Cricket

ഓസ്‌ട്രേലിയക്കാരുടെ കൂടെ കൂടിയതോടെ അവനും അതേ ആറ്റിറ്റിയൂഡ് ആയി!! ബൗളര്‍മാരെ തച്ചു തകര്‍ക്കുന്ന ഇന്ത്യന്‍ താരത്തെക്കുറിച്ച് കൈഫ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളായ അഭിഷേക് ശര്‍മയും ട്രവിസ് ഹെഡും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഈ ഐപിഎല്‍ സീസണില്‍ മറ്റു ടീമിലെ ബൗളര്‍മാര്‍ക്കൊരു പേടി സ്വപ്‌നമാണ്.

അതിമാരക പ്രഹരശേഷിയില്‍ ബാറ്റു വീശുന്ന ഇരുതാരങ്ങളും ചേര്‍ന്ന് ഹൈദരാബാദിനെ പ്ലേ ഓഫിനടുത്തെത്തിച്ചിരിക്കുകയാണ്.

ലഖ്‌നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വെറും 9.4 ഓവറില്‍ 167 റണ്‍സ് അടിച്ചെടുത്താണ് ഇരുവരും ചേര്‍ന്ന് ഹൈദരാബാദിനെ വിജയിപ്പിച്ചത്.

ഇപ്പോഴിതാ അഭിഷേക് ശര്‍മ്മയെയും ട്രാവിസ് ഹെഡിനെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബോളര്‍മാര്‍ ഇവരുടെ മുന്നില്‍പെട്ടാല്‍ കരിയര്‍ അവസാനിക്കുമെന്നാണ് കൈഫ് പറയുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ആധിപത്യ പ്രകടനത്തിന് സണ്‍റൈസേഴ്സ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയെയും ട്രാവിസ് ഹെഡിനെയും പുകഴ്ത്തുക ആയിരുന്നു മുഹമ്മദ് കൈഫ്.

എതിര്‍ ബോളര്‍മാര്‍ ആരായാലും ഞങ്ങള്‍ അടിച്ചോടിക്കും എന്ന രീതിയില്‍ ബാറ്റ് ചെയ്ത ഇരുവരും ലീഗ് ചരിത്രം കണ്ട ഏറ്റവും വലിയ ബാറ്റിംഗ് വിസ്‌ഫോടനം തന്നെയാണ് പുറത്തെടുത്തത്.

രണ്ട് ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സിനെയും ട്രാവിസ് ഹെഡിനെയും ടീമില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം ഹൈദരാബാദ് ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയുടെ ‘നെവര്‍ ഡൈ’ മാനസികാവസ്ഥയാണ് സ്വീകരിച്ചതെന്ന് കൈഫ് പറയുന്നു.

”പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഓസ്ട്രേലിയയില്‍ നിന്നുള്ളവരാണ്. അതാണ് ഓസ്‌ട്രേലിയന്‍ പവര്‍. 2003ലെ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ ഞാന്‍ ഓര്‍ക്കുന്നു.

ആകാശം മേഘാവൃതമായിരുന്നു. ഞങ്ങള്‍ ടോസ് നേടി, പന്ത് സ്വിംഗ് ചെയ്യുമെന്ന് (സൗരവ്) ഗാംഗുലി പ്രവചിച്ചു, അതിനാല്‍ ഞങ്ങള്‍ കളി ജയിക്കുമെന്ന് കരുതി. എന്നാല്‍ ഓസ്ട്രേലിയക്ക് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു, 359 റണ്‍സ് നേടി അവര്‍ ഞങ്ങളെ ഞെട്ടിച്ചു ”കൈഫ് പറഞ്ഞു.

ഹെഡിന്റെയും ശര്‍മ്മയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് ശൈലി ബൗളര്‍മാരുടെ കരിയറിന് ഭീഷണിയായെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു”ഇത് ആദ്യമായിട്ടല്ല ഇത് സംഭവിക്കുന്നത്.

ഈ രണ്ട് താരങ്ങളെയും തടയാന്‍ ബൗളര്‍മാര്‍ കഴിവില്ലാത്തവരാണെന്ന് ഈ ഐപിഎല്ലില്‍ നമ്മള്‍ കണ്ടതാണ്. അവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് ഒരു ബൗളറുടെ കരിയറിനെ തന്നെ തകര്‍ത്തേക്കാം എന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ ഒന്നെങ്കിലും വിജയിക്കാനായാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാനാവും.

Related Articles

Back to top button