Cricket

ആദ്യ പന്തെറിയും മുമ്പേ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് ഏഷ്യാകപ്പ് ലോട്ടറി; ഐപിഎല്ലിനേക്കാള്‍ കോടികള്‍ വാരും!!

ഇത്തവണത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് ആദ്യ പന്തെറിയും മുമ്പേ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് സമ്മാനിക്കുന്നത് കോടികളുടെ ബിസിനസ്. എല്ലാവിധ പ്രതിസന്ധികളും അതിജീവിച്ചാണ് ഇത്തവണ ഏഷ്യാകപ്പ് അരങ്ങിലെത്തുന്നത്.

ജിയോ സിനിമയുടെ വെല്ലുവിളി അതിജീവിക്കാന്‍ വേണ്ടി ഹോട്ട്‌സ്റ്റാറില്‍ സൗജന്യമായി നാട്ടുകാരെ കളി കാണിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ ജിയോ സിനിമാസില്‍ സൗജന്യമായിട്ടായിരുന്നു കാണിച്ചിരുന്നത്. ഇതോടെ ഹോട്ട്‌സ്റ്റാറും സമ്മര്‍ദത്തിലായി.

കഴിഞ്ഞ 9 മാസത്തിനിടെ 2 കോടി പെയ്ഡ് കസ്റ്റമേഴ്‌സാണ് ഹോട്ട്‌സ്റ്റാറിനെ ഉപേക്ഷിച്ച് പോയത്. ഐപിഎല്‍ ഹോറ്റ്‌സ്റ്റാറില്‍ നിന്നും ജിയോ സിനിമയിലേക്ക് മാറിയതാണ് അവര്‍ക്ക് തിരിച്ചടിയായത്. ഈ പൊഴിഞ്ഞു പോയവരെ തിരികെയെത്തിക്കുകയാണ് ലക്ഷ്യം.

ഇത്തവണ പരസ്യത്തിലൂടെ മുന്‍കൂറായി 400 കോടിയോളം രൂപയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇതുവരെ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ പരസ്യത്തിന് ഈടാക്കുന്നതിലും കൂടുതല്‍ തുക സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇത്തവണ ഈടാക്കുന്നുണ്ട്.

10 സെക്കന്‍ഡ് ഇന്ത്യയുടെ മല്‍സരങ്ങള്‍ക്ക് അവര്‍ വാങ്ങുന്നത് 20-30 ലക്ഷം രൂപയാണ്. ഇന്ത്യ-പാക് മല്‍സരങ്ങള്‍ക്ക് ഇത് 30-35 ലക്ഷം രൂപയായി വര്‍ധിക്കും. മറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള ഏഷ്യാകപ്പ് മല്‍സരങ്ങള്‍ക്ക് 10 സെക്കന്‍ഡിന് നല്‍കുന്നത് 10 ലക്ഷം രൂപയാണ്.

വലിയ അട്ടിമറികള്‍ നടന്നില്ലെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏഷ്യാകപ്പില്‍ ചുരുങ്ങിയത് രണ്ടുതവണ ഏറ്റുമുട്ടും. ഫൈനലില്‍ ഇരുടീമുകളും കയറിയാല്‍ മൂന്ന് കളികള്‍ ഏഷ്യാകപ്പില്‍ ഈ ബദ്ധവൈരികള്‍ നേരിട്ട് കളിക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇവിടെ നിന്ന് സൂപ്പര്‍ ഫോറിലെത്തിയാല്‍ വീണ്ടും പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടും. ഈ ഇന്ത്യ-പാക് മല്‍സരങ്ങള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും സ്റ്റാര്‍ സ്‌പോര്‍ട്‌സിനും ഗുണം ചെയ്യും.

ഇത്തവണ വന്‍ കോര്‍പറേറ്റ് കമ്പനികള്‍ ഏഷ്യാകപ്പ് സ്‌പോണ്‍സര്‍മാരായി എത്തുന്നുണ്ട്. തംപ്‌സ്അപ്പ്, അമൂല്‍, നെറോക് പെയ്ന്റ്, ബെര്‍ജര്‍ പെയ്ന്റ്‌സ്, ജിന്‍ഡാല്‍ പാന്തര്‍, സാംസങ്, എംആര്‍എഫ് ടയേഴ്‌സ്, മാരുതി സുസൂക്കി തുടങ്ങി അനവധി കമ്പനികള്‍ സ്‌പോണ്‍സര്‍മാരായുണ്ട്.

ഐപിഎല്‍ ഉള്‍പ്പെടെ പ്രമുഖ ക്രിക്കറ്റ് ഇവന്റുകള്‍ കൈമോശം വന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന് തങ്ങളുടെ കീശ വീര്‍പ്പിക്കാനുള്ള അവസാന അവസരമാകും ഇത്തവണത്തെ ഏഷ്യാകപ്പും ഐസിസി ലോകകപ്പും.

Related Articles

Back to top button