Cricket

ഐഎസ്എല്ലില്‍ നിന്ന് മലയാളി താരത്തെ പൊക്കി ഗോകുലത്തിന്റെ കിടിലന്‍ നീക്കം!!

ഐലീഗിന്റെ ആദ്യ ഘട്ടത്തിലെ ചെറിയ തിരിച്ചടിക്ക് ശേഷം തിരിച്ചു വരവിന്റെ പാതയിലുള്ള ഗോകുലം കേരള എഫ്‌സി വീണ്ടും മിന്നും നീക്കവുമായി രംഗത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറുപ്പക്കാരനായ കോച്ചിനെ ടീമിലെത്തിച്ചതിന് പിന്നാലെ മറ്റൊരു ഐഎസ്എല്‍ താരത്തെ കൂടി മലബാറിയന്‍ ഒപ്പം ചേര്‍ത്തു.

ചെന്നൈയ്ന്‍ എഫ്‌സിയില്‍ നിന്നു ജോബി ജെസ്റ്റിനെയാണ് ഗോകുലം സൈന്‍ ചെയ്തത്. താരവുമായി കരാറിലൊപ്പിട്ടെന്നും അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഗോകുലം പ്രതിനിധി സ്‌പോര്‍ട്‌സ്‌ക്യൂവിനോട് പ്രതികരിച്ചു.

വെള്ളിയാഴ്ച്ച റിയല്‍ കാശ്മീര്‍ എഫ്‌സിയുമായുള്ള മല്‍സരത്തിന് മുമ്പ് എഐഎഫ്എഫ് ക്ലിയറന്‍സും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. ഗോളടിക്കാന്‍ ആളില്ലെന്നതാണ് ഈ സീസണില്‍ ഗോകുലം നേരിടുന്ന പ്രതിസന്ധികളിലൊന്ന്.

ആദ്യ 10 കളിയില്‍ നിന്നും വെറും 8 തവണ മാത്രമാണ് മലബാറിയന്‍സ് വലകുലുക്കിയത്. 12 ടീമുകള്‍ മല്‍സരിക്കുന്ന ലീഗില്‍ ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള ടീമുകളിലൊന്നും ഗോകുലം തന്നെ. ഐലീഗിലും ഐഎസ്എല്ലിലും ഏറെ പരിചയസമ്പത്തുള്ള ജോബിയുടെ വരവ് ഗോള്‍ക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഐലീഗ് കിരീടത്തിലേക്കുള്ള പോരാട്ടത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഗോകുലം. 10 കളിയില്‍ നിന്നും 18 പോയിന്റുകള്‍. റൗണ്ട് ഗ്ലാസ് പഞ്ചാബ് 10 കളിയില്‍ നിന്നും 23 പോയിന്റുമായി ഒന്നാമതുണ്ട്. ശ്രീനിഥി ഡെക്കാന്‍ (22), റിയല്‍ കാശ്മീര്‍ (18) പിന്നാലെയും. ഇത്തവണ കിരീടം നേടുന്ന ടീമിന് ബാങ്ക് ഗ്യാരന്റി നല്‍കാതെ ഐഎസ്എല്ലിലേക്ക് പ്രവേശനം ലഭിക്കും.

Related Articles

Back to top button