Cricket

വീണ്ടും 360 ഡിഗ്രി രക്ഷകന്റെ ഒറ്റയാന്‍ വീര്യം!! സമാനകതകളില്ലാത്ത തിരിച്ചുവരവ്!

ടീം ഇന്ത്യ എപ്പോള്‍ ഒറ്റപ്പെട്ടുവെന്ന് എതിരാളികള്‍ കരുതുന്നുവോ അപ്പോള്‍ രക്ഷകനായി അയാളെത്തും, സൂര്യകുമാര്‍ യാദവ്. മറുവശത്ത് എതിരാളികളുടെ വേഗമേറിയ പന്തുകള്‍ക്ക് മുന്നില്‍ കൂട്ടുകാരെല്ലാം വീണുപോയിട്ടും ഒറ്റയ്ക്ക് പൊരുതിയ സ്‌കൈ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. കടന്നാക്രമണത്തിലൂടെ മുന്നില്‍ നിന്ന് നയിച്ച സൂര്യയുടെ മികവില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 133 റണ്‍സാണ്. 40 പന്തില്ഡ 68 റണ്‍സാണ് സൂര്യയുടെ സംഭാവന. 3 സിക്‌സറുകളും 4 ഫോറുകളും.

പേസിനെ നന്നായി തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ ഈ സ്‌കോര്‍ ബൗളര്‍മാര്‍ക്ക് പൊരുതാന്‍ ആവശ്യത്തിന് കോണ്‍ഫിഡന്‍സ് നല്‍കുന്നതാണ്. മികച്ച പേസര്‍മാരും സ്പിന്നറായി അശ്വിനും ഉള്ള ടീം ഇന്ത്യയ്ക്ക് ആഞ്ഞു പിടിച്ചാല്‍ കളി കൈയിലാക്കി സെമി ഉറപ്പിക്കാം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റ് വീഴും മുമ്പ് സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ രോഹിത്-രാഹുല്‍ സഖ്യത്തിന് സാധിച്ചു. എന്നാല്‍ വെറും മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് പന്തിനിടെ രോഹിതും (15), രാഹുലും (9) മടങ്ങി.

കാര്യമായ സംഭാവന നല്‍കാതെ വിരാട് കോഹ്ലിയും (12) ദീപക് ഹൂഡയും (0), ഹര്‍ദിക് പാണ്ഡ്യയും (2) മടങ്ങിയതോടെ ഇന്ത്യ 5ന് 49 റണ്‍സെന്ന വലിയ കുഴിയിലേക്ക് വീണു. സൂര്യകുമാര്‍ യാദവ് വീണ്ടും ഇന്ത്യയുടെ രക്ഷകനാകുന്നതാണ് പെര്‍ത്തിലെ അതിവേഗ പിച്ചും അലറിക്കരയുന്ന ഗ്യാലറികളും കണ്ടത്. അതിവേഗ കൗണ്ടര്‍ ബാറ്റിംഗിലൂടെ ആഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയെന്ന തന്ത്രമായിരുന്നു സൂര്യ നടപ്പിലാക്കിയത്.

കാര്‍ത്തിക്കിനെ ഒരു സൈഡില്‍ കാഴ്ച്ചക്കാരനാക്കി നിര്‍ത്തി കടന്നാക്രമിച്ച സൂര്യ 30 പന്തില്‍ നിന്നാണ് 50 തികച്ചത്. 3 സിക്‌സറുകളും ഫോറും അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ സൂര്യയുടെ അക്കൗണ്ടിലുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ നേടിയ ആ ബൗണ്ടറികളാണ് ഇന്ത്യയുടെ തിരിച്ചു വരവിന് വഴിയൊരുക്കിയതും.

എതിരാളികള്‍ മേല്‍ക്കൈ നേടുമ്പോള്‍ പടയോട്ടം അവരുടെ ക്യാംപിലേക്ക് നയിക്കുകയെന്നതാണ് സൂര്യയുടെ ശൈലി. അഞ്ചാം ബൗളറെ സമ്മര്‍ദത്തിലാക്കി ദക്ഷിണാഫ്രിക്കന്‍ ക്യാംപിലാകെ പരിഭ്രാന്തി പടര്‍ത്താനും സൂര്യയുടെ ബാറ്റിംഗ് രീതിക്ക് കഴിഞ്ഞു. അവസാന ഓവറുകളില്‍ സൂര്യയ്ക്ക് നല്ലൊരു കൂട്ട് കൂടി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ മറ്റൊരു തലത്തില്‍ എത്തിയേനെ.

Related Articles

Back to top button