Cricket

കാര്യവട്ടത്ത് വെടിക്കെട്ടുകാര്‍ ഇന്ത്യയ്ക്കായി കളിക്കും; ആരാധകര്‍ക്ക് അതിസന്തോഷം!

ശ്രീലങ്കയ്‌ക്കെതിരേ ഞായറാഴ്ച്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വലിയ മാറ്റത്തിന് സാധ്യത. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിയതിനാല്‍ ഇതുവരെ കളിക്കാത്ത താരങ്ങള്‍ക്ക് കാര്യവട്ടത്ത് അവസരം ലഭിക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ആദ്യ രണ്ടു മല്‍സരങ്ങളിലും കളിച്ചിരുന്നില്ല. ഇരുവരുടെയും ബാറ്റിംഗ് വിരുന്ന മലയാളി ആരാധകര്‍ക്ക് ആസ്വദിക്കാനുള്ള അവസരമാണ് തെളിഞ്ഞു വരുന്നത്. സെപ്റ്റംബറില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 നടന്നപ്പോള്‍ സൂര്യകുമാര്‍ തകര്‍ത്തടിച്ചിരുന്നു.

ഇഷാന്‍ കിഷനാകട്ടെ ഇന്ത്യയ്ക്കായി അവസാനം കളിച്ച ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും നേടിയിരുന്നു. ഡിസംബറില്‍ ബംഗ്ലാദേശിനെതിരേ അവരുടെ നാട്ടിലായിരുന്നു കിഷന്റെ വെടിക്കെട്ട്.

മാണ്ഡ്യയില്‍ നിന്നും കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ചാണ് ഇത്തവണ പിച്ച് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ റണ്‍മഴ തന്നെയാണ് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ ലങ്കയാണ് ആദ്യം ബാറ്റുചെയ്യുന്നതെങ്കില്‍ സ്‌കോര്‍ നില ചിലപ്പോള്‍ താഴ്‌ന്നേക്കാം. അടുത്ത കാലത്ത് ഏകദിനത്തില്‍ ലങ്കന്‍ ബാറ്റിംഗ് അത്ര മെച്ചമല്ലെന്നത് തന്നെ കാരണം.

വെള്ളിയാഴ്ച്ച വൈകുന്നേരം മല്‍സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ശനിയാഴ്ച്ച ഇരുകൂട്ടരും കാര്യവട്ടത്ത് പരിശീലനം നടത്തുന്നുണ്ട്.

മൂന്ന് വിക്കറ്റുകളാണ് മല്‍സരത്തിനായി ഒരുക്കിയിരിക്കുന്നത്. അതില്‍ നടുക്കുള്ള മാണ്ഡ്യ വിക്കറ്റാണ് കളിക്ക് ഉപയോഗിക്കുന്നത്. കളിയുടെ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 11.30 മുതല്‍ ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ച് തുടങ്ങും.

Related Articles

Back to top button