Cricket

അയര്‍ലന്‍ഡില്‍ ‘ക്ലിക്കായ’ റോള്‍ സഞ്ജുവിന് നല്‍കും; തലവര മാറ്റുന്ന നീക്കത്തിന് ടീം ഇന്ത്യ!!

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിന് ഈയാഴ്ച്ച തുടക്കം കുറിക്കുകയാണ്. മൂന്ന് ട്വന്റി-20 മല്‍സരങ്ങള്‍ അടുത്ത വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിന് മുമ്പുള്ള ഡ്രസ് റിഹേഴ്‌സലാണ് രണ്ട് ടീമുകള്‍ക്കും. യുവതാരങ്ങളാല്‍ സമ്പന്നമായ ടീമുമായിട്ടാണ് ഇന്ത്യ അയര്‍ലന്‍ഡ് മണ്ണില്‍ വിമാനം ഇറങ്ങിയത്.

ടീമിലെ പലരും ഇതുവരെ രാജ്യത്തിനായി കളിക്കാത്ത താരങ്ങളാണ്. സീനിയര്‍ താരങ്ങളുടെ റോളിലാണ് സഞ്ജു സാംസണും ജസ്പ്രീത് ബുംറയ്ക്കുമെല്ലാം സ്ഥാനം. അടുത്ത ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കുന്ന യുവതാരങ്ങളുടെ സംഘമെന്ന് അയര്‍ലന്‍ഡിലേക്കുള്ള ടീമിനെ പറയാന്‍ സാധിക്കും.

സീനിയര്‍ താരത്തിന്റെ റോളിലാണ് എത്തുന്നതെങ്കിലും സഞ്ജുവിന് അതിനിര്‍ണായകമാണ് ഈ പരമ്പര. കഴിഞ്ഞ തവണ ഇവിടെ പര്യടനത്തിന് എത്തിയപ്പോള്‍ ഓപ്പണര്‍ റോളില്‍ 77 റണ്‍സെടുത്ത സഞ്ജുവിന് ഇത്തവണയും വലിയ പ്രതീക്ഷയാണുള്ളത്.

വിന്‍ഡീസ് പര്യടനത്തില്‍ ആറാം നമ്പറില്‍ ബാറ്റുചെയ്യേണ്ട വന്ന മലയാളിതാരത്തിന് ഇത്തവണ സന്തോഷമാണ്. കാരണം, മൂന്നാം നമ്പറിലാകും സഞ്ജു അയര്‍ലന്‍ഡില്‍ ബാറ്റുവീശുക. വിന്‍ഡീസിനെതിരേ ഈ സ്ഥാനത്തു കളിച്ചിരുന്നത് സൂര്യകുമാര്‍ യാദവായിരുന്നു.

സൂര്യ അയര്‍ലന്‍ഡില്‍ ഇല്ലാത്തതിനാലും സഞ്ജുവിന്റെ ഇഷ്ട പൊസിഷന്‍ ആയതിനാലുമാകും ഈ പൊസിഷനില്‍ തന്നെ കളത്തിലിറക്കുക. അയര്‍ലന്‍ഡിലെ സാഹചര്യം ബാറ്റിംഗിനു കൂടി അനുകൂലമാണ്. പേസും ബൗണ്‍സുമുള്ള പിച്ച് ബാറ്റര്‍മാര്‍ക്കും ഗുണപ്രദമാണ്.

സഞ്ജുവിനെ പോലൊരു താരത്തെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഇറക്കുന്നതാണ് പ്രശ്‌നമെന്ന് പല മുന്‍കാല താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്.

ഇതുകൂടി പരിഗണിച്ചാണ് സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് പ്രമോട്ട് ചെയ്യുന്നത്. അയര്‍ലന്‍ഡില്‍ ഇന്ത്യയുടെ മല്‍സരം കാണാന്‍ നൂറുകണക്കിന് മലയാളികളാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. പരമ്പരയില്‍ ആരാധകരുടെ പ്രിയ താരമായി മാറുക സഞ്ജു തന്നെയാകും.

തങ്ങള്‍ സഞ്ജുവിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്ന് ഡബ്ലിനില്‍ താമസിക്കുന്ന വിദ്യാ വിനോദും കുടുംബവും സ്‌പോര്‍ട്‌സ് ക്യൂവിനോട് പറഞ്ഞു. മലയാളികള്‍ ഗ്രൂപ്പായിട്ടാണ് മല്‍സരത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.

അതേസമയം, ആദ്യ മല്‍സരം നടക്കുന്ന വെള്ളിയാഴ്ച്ച മഴ പെയ്‌തേക്കുമെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് ആശങ്കയായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ മഴമൂലം ഉപേക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ്.

Related Articles

Back to top button