Cricket

രണ്ടു വിദേശ താരങ്ങളെ വച്ചുള്ള ചൂതാട്ടം!! റോവ്മാന്‍ പവലിനെ കളിപ്പിക്കാതിരുന്നത് വലിയ അപരാധമെന്ന് മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് രാജസ്ഥാന്‍ റോയല്‍സ് അഞ്ചു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് റോയല്‍സിന് തിരിച്ചടിയായത്.

അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയ റോയല്‍സിനെതിരേ 18.2 ഓവറില്‍ സിഎസ്‌കെ ലക്ഷ്യം കാണുകയും ചെയ്തു.

മത്സരത്തില്‍ റോയല്‍സിന്റെ ബാറ്റിംഗ് സമീപനം വളരെ വിചിത്രമായി തോന്നിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ചോപ്രയുടെ വിമര്‍ശനം.

ഈ മല്‍സരം എനിക്കു മനസ്സിലാവുന്നില്ല. ഞാന്‍ സത്യസന്ധമായിട്ട് തന്നെയാണ് ഇക്കാര്യം പറയുന്നത്. രാജസ്ഥാന്‍ ടോസ് ലഭിച്ച ശേഷം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്.

ഇത് ഉച്ചയ്ക്കു ശേഷമുള്ള മല്‍സരമായതിനാല്‍ ആദ്യം ബാറ്റ് ചെയ്തത് മനസ്സിലാക്കാന്‍ സാധിക്കും. അതിനു ശേഷം 20-ാം ഓവറിനു മുമ്പ് റോയല്‍സ് നേടിയത് മൂന്നു വിക്കറ്റിനു 131 റണ്‍സാണ്.

മൂന്നു വിക്കറ്റുകളും വീഴ്ത്തിയത് ഫാസ്റ്റ് ബൗളര്‍മാരാണ്. സ്പിന്നര്‍മാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ചോപ്ര വിലയിരുത്തി.

ഈ പിച്ച് സ്ലോ ആയിരുന്നെങ്കില്‍ ബാറ്റര്‍മാരെ പുറത്താക്കേണ്ടിയിരുന്നത് സ്പിന്നര്‍മാരാണ്. പക്ഷെ അതു സംഭവിച്ചില്ല. ഇതാണ് ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. സിമര്‍ജീത് സിങ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

റോയല്‍സ് നിരയില്‍ ഒരു ബാറ്ററും പ്രതീക്ഷിച്ചതു പോലെ സ്‌കോര്‍ ചെയ്തതുമില്ല. നിങ്ങള്‍ 19 ഓവറില്‍ 131 റണ്‍സാണ് സ്‌കോര്‍ ചെയ്യുന്നതെങ്കില്‍ അതു തനിക്കു മനസ്സിലാക്കാവുന്നതിലും അപ്പുറമാണെന്നും ചോപ്ര വിമര്‍ശിച്ചു.

രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 21 പന്തില്‍ 24 റണ്‍സാണ് നേടിയത്. സിമര്‍ജീതിന്റെ പന്തില്‍ പുള്‍ഷോട്ടിനു ശ്രമിക്കവെയാണ് ജയ്‌സ്വാള്‍ പുറത്തായത്.

ഫൈന്‍ ലെഗില്‍ റിതുരാജ് ഗെയ്ക്വാദ് ക്യാച്ചെടുക്കുകയായിരുന്നു. പുള്‍ ഷോട്ട് കളിക്കുമ്പോള്‍ ജയ്സ്വാളിനു ഇപ്പോള്‍ പതിവായി പിഴയ്ക്കുന്നതായി ചോപ്ര ചൂണ്ടിക്കാട്ടി.

തുടക്കം മുതല്‍ തന്നെ ഈ കളിയില്‍ റോയല്‍സ് നന്നായിട്ട് ബാറ്റ് ചെയ്തില്ല. ബാറ്റിംഗില്‍ യശസ്വിയെ പുതിയൊരു പ്രശ്നം അലട്ടുകയാണ്. ഈ സീസണില്‍ പുള്‍ ഷോട്ട് കളിച്ച് അവന്‍ പുറത്താവുന്നത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

സ്‌കൂപ്പ് ഷോട്ട് കളിച്ച ജോസ് ബട്ലര്‍ ഡീപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അതൊരു മികച്ച ക്യാച്ചുമായിരുന്നു. റിയാന്‍ പരാഗ് സ്‌കോര്‍ ചെയ്തെങ്കിലും ഇതിനിടെ ആയുസ് നീട്ടിക്കിട്ടിയിരുന്നു.

ഡീപ്പില്‍ മഹീഷ് തീക്ഷണ സിംപിള്‍ ക്യാച്ച് എടുത്തിരുന്നെങ്കില്‍ പരാഗിനും സ്‌കോര്‍ ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നും ചോപ്ര പറയുന്നു.

സഞ്ജു സാംസണിനും മികച്ച രീതിയില്‍ മുന്നോട്ടു പോവാന്‍ കഴിഞ്ഞില്ല. ധ്രുവ് ജൂറല്‍ ചില ഷോട്ടുകള്‍ കളിച്ചെങ്കിലും ബാറ്റിംഗില്‍ ഒരിക്കലും താളമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ റോയല്‍സ് എന്താണ് ചെയ്തതെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും.

നിങ്ങള്‍ക്കു ടോസ് ലഭിച്ചു, ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ടു വിദേശ താരങ്ങളെ മാത്രമാണ് നിങ്ങള്‍ കളിപ്പിച്ചത്. ഷിംറോണ്‍ ഹെറ്റ്മെയര്‍ ലഭ്യമല്ലെങ്കില്‍ റോയല്‍സിനു റോവ്മന്‍ പവലിനെ കളിപ്പിക്കാമായിരുന്നു. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് പവലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഇന്നിംഗ്‌സില്‍ ധ്രുവ് ജൂറലിനെ പിന്‍വലിച്ച് നാന്ദ്രെ ബര്‍ഗറിനെ ഇംപാക്ട് സബ് ആക്കിയെങ്കിലും മത്സരം വിജയിക്കാനായില്ലെന്നത് സഞ്ജുവിന്റെ തന്ത്രത്തിന്റെ പാളിച്ചയാണ് വ്യക്തമാക്കുന്നത്.

Related Articles

Back to top button