്ന് ആരാധകരും ആശംസിച്ചു.

24കാരനായ ഗ്രീന്‍ 24 ടെസ്റ്റുകളും 23 ഏകദിനങ്ങളും ഓസ്‌ട്രേലിയയ്ക്കായി കളിച്ചിട്ടുണ്ട് ഇതുവരെ. ടെസ്റ്റില്‍ 1075 റണ്‍സും 30 വിക്കറ്റുകളും സ്വന്തമായിട്ടുണ്ട്. 114 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. 23 ഏകദിനത്തില്‍ നിന്ന് 442 റണ്‍സും 16 വിക്കറ്റുകളും നേടിയിട്ടുണ്ട്. ട്വന്റി-20യില്‍ 151.52 എന്ന മാരക സ്‌ട്രൈക്ക് റേറ്റാണ് താരത്തെ വ്യത്യസ്തനാക്കുന്നത്.

Related Articles

Back to top button