Cricket

ഐപിഎല്‍ താരം പീഡനക്കേസില്‍ ജയിലില്‍; ചതിച്ചത് സഹതാരം?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച ഏക നേപ്പാള്‍ താരമാണ് സന്ദീപ് ലാമിച്ചാനെ എന്ന യുവതാരം. കേവലം 21 വയസിനിടെ നേപ്പാളിന്റെ ക്യാപ്റ്റനാകുകയും ഐപിഎല്‍ ഉള്‍പ്പെടെ ലോകത്തിലെ എല്ലാ ലീഗുകളിലും കളിക്കുകയും ചെയ്തു ലാമിച്ചാനെ. എന്നാല്‍ ഇപ്പോള്‍ നേപ്പാളി ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ് ഈ യുവതാരം ഇപ്പോള്‍.

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ആണ് ലാമിച്ചാനെയെ തുടക്കത്തില്‍ വിവിധ ലീഗുകളിലേക്ക് കളിക്കാന്‍ കൊണ്ടുപോകുന്നത്. മികച്ച ലെഗ് സ്പിന്നുകളിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ ഐപിഎല്ലില്‍ ഉള്‍പ്പെടെ ലാമിച്ചാനെയ്ക്ക് കളിക്കാനായി. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് താരം പീഡനക്കേസില്‍ പെടുന്നത്.

തുടക്കത്തില്‍ സ്വഭാവിക പീഡനക്കേസാണെന്ന് കരുതിയെങ്കിലും ഇപ്പോള്‍ ഇതൊരു ചതിയാണെന്നതിന്റെ സൂചനകള്‍ പുറത്തു വരുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പരാതിക്കാരി. തന്നെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി.

കരീബിയിന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ ലാമിച്ചാനെ പോയ സമയത്താണ് കേസ് വരുന്നത്. തൊട്ടുപിന്നാലെ സിപിഎല്‍ ഉപേക്ഷിച്ച് നാട്ടിലെത്തിയ ലാമിച്ചാനെയെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം രണ്ടുമാസത്തോളമായി താരം ജയിലില്‍ കഴിയുകയാണ്.

കഴിഞ്ഞ ദിവസം ലാമിച്ചാനെയുടെ വക്കീല്‍ കോടതിയില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ലാമിച്ചാനെയോട് വ്യക്തി വൈരാഗ്യമുള്ള നേപ്പാള്‍ ടീമിലെ സഹതാരമാണ് കേസിന് പിന്നിലെന്നാണ് അഭിഭാഷകന്റെ വാദം. ഇതിനു തെളിവേകുന്ന ചില കാര്യങ്ങളും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നേപ്പാള്‍ ടി20 ലീഗ് കളിക്കാനെത്തിയ മുന്‍ ശ്രീലങ്കന്‍ താരം ഉപുല്‍ തരംഗ ജയിലിലെത്തി ലാമിച്ചാനെയെ സന്ദര്‍ശിച്ചു. ഇതോടെ തുടക്കത്തില്‍ അനങ്ങാതിരുന്ന ആരാധകര്‍ ലാമിച്ചാനെയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ലാമിച്ചാനെയ്ക്കായി ആഗോള തലത്തില്‍ അനുകൂല ക്യാംപെയ്‌നുകളും തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button