Football

ഗോകുലത്തിന് കിരീടം അകലെയല്ല; പക്ഷേ അത്രയടുത്തുമല്ല!!

നിറഞ്ഞ പ്രതീക്ഷയോടെയാണ് 2022-23 സീസണിലേക്ക് ഗോകുലം കേരള എഫ്‌സി പന്തു തട്ടി തുടങ്ങിയത്. എന്നാല്‍ ഗോളടിക്കാന്‍ ആളില്ലാതെ വന്നത് റിസല്‍ട്ടിനെ ബാധിച്ചെങ്കിലും കിരീടത്തിലേക്കുള്ള നോട്ടത്തില്‍ അവര്‍ പൂര്‍ണമായി പിന്തള്ളപ്പെട്ടില്ല.

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചില ഉഗ്രന്‍ സൈനിംഗുകള്‍ വന്നതോടെ വീണ്ടും ട്രാക്കിലാകാനുള്ള ഓട്ടത്തിലാണ് മലബാറിയന്‍സ്. വെള്ളിയാഴ്ച്ച നിര്‍ണായക പോരാട്ടത്തില്‍ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലേക്ക് തിരികെയെത്തുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ടീം മുന്നില്‍ വയ്ക്കുന്നില്ല.

ഐലീഗില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീമുകള്‍ ശ്രീനിധി ഡെക്കാനും റൗണ്ട് ഗ്ലാസ് പഞ്ചാബുമാണ്. രണ്ടു ടീമുകളുമായി ഗോകുലത്തിന്റെ പോയിന്റ് വ്യത്യാസം 7,5 എന്നിങ്ങനെയാണ്. വലിയ വ്യത്യാസമെന്ന് തോന്നിച്ചേക്കുമെങ്കിലും ഈ ടീമുകളൊന്നും തന്നെ സ്ഥിരമായി ജയിച്ചു മാത്രം മുന്നേറുന്ന ടീമുകളല്ല.

പിന്നില്‍ നില്‍ക്കുന്ന ടീമുകളോട് പോലും ഇടയ്ക്ക് അവര്‍ തോല്‍ക്കുന്നുണ്ട്. ഈ കണക്കുകള്‍ തന്നെയാണ് ഗോകുലത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. സ്ഥിരമായി ആധിപത്യം പുലര്‍ത്താന്‍ ഐലീഗില്‍ ഒരു ടീമിനും സാധിക്കുന്നില്ലെന്നതാണ് ഈ സീസണിന്റെ പ്രത്യേകത.

പോയിന്റ് പട്ടികയില്‍ പിന്നിലുള്ള ഐസ്വാള്‍ എഫ്‌സി ശ്രീനിഥി ഡെക്കാനെ അവരുടെ തട്ടകത്തില്‍ പോയി ജയത്തോളം പോന്ന സമനിലയില്‍ കുരുക്കിയത് തന്നെ ഉദാഹരണം. പല പിന്‍നിര ടീമുകളും ഹോംഗ്രൗണ്ടില്‍ എത്ര വലിയ എതിരാളിയെയും തകര്‍ത്തു വിടുന്നത് ഐലീഗിന്റെ പ്രത്യേകതയാണ്.

ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ പുലികളായി എവേ മല്‍സരങ്ങളില്‍ ദയനീയമായി തോല്‍ക്കുന്ന റിയല്‍ കശ്മീരിനെ വീഴ്ത്തി കോഴിക്കോട് പുതിയ വഴിവെട്ടാനായാല്‍ മലബാറിയന്‍സിന് കിരീടവും ഐഎസ്എല്ലിലേക്കൊരു സ്‌പോട്ടും അകലെയാകില്ല.

Related Articles

Back to top button