Cricket

ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയംഗത്തിന് പണിപോയി; കാരണം അഗാര്‍ക്കര്‍!! വിനയായത് ഒരേ സോണ്‍ പ്രശ്‌നം!!

ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി അജിത്ത് അഗാര്‍ക്കാര്‍ ചുമതലയേറ്റിട്ട് വലിയ കാലമായിട്ടില്ല. ചേതന്‍ ശര്‍മ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പുറത്തു പോയതിനു പിന്നാലെയാണ് മുംബൈക്കാരനായ അഗാര്‍ക്കര്‍ക്ക് നറുക്കു വീണത്.

ഇന്ത്യയ്ക്കായി നിരവധി മല്‍സരങ്ങളില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയിട്ടുള്ള അഗാര്‍ക്കാര്‍ ഈ റോളിന് അനുയോജ്യനുമാണ്. ചുമതലയേറ്റ ശേഷം അഗാര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുക എന്നതായിരുന്നു.

സൂര്യകുമാര്‍ യാദവിനെയും കെഎല്‍ രാഹുലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയതിന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നെങ്കിലും രാഹുല്‍ ഫോമിലായതോടെ അഗാര്‍ക്കറിനും ആശ്വാസമായി. ചേതന്‍ ശര്‍മ ട്വന്റി-20 ലോകകപ്പിന് ടീമിനെ തെരഞ്ഞെടുത്തതിലും നല്ലതാണ് അഗാര്‍ക്കറിന്റെ സെലക്ഷനെന്ന് പൊതുവേയുള്ള വിലയിരുത്തല്‍.

ഇപ്പോഴിതാ അഗാര്‍ക്കറിന്റെ വരവ് ഒപ്പമുള്ള ഒരു സെലക്ടറുടെ ജോലി പോകാന്‍ കാരണമാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നു. മുന്‍ ഇന്ത്യന്‍ പേസറും നിലവിലെ സെലക്ഷന്‍ കമ്മിറ്റി അംഗവുമായിട്ടുള്ള സലീല്‍ അങ്കോളയ്ക്കാണ് പണി പോകുന്നത്.

ഇതിന് അറിയാതെയെങ്കിലും കാരണക്കാരനായി മാറുന്നത് അഗാര്‍ക്കറാണെന്നതാണ് സത്യം. ബിസിസിഐയുടെ നയം അനുസരിച്ച് ഒരേ സോണില്‍ നിന്നുള്ള രണ്ടുപേര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ വരാന്‍ പാടില്ല. ഇങ്ങനെ വരുന്നത് സെലക്ഷനില്‍ ഒരു മേഖലയ്ക്ക് മാത്രം സ്വാധീനം കൂടാന്‍ ഇടയാക്കും.

നിലവില്‍ അഗാര്‍ക്കറും അങ്കോളയും വെസ്റ്റ് സോണില്‍ നിന്നുള്ളവരാണ്. ഇതാണ് അങ്കോളയ്ക്ക് പടിയിറങ്ങേണ്ട അവസ്ഥ ഉണ്ടാക്കിയത്. ലോകകപ്പിന് പിന്നാലെ തന്നെ പുതിയ സെലക്ടറെ കൊണ്ടു വരുമെന്നാണ് ലഭിക്കുന്ന വിവരം.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിവ്‌സുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, എസ്. ശരത്, സലില്‍ അങ്കോള എന്നിവരാണ് നിലവിലെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍. ഇന്ത്യയുടെ സീനിയര്‍ എ ടീം എന്നിവയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഈ കമ്മിറ്റിയാണ്.

ഇന്ത്യയ്ക്കായി 1 ടെസ്റ്റിലും 20 ഏകദിനത്തിലും കളിച്ച താരമാണ് 55കാരനായ അങ്കോള. ടെസ്റ്റില്‍ 2 വിക്കറ്റും ഏകദിനത്തില്‍ 13 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 181 വിക്കറ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. പാക്കിസ്ഥാനെതിരേ 1989 ല്‍ അരങ്ങേറിയ താരം അവസാന മല്‍സരം കളിക്കുന്നത് 1997ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ദര്‍ബനിലാണ്.

Related Articles

Back to top button