Cricket

രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നു !! ബിസിസിഐയ്ക്ക് വന്‍മതിലിനോട് താല്‍പര്യമില്ല ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞേക്കുമെന്ന് വിവരം. പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറങ്ങുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.

2021 നവംബറിലാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുന്നത്. ഏകദിന ലോകകപ്പിനു ശേഷം ദ്രാവിഡിന്റെ കരാര്‍ പുതുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

നിലവില്‍ ജൂണ്‍ വരെയാണ് രാഹുല്‍ ദ്രാവിഡിന് ബിസിസിഐയുമായി കരാറുള്ളത്. ട്വന്റി20 ലോകകപ്പിനു ശേഷം ബിസിസിഐ പുതിയ പരിശീലകനെ നിയമിക്കുമെന്നാണു കരുതുന്നത്.

പരിശീലക സ്ഥാനത്തേക്കു രാഹുല്‍ ദ്രാവിഡിനു വീണ്ടും അപേക്ഷ നല്‍കാമെന്നും, എന്നാല്‍ നേരിട്ട് കരാര്‍ പുതുക്കുന്നതിനു താല്‍പര്യമില്ലെന്നും ജയ് ഷാ പ്രതികരിച്ചു.

”രാഹുല്‍ ദ്രാവിഡിനു ജൂണ്‍ വരെയാണ് കാലാവധിയുള്ളത്. താല്‍പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന് വീണ്ടും അപേക്ഷ സമര്‍പ്പിക്കാനുള്ള അവകാശമുണ്ട്. വിദേശ പരിശീലകന്‍ വേണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബിസിസിഐയുടെ ഉപദേശക സമിതിയാണ്.” ജയ്ഷാ പറഞ്ഞു.

ഓരോ ഫോര്‍മാറ്റുകളിലും ഓരോ പരിശീലകന്‍ വേണോയെന്ന കാര്യവും ഉപദേശക സമിതി തീരുമാനിക്കുമെന്ന് ജയ്ഷാ വ്യക്തമാക്കി.

ഇന്ത്യയില്‍ വിരാട് കോലി, രോഹിത് ശര്‍മ, ഋഷഭ് പന്ത് തുടങ്ങിയ നിരവധി താരങ്ങള്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നവരാണ്. നിലവില്‍ ഓരോ ഫോര്‍മാറ്റിലും വേറേ വേറെ പരിശീലകരുടെ ആവശ്യമില്ല.

ഐപിഎല്ലിലെ ഇംപാക്ട് പ്ലേയര്‍ നിയമം പരീക്ഷണ ഘട്ടത്തിലാണെന്നും ഇതു തുടരണോയെന്നു ടീമുകളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ബിസിസിഐ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button