Cricket

കൂനിന്മേല്‍ കുരു!! ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസീസ് താരം പരിക്കേറ്റ് പുറത്ത്; റിഷഭ് പന്തിന് വന്‍ തിരിച്ചടി

ഐപിഎല്ലില്‍ തോല്‍വികളില്‍ വലയുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന മാര്‍ഷിന് ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമാവുമെന്ന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ് അറിയിച്ചു. വലതുതുടയിലേറ്റ പരിക്കാണ് മാര്‍ഷിന് തിരിച്ചടിയായത്.

പരിക്കിനെത്തുടര്‍ന്ന് ചികിത്സക്കായി ഈ മാസം 12ന് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു പോയ മാര്‍ഷ് ഇനി മടങ്ങിവരാന്‍ സാധ്യതയില്ലെന്നാണ് പരിശീലകന്‍ പോണ്ടിംഗ് പറയുന്നത്.

ട്വന്റി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് മാര്‍ഷിന്റെ കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും എന്തായാലും മാര്‍ഷ് തിരിച്ചു വരാന്‍ സാധ്യതയില്ലെന്നും പോണ്ടിംഗ് പറഞ്ഞു. ട്വന്റി20യില്‍ ഓസ്‌ട്രേലിയയുടെ നായകന്‍ കൂടിയാണ് മാര്‍ഷ്.

അതേ സമയം മാര്‍ഷിന്റെ പകരക്കാരനെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പോണ്ടിംഗ് പറഞ്ഞു.

എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ മാര്‍ഷിന് കളിക്കാനാവുമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്ന് പോണ്ടിംഗ് പറഞ്ഞു.

ഈ സീസണില്‍ ഡല്‍ഹിക്കായി നാലു മത്സരങ്ങളില്‍ മാത്രമാണ് മാര്‍ഷ് കളിച്ചത്. നാലു മത്സരങ്ങളില്‍ നിന്ന് 61 റണ്‍സ് മാത്രം നേടിയ മാര്‍ഷിന്റെ ഉയര്‍ന്ന സ്‌കോര്‍ 23 മാത്രമായിരുന്നു. ഒരു വിക്കറ്റും മാര്‍ഷ് സ്വന്തമാക്കി.

കഴിഞ്ഞ സീസണിലും ഡല്‍ഹിക്കായി മുഴുവന്‍ മത്സരങ്ങളിലും കളിക്കാന്‍ മാര്‍ഷിന് കഴിഞ്ഞിരുന്നില്ല. പരിക്ക് മൂലം ഒമ്പത് മത്സരങ്ങളില്‍ മാത്രമായിരുന്നു മാര്‍ഷ് കളിച്ചത്.

ആറ് പോയന്റ് മാത്രമുള്ള ഡല്‍ഹി എട്ടാം സ്ഥാനത്താണിപ്പോള്‍. ബുധനാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആണ് ഡല്‍ഹിയുടെ അടുത്ത മത്സരം.

തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം ശനിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തില്‍ ഡല്‍ഹി 67 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു. 266 റണ്‍സാണ് ഡല്‍ഹിയ്‌ക്കെതിരേ ഹൈദരാബാദ് അടിച്ചു കൂട്ടിയത്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ടീം സ്‌കോറായിരുന്നു അത്.

Related Articles

Back to top button