Cricket

പൂരാന്‍ ഔട്ട്! ടീമില്‍ പോലും സ്ഥാനമില്ലാത്ത താരത്തെ ക്യാപ്റ്റനാക്കാന്‍ നീക്കം!

അനിശ്ചിതത്വങ്ങള്‍ക്കു പേരുകേട്ട വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ വീണ്ടും തലമാറ്റം. ട്വന്റി-20 ലോകകപ്പില്‍ മോശം പ്രകടനം നടത്തിയ ക്യാപ്റ്റന്‍ നിക്കോളസ് പൂരാനെ പുറത്താക്കി സെലക്ടര്‍മാര്‍. പുതിയ ഏകദിന, ട്വന്റി-20 ക്യാപ്റ്റനായി റോവാന്‍ പവലിനെ കൊണ്ടു വരാനാണ് നീക്കം. ടീമില്‍ സ്ഥിര സാന്നിധ്യം പോലുമല്ലാത്ത താരമാണ് പവല്‍.

ക്യാപ്റ്റനെന്ന നിലയില്‍ വളരെ മോശം പ്രകടനമായിരുന്നു പൂരാന്‍ നടത്തിയത്. മികച്ച തന്ത്രങ്ങളില്ലെന്ന് മാത്രമല്ല ബാറ്റിംഗിലും താരം പിന്നോട്ട് പോയി. കെയ്‌റണ്‍ പൊളാര്‍ഡിനെ മാറ്റിയാണ് പൂരാനെ ടീം ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധി ക്യാപ്റ്റന്മാര്‍ വന്നു പോയെങ്കിലും ആര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

ജേസണ്‍ ഹോള്‍ഡര്‍ ഭേദപ്പെട്ട ക്യാപ്റ്റന്‍ ആയിരുന്നെങ്കിലും ടീമിലെ പടലപ്പിണക്കങ്ങളും സീനിയര്‍ താരങ്ങളുടെ നിസഹകരണവും തിരിച്ചടിയായി. അടുത്ത ട്വന്റി-20 ലോകകപ്പിന് മുമ്പ് ടീമിനെ സെറ്റാക്കാന്‍ വേണ്ടിയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിക്കുന്നതെന്നാണ് ബോര്‍ഡിന്റെ നിലപാട്. കരീബിയന്‍ ദ്വീപുകളിലും യുഎസ്എയിലും ആയിട്ടാണ് ലോകകപ്പ് നടക്കുക.

ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് വിന്‍ഡീസ് കോച്ച് സ്ഥാനം ഫില്‍ സിമ്മണ്‍സ് രാജിവച്ചിരുന്നു. പുതിയ കോച്ചായി മുന്‍ താരം കാള്‍ ഹൂപ്പറിനെ കൊണ്ടു വന്നേക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. പ്രഖ്യാപനം ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ഉണ്ടായേക്കും.

Related Articles

Back to top button