Cricket

രോഹിതും കോഹ് ലിയും മാത്രമല്ല വിരമിച്ചത് !! ലോകകപ്പിനു പിന്നാലെ രാജ്യാന്തര ട്വന്റി20യോടു വിടപറഞ്ഞത് ഒമ്പത് സൂപ്പര്‍ താരങ്ങള്‍

ട്വന്റി20 ലോകകപ്പ് നേടിയതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍താരം വിരാട് കോഹ് ലിയും രാജ്യാന്തര ട്വന്റി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും മാത്രമല്ല, മറ്റ് ഏഴ് താരങ്ങള്‍ കൂടി ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ടി-20യോട് വിടപറഞ്ഞു.

ഫൈനലിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് വിരാട് അന്താരാഷ്ട്ര ട്വന്റി20യില്‍ നിന്നും പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്.

2014 ട്വന്റി20 ലോകകപ്പ് ഫൈനലില്‍ കളിയുടെ താരമായതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച കുമാര്‍ സംഗക്കാരക്ക് ശേഷം ഇതാദ്യമായാണ് ഒരു താരം കലാശപ്പോരാട്ടത്തില്‍ കളിയിലെ താരമായി ഫോര്‍മാറ്റിനോട് വിടപറയുന്നത്.

രാജ്യാന്തര ട്വന്റി20യിലെ റണ്‍വേട്ടക്കാരില്‍ രോഹിതിനു പിന്നില്‍ രണ്ടാമനായാണ് കോഹ് ലി കരിയര്‍ അവസാനിപ്പിക്കുന്നത്.

17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത ശേഷമാണ് ലോക ക്രിക്കറ്റിലെ തന്നെ അപൂര്‍വ പ്രതിഭയായ രോഹിത് പടിയിറങ്ങുന്നത്.

‘ടി-20യില്‍ നിന്നും വിരമിക്കുമെന്ന് ഞാന്‍ കരുതിയില്ല, എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു എനിക്ക് പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഞാന്‍ കരുതി. കിരീടം നേടിക്കൊണ്ട് വിട പറയുന്നത് വളരെ മികച്ചതാണ്,’ എന്നാണ് വിരമിക്കലിന് പിന്നാലെ രോഹിത് പറഞ്ഞത്.

സമകാലീന ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ കൂടി കുട്ടിക്രിക്കറ്റിനോട് വിടപറയുന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്.

ഈ ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും ടീമിനായി ഏറെ സംഭാവന നല്‍കിയ ജഡേജ രാജ്യാന്തര ട്വന്റി20യില്‍ 500ല്‍ അധികം റണ്‍സും 50ല്‍ അധികം വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്.

ഓസ്‌ട്രേലിയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാള്‍ എന്ന വിശേഷണത്തോടെയാണ് ഡേവിഡ് വാര്‍ണര്‍ രാജ്യാന്തര ക്രിക്കറ്റിനോട് തന്നെ വിടപറയുന്നത്. ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും താരം മുമ്പേ തന്നെ വിരമിച്ചിരുന്നു.

ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകര്‍ ഉള്ള ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനുത്തരമായിരുന്നു വാര്‍ണര്‍. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലുമുള്ള ലോകകപ്പുകളും വിജയിച്ചു കൊണ്ടാണ് വാര്‍ണറിന്റെ മടക്കം.

ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രധാന പേരുകാരില്‍ ഒരാളായ മഹ്‌മദുള്ളയും ഈ ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട പറയുകയാണ്. ഷാകിബ് അല്‍ ഹസന്‍ കഴിഞ്ഞാല്‍ ബംഗ്ലാ കടുവകള്‍ക്കായി ഏറ്റവുമധികം ലോകകപ്പ് കളിച്ചതും മഹ്‌മദുള്ളയാണ്, പക്ഷേ ടീമിനെ കിരീടം ചൂടിക്കാന്‍ മാത്രം താരത്തിന് സാധിച്ചിരുന്നില്ല.

കരിയറിന്റെ തുടക്കത്തില്‍ അടുത്ത സൂപ്പര്‍താരമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന താരം തരക്കേടില്ലാത്ത പ്രകടനത്തോടെയാണ് ട്വന്റി20 കരിയര്‍ അവസാനിപ്പിക്കുന്നത്. 138 മത്സരത്തില്‍ നിന്നും 2,394 റണ്‍സ് നേടിയ താരം, 40 വിക്കറ്റും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ട്രെന്‍ഡ് ബോള്‍ട്ടും ഇനിയൊരു ലോകകപ്പിനുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ തന്നെ രാജ്യാന്തര ട്വന്റി20യോട് വിട പറഞ്ഞ ബോള്‍ട്ട് ലോകകപ്പിനായി തിരിച്ചെത്തുകയായിരുന്നു.

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ന്യൂസിലന്‍ഡ് പുറത്തായെങ്കിലും മികച്ച പ്രകടനമാണ് ബോള്‍ട്ട് പുറത്തെടുത്തത്.
പപ്പുവ ന്യൂ ഗിനിക്കെതിരെയാണ് താരം അവസാന അന്താരാഷ്ട്ര ടി-20 കളിച്ചത്. കിവീസിനായി 61 മത്സരത്തില്‍ നിന്നും 83 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

നമീബിയന്‍ ഇതിഹാസ താരം ഡേവിഡ് വീസും ഈ ലോകകപ്പില്‍ തന്റെ അവസാന അന്ത്രാരാഷ്ട്ര മത്സരം കളിച്ച് പടിയിറങ്ങിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് 39കാരനായ താരം അവസാന മത്സരം കളിച്ചത്. മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയും കളിച്ചിട്ടുള്ള വീസ് 54 രാജ്യാന്തര ട്വന്റി20യില്‍ കളിച്ച താരം 624 റണ്‍സും 59 വിക്കറ്റും നേടിയിട്ടുണ്ട്.

നെതര്‍ലന്‍ഡ്സ് സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടും ഈ ലോകകപ്പോടെ പടിയിറങ്ങിയിരിക്കുകയാണ്. ശ്രീലങ്കക്കെതിരെയാണ് താരം അവസാന മത്സരം കളിച്ചത്. ഓറഞ്ച് പടയ്ക്കായി 12 ട്വന്റി20 മത്സരം കളിച്ച എന്‍ഗല്‍ബ്രെക്ട് 31.11 ശരാശരിയില്‍ 280 റണ്‍സാണ് നേടിയത്. 2008ലെ അണ്ടര്‍19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച താരം പാപ്പുവ ന്യൂഗിനയ്‌ക്കെതിരേ നേടിയ ക്യാച്ച് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്.

ഉഗാണ്ടന്‍ നായകന്‍ ബ്രയാന്‍ മസാബയാണ് വിരമിക്കല്‍ പ്രഖ്യാപിച്ച മറ്റൊരു താരം. ചരിത്രത്തിലാദ്യമായി ഉഗാണ്ട ലോകകപ്പ് കളിച്ചപ്പോള്‍ ടീമിന്റെ അമരത്ത് മസാബയുണ്ടായിരുന്നു. പക്ഷേ ആഫ്രിക്കന്‍ ക്വാളിഫയറില്‍ പുലര്‍ത്തിയ മികവ് അവര്‍ക്ക് ലോകകപ്പില്‍ തുടരാന്‍ സാധിച്ചില്ല.

അതേസമയം ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മില്ലര്‍ ആ വാര്‍ത്തകള്‍ നിഷേധിച്ചു രംഗത്തു വരികയായിരുന്നു.

Related Articles

Back to top button