Cricket

ഹോ സ്‌കോട്ടിഷ് വീര്യം!! വിന്‍ഡീസ് ചാരം!!

ലോകകപ്പില്‍ രണ്ടാംനിരക്കാരെന്ന് മുദ്രകുത്തിയവര്‍ തുടര്‍ച്ചയായി അട്ടിമറികളുമായി കളംനിറയുന്നു. ആദ്യദിനം നമീബിയ സ്വന്തമാക്കിയപ്പോള്‍ ഇന്ന് സ്‌കോട്‌ലന്‍ഡിന്റെ ദിവസമായിരുന്നു. ആദ്യം ശ്രീലങ്കയാണ് ഞെട്ടിയതെങ്കില്‍ ഇത്തവണ രണ്ടു തവണ ലോകകപ്പ് നേടിയ വിന്‍ഡീസിനാണ് തലയ്ക്ക് അടികിട്ടിയത്. 42 റണ്‍സ് ജയത്തോടെ അടുത്ത റൗണ്ടിലേക്ക് സാധ്യതകള്‍ സജീവമാക്കി.

161 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് നല്ല തുടക്കം തന്നെയാണ് കിട്ടിയത്. 13 പന്തില്‍ 20 റണ്‍സെടുത്ത കെയ്ല്‍ മെയേഴ്‌സ് ഡേവിക്ക് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് ബ്രണ്ടന്‍ കിംഗും എവിന്‍ ലൂയിസും ചേര്‍ന്ന് 53 വരെ സ്‌കോര്‍ എത്തിച്ചു.

ഈ നിമിഷങ്ങളിലൊന്നും സ്‌കോട്‌ലന്‍ഡിന് വലിയ സാധ്യത പോലും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ലൂയിസിനെ (14) വീല്‍ വീഴ്ത്തിയതോടെ കളിമാറി. പിന്നീട് വിക്കറ്റുകളുടെ പെരുമഴയായിരുന്നു. നിക്കോളസ് പൂരാന്‍ (4), കിംഗ് (17), ഷംറ്ര ബ്രൂക്ക്‌സ് (4), റോവന്‍ പവല്‍ (5) എന്നിവരെല്ലാം പൊരുതാതെ കീഴടങ്ങി.

സ്‌കോട്‌ലന്‍ഡിന്റെ ബൗളിംഗും ഫീല്‍ഡിംഗും എടുത്തു പറയേണ്ട ഘടകങ്ങളാണ്. ആദ്യ മല്‍സരത്തില്‍ നമീബിയ കാഴ്ച്ചവച്ച അതേ മനോഭാവത്തിലാണ് സ്‌കോട്ടിഷ് ഫീല്‍ഡര്‍മാരും കളത്തില്‍ നിറഞ്ഞത്. അക്കീല്‍ ഹൊസൈനെ റണ്ണൗട്ടാക്കിയതെല്ലാം അവരുടെ ഫീല്‍ഡിംഗ് മികവിന്റെ ഉദാഹരണങ്ങളാണ്. സ്‌കോട്‌ലന്‍ഡ് നിരയില്‍ പന്തെറിഞ്ഞവരെല്ലാം തങ്ങളുടേതായ റോളുകള്‍ ഭംഗിയാക്കി.

ആദ്യം ബാറ്റു ചെയ്ത സ്‌കോട്‌ലന്‍ഡിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. എന്നാല്‍ കളി അഞ്ചോവര്‍ പിന്നിട്ടപ്പോള്‍ മഴയെത്തിയത് തിരിച്ചടിയായി. ആ സമയത്ത് വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സിലായിരുന്നു സ്‌കോട്ടിഷ് ടീം. അതുവരെ തകര്‍ത്തടിച്ച ജോര്‍ജ് മുന്‍സി മഴയ്ക്കു ശേഷമുള്ള ഇടവേളയില്‍ നിശബ്ദനാകുന്നതാണ് പിന്നീട് കണ്ടത്.

തലങ്ങും വിലങ്ങും പന്ത് പായിച്ചിരുന്ന മുന്‍സി സിംഗിളുകള്‍ എടുക്കാന്‍ പോലും ബുദ്ധിമുട്ടി. എന്നാല്‍ മറുവശത്ത് കലം മക്ലോര്‍ഡ് (23), ക്രിസ് ഗ്രീവ്‌സ് (16), റിച്ചി ബാരിംഗ്ടണ്‍ (16) എന്നിവരുടെ അവസരോചിത ഇന്നിംഗ്‌സുകള്‍ ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സ്‌കോട്‌ലന്‍ഡിനെ തുണച്ചു. ഒഡെയ്ന്‍ സ്മിത്ത് അവസാന ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്തതും വിന്‍ഡീസിന് തിരിച്ചടിയായി.

Related Articles

Back to top button