Cricket

ഐറിഷ് വജ്രായുധത്തെ ചൂണ്ടയിട്ട് ഐപിഎല്‍ വമ്പന്മാര്‍!

ഇക്കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ അയര്‍ലന്‍ഡിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇടംകൈയന്‍ പേസര്‍ ജോഷ് ലിറ്റിലിനെ സ്വന്തമാക്കാന്‍ പ്രധാന ഐപിഎല്‍ ടീമുകളെല്ലാം ശ്രമം നടത്തുന്നു. ഇടംകൈയന്‍ പേസറെന്നതും യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ആണെന്നതും ലിറ്റിലിനെ സ്വന്തമാക്കാന്‍ പല ടീമുകളെയും പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെറ്റ് ബൗളറായിരുന്നു ലിറ്റില്‍. ക്യാപ്റ്റന്‍ എംഎസ് ധോണി ലിറ്റിലിന്റെ ബൗളിംഗില്‍ ആകര്‍ഷിക്കപ്പെട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡ്വെയ്ന്‍ ബ്രാവോയെ ഒഴിവാക്കിയതിനാല്‍ വിശ്വസ്തനായൊരു ബൗളര്‍ ചെന്നൈയ്ക്ക് ആവശ്യമാണ്.

ലിറ്റിലിനെ ടീമിലെത്തിച്ചാല്‍ അവസാന ഓവറുകളില്‍ ടീമിന് അതു ഗുണം ചെയ്യുകയും ചെയ്യും. ഐപിഎല്ലില്‍ ഇതുവരെ ഒരൊറ്റ അയര്‍ലന്‍ഡ് താരവും കളിച്ചിട്ടില്ല. ഇത്തവണ, പോള്‍ സ്റ്റിര്‍ലിംഗ്, ഹാരി ടെക്ടര്‍, ലോര്‍ക്കര്‍ ടക്കര്‍ എന്നിവരെല്ലാം വിവിധ ടീമുകളുടെ റഡാറിലുണ്ട്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഏക ടീമും അയര്‍ലന്‍ഡായിരുന്നു.

അതേസമയം, അസോസിയേറ്റഡ് ടീമുകളില്‍ നിന്ന് കൂടുതല്‍ കളിക്കാര്‍ ഇത്തവണ ഐപിഎല്‍ ടീമുകളുടെ ഭാഗമാകാന്‍ സാധ്യതയുണ്ട്. യുഎഇയുടെ കാര്‍ത്തിക് മെയ്യപ്പന്‍, നെതര്‍ലന്‍ഡ്‌സിന്റെ ഓള്‍റൗണ്ടര്‍ ബാഷ് ഡി ലിഡെ, കോളിന്‍ അക്കര്‍മാന്‍ നമീബിയയുടെ ഡേവിഡ് വൈസ് എന്നിവരെല്ലാം ഇത്തവണ ഐപിഎല്‍ കളിക്കാന്‍ സാധ്യതയേറെയാണ്.

അസോസിയേറ്റ് ടീമുകളെല്ലാം ഇത്തവണത്തെ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. കൂടുതല്‍ അസോസിയേറ്റ് താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകുന്നത് ക്രിക്കറ്റിനും ഗുണം ചെയ്യും. ഡിസംബര്‍ 23 ന് കൊച്ചിയിലാണ് ഇത്തവണത്തെ താരലേലം നടക്കുന്നത്.

Related Articles

Back to top button