Cricket

ബംഗ്ലാദേശ് ക്രിക്കറ്റില്‍ വന്‍ നാടകീയ നീക്കങ്ങള്‍; തമീമിന്റെ മനസുമാറ്റി പ്രധാനമന്ത്രി!!

ബംഗ്ലാദേശ് ക്രിക്കറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്നത് വന്‍ നാടകീയ നീക്കങ്ങള്‍. അഫ്ഗാനെതിരായ ആദ്യ ഏകദിനത്തിനു പിന്നാലെ ആരോടും പറയാതെ പത്രസമ്മേളനം വിളിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ തീരുമാനം മാറ്റി.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇക്ബാലിനെ നേരിട്ട് വിളിച്ചു വരുത്തി സംസാരിച്ചതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പിന്‍വലിച്ചത്. മുന്‍ ക്യാപ്റ്റന്‍ മൊഷറഫീ മൊര്‍ത്തസയ്‌ക്കൊപ്പമാണ് തമീം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ മകനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റെന്നതും ശ്രദ്ധേയമാണ്.

ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് തമീം ഇക്ബാല്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അഫ്ഗാനെതിരായ മത്സരം തോറ്റതിന് പിന്നാലെ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വികാരഭരിതനായ തമീമിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

34കാരനായ തമീം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും ടീമിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പൊടുന്നനെയുള്ള വിരമിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ നിന്നും ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും തമീം വിരമിച്ചിരുന്നു.

ആദ്യ ഏകദിനത്തിന് മുമ്പ് തമീം നടത്തിയ ചില വെളിപ്പെടുത്തലുകള്‍ കോച്ചിനും ബിസിബി പ്രസിഡന്റിനും അനിഷ്ടം വരുത്തി വച്ചിരുന്നു. തനിക്ക് ഫിറ്റ്‌നസില്ലെന്നും സമ്മര്‍ദം മൂലമാണ് കളിക്കുന്നത് എന്ന രീതിയിലും തമീം പത്രസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു.

ഇതാണ് ബോര്‍ഡിനെയും കോച്ചിനെയും ചൊടിപ്പിച്ചത്. പത്രസമ്മേളനം നടത്തി വിരമിക്കല്‍ പ്രഖ്യാപിച്ച കാര്യം സ്വന്തം ടീമംഗങ്ങള്‍ പോലും നേരത്തെ അറിഞ്ഞിരുന്നില്ല. ടീമിനുള്ളിലും ഈ തീരുമാനം വലിയ പ്രഹരമായിരുന്നു.

2007 ഫെബ്രുവരിയില്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ തമീം ആ വര്‍ഷം നടന്ന ഏകദിന ലോകപ്പില്‍ ഇന്ത്യയെ അട്ടിമറിച്ച ബംഗ്ലാദേശ് ടീമില്‍ അര്‍ധ സെഞ്ചുറിയിമായി തിളങ്ങിയാണ് വരവറിയിച്ചത്. 241 ഏകദിനങ്ങളില്‍ 14 സെഞ്ചുറി ഉള്‍പ്പെടെ 8313 റണ്‍സ് നേടിയിട്ടുള്ള തമീം ഏകദിനങ്ങളില്‍ ബംഗ്ലാദേശിന്റെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണ്.

70 ടെസ്റ്റില്‍ 10 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും അടക്കം 5134 റണ്‍സും ടി20 ക്രിക്കറ്റില്‍ 78 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും അടക്കം 1758 റണ്‍സും തമീം നേടി.

ഏകദിന ക്രിക്കറ്റില്‍ ബംഗ്ലദേശിനായി കൂടുതല്‍ റണ്‍സും (8313) സെഞ്ചുറികളും (14) നേടിയ താരമാണ്. ടെസ്റ്റില്‍ 10 സെഞ്ചറികളും 31 അര്‍ധ സെഞ്ചറികളുമടക്കം 5000 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ട്വന്റി20യില്‍ 1758 റണ്‍സെടുത്തു. ഐപിഎല്‍ ക്രിക്കറ്റില്‍ പുണെ വാരിയേഴ്‌സ് ടീമില്‍ കളിച്ചിട്ടുണ്ട്.

Related Articles

Back to top button