Cricket

തോല്‍ക്കുകയും ചെയ്തു റെക്കോഡുമില്ല!! ധോണിയുടെ ആ റെക്കോഡ് സഞ്ജുവിന് ജസ്റ്റ് മിസ്

രഞ്ജി ട്രോഫിയില്‍ കരുത്തരായ മുംബൈയ്‌ക്കെതിരേ വന്‍തോല്‍വി വഴങ്ങിയ കേരളത്തിന്റെ ടൂര്‍ണമെന്റിലെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്. നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്.

ടീം പരാജയപ്പെട്ടുവെങ്കിലും താരതമ്യേന മികച്ച പ്രകടനമാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്. ആദ്യ ഇന്നിംഗില്‍ 36 പന്തില്‍ 38 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വച്ച താരം. രണ്ടാം ഇന്നിംഗ്‌സില്‍ 15 റണ്‍സുമായി പുറത്താവാതെ നിന്നു.

എന്നാല്‍ ടീം രണ്ടാം ഇന്നിംഗ്‌സില്‍ 94ന് ഓള്‍ഔട്ട് ആയതോടെ 232 റണ്‍സിന്റെ തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു. എന്നാല്‍ വ്യക്തിപരമായി ഒരു റെക്കോഡ് നേടാനുള്ള അവസരവും സഞ്ജുവിന് മത്സരത്തില്‍ നഷ്ടമായി.

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാവസരമാണ് കൈയെത്തും ദൂരത്ത് നഷ്ടമായത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത മൂന്നാമത്തെ താരമാണ് ധോണി. മുമ്പ് ബിഹാറിനു വേണ്ടി കളിക്കവെയാണ് ധോണി ഒരു കളിയില്‍ ഒമ്പതു ക്യാച്ചുകളുമായി എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിച്ചത്.

2003 ഡിസംബര്‍ ഒമ്പതിനു വിദര്‍ഭയ്ക്കെതിരേ നാഗ്പൂരില്‍ നടന്ന കളിയിലായിരുന്നു ധോണിയുടെ ഈ പ്രകടനം. ഈ റെക്കോര്‍ഡാണ് വെറും രണ്ടു ക്യാച്ചകലെ സഞ്ജുവിനു നഷ്ടമായത്.

ആദ്യ ഇന്നിങ്സില്‍ അഞ്ചു ക്യാച്ചുകളെടുത്ത സഞ്ജുവിനു പക്ഷെ രണ്ടാമിന്നിംഗ്‌സില്‍ രണ്ടെണ്ണം മാത്രമേ ലഭിച്ചുള്ളൂ.

സഞ്ജുവിനെക്കൂടാതെ ഒരു കളിയില്‍ ഏഴു ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ ദിനേശ് കാര്‍ത്തിക്, കെഎസ് ഭരത്, പാര്‍ഥീവ് പട്ടേല്‍, വൃധിമാന്‍ സാഹ തുടങ്ങിയ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. കെ.എസ് ഭരതിനു രണ്ടു തവണ ഈ നേട്ടം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സഞ്ജുവും ആ നിരയിലേക്കെത്തിയിരിക്കുകയാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെന്ന റെക്കോഡ് മന്‍വീന്ദര്‍ സിംഗ് ബിസ്ലയുടെയും കെ.എസ് ഭരതിന്റെയും പേരിലാണ്. 11 ക്യാച്ചുകളാണ് ഇരുവരും ഒരു മത്സരത്തില്‍ നേടിയത്.

2004ല്‍ സൗരാഷ്ട്രയ്ക്കെതിരേ ഹിമാചല്‍ പ്രദേശിനു വേണ്ടിയായിരുന്നു ബിസ്ലയുടെ പ്രകടനം. 2020ല്‍ സൗരാഷ്ട്രയ്ക്കെതിരേ തന്നെ ആന്ധ്രാ പ്രദേശിനു വേണ്ടിയാണ് ഭരത് 11 ക്യാച്ചുകളെടുത്തത്.

മുംബൈയ്ക്കെതിരേ ഒന്നാമിന്നിംഗ്‌സില്‍ ഭൂപന്‍ ലല്‍വാനി, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, സുവേദ് പാര്‍ക്കര്‍, ശിവം ദുബെ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരുടെ ക്യാച്ചുകളാണ് സഞ്ജു ഗ്ലൗവിലൊതുക്കിയത്. രണ്ടാമിന്നിംഗ്‌സിലാവട്ടെ ജയ് ബിസ്ത, ശിവം ദുബെ എന്നിവരെയും സഞ്ജു കൈപ്പിടിയിലൊതുക്കി.

എന്തായാലും മത്സരത്തിലെ വമ്പന്‍ പരാജയം സഞ്ജുവിനെയാകെ നിരാശനാക്കിയിരിക്കുകയാണ്. വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു മത്സരത്തിലാണ് കേരളം ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്.

ആദ്യ ഇന്നിംഗ്‌സില്‍ മുംബൈ 251 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 244ന് ഓള്‍ഔട്ടാവുകയായിരുന്നു. 221ന് നാല് എന്ന ശക്തമായ നിലയിലായിരുന്ന കേരളം അവസാന ആറു വിക്കറ്റുകള്‍ വെറും 23 റണ്‍സിനാണ് കളഞ്ഞു കുളിച്ചത്.

രണ്ടാം ഇന്നിംഗ്‌സില്‍ മുംബൈ 319 റണ്‍സെടുത്തതോടെ വിജയലക്ഷ്യം 327 റണ്‍സാവുകയായിരുന്നു. മുംബൈയ്ക്ക് ബോണസ് പോയിന്റ് നല്‍കിയില്ലെന്നതാണ് ആകെയുള്ള ആശ്വാസം.സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും മുംബൈ ബോണസ് പോയിന്റ് നേടിയിരുന്നു.

Related Articles

Back to top button