Cricket

ഈ ഒരൊറ്റക്കാര്യം കൂടി ശരിയായാല്‍ സഞ്ജുവിനെ പിന്നെ പിടിച്ചാല്‍ കിട്ടില്ല!! സഞ്ജു മാസ്റ്റര്‍ ബ്ലാസ്റ്ററെന്ന് ഓസീസ് ഇതിഹാസം

ഈ ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റ് വീശുന്നത്.

താരത്തിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തു വരുന്നത്. ഇപ്പോഴിതാ സഞ്ജു സാസണിന്റെ ബാറ്റിംഗിനെക്കുറിച്ച് തുറന്നു പറയുകയാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം മാത്യു ഹെയ്ഡന്‍.

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഐപിഎല്‍ തുടക്കം മുതല്‍ മികച്ച ഫോമിലാണ്, നിലവില്‍ 11 ഇന്നിംഗ്സുകളില്‍ നിന്ന് 67.28 എന്ന പ്രശംസനീയമായ ശരാശരിയിലും 160ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലും 471 റണ്‍സ് നേടിയിട്ടുള്ള സഞ്ജു ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ്.

മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇതാണ് ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജുവിനെ സഹായിച്ചതും.

കെ.എല്‍ രാഹുലിനെപ്പോലെ ഒരു താരത്തെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ക്കിടയില്‍ സമ്മര്‍ദ്ദമുണ്ടാവണമെങ്കില്‍ സഞ്ജുവിന്റെ പ്രകടനം അവര്‍ അത്രമാത്രം വിലമതിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം.

ഡല്‍ഹിയ്‌ക്കെതിരായ വിവാദ പുറത്താകല്‍ അര്‍ഹിച്ച സെഞ്ചുറിയും രാജസ്ഥാന്റെ വിജയവുമാണ് സഞ്ജുവിന് നഷ്ടമാക്കിയത്.

സഞ്ജുവിനെക്കുറിച്ച് ഹെയ്ഡന്റെ വാക്കുകള്‍ ഇങ്ങനെ…”സഞ്ജു സാംസണ്‍ 46 പന്തില്‍ 86 റണ്‍സ് നേടി ഒരു സ്വപ്നം പോലെ ബാറ്റ് ചെയ്യുകയായിരുന്നു. എല്‍എസ്ജിക്കെതിരെ ചെയ്തതുപോലെ തന്റെ ടീമിനായി മത്സരങ്ങള്‍ വിജയിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ മൂല്യം വീണ്ടും വീണ്ടും തെളിയിച്ചു.

എന്നിരുന്നാലും, രാജസ്ഥാനെ ഫിനിഷിംഗ് ലൈന്‍ കടത്താതെ പോയതില്‍ അദ്ദേഹം നിരാശനായിരിക്കും. ടൂര്‍ണമെന്റിലുടനീളം, അദ്ദേഹം ഒരു മാസ്റ്റര്‍ ബ്ലാസ്റ്ററാണ്, സ്പിന്നിനെയും പേസിനെയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു.

അവന് കരുത്തുണ്ട്്. ട്വന്റി20 ക്രിക്കറ്റില്‍ ശക്തി ഒരു വലിയ കാര്യമാണ്. എന്നിരുന്നാലും, തന്റെ ടീമിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് എടുത്തുപറയേണ്ടത്. അദ്ദേഹത്തിന് അല്‍പ്പം ഭാഗ്യം ആവശ്യമായിരുന്നു, പ്രത്യേകിച്ച് മത്സരത്തിന്റെ അവസാനത്തില്‍,” ഹെയ്ഡന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് ലൈവില്‍ പറഞ്ഞു.

വിവാദ പുറത്താകലിനു പിന്നാലെ അംപയര്‍മാരോട് തര്‍ക്കിച്ചതിന് മാച്ച് ഫീയുടെ 30 ശതമാനം സഞ്ജുവിന് പിഴ വിധിച്ചിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ 86 റണ്‍സ് എടുത്തു നില്‍ക്കെ ബൗണ്ടറി ലൈനില്‍ ഷായ് ഹോപ് ക്യാച്ചെടുത്താണ് മലയാളി താരം പുറത്തായത്.

എന്നാല്‍ ഹോപിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചിരുന്നതായി തോന്നിയിട്ടും തിടുക്കപ്പെട്ട് തീരുമാനമെടുത്ത് അംപയര്‍മാര്‍ സഞ്ജുവിനെ പുറത്താക്കുകയായിരുന്നു.

Related Articles

Back to top button