Cricket

രോഹിതിന് ഒരുദിവസം മൂന്ന് ‘പെറ്റി’ അടിച്ച് പോലീസ്; നായകന് പണികൊടുത്തത് കാര്‍ സ്പീഡ്!!

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അതിവേഗം സ്‌കോര്‍ ചെയ്യുന്നയാളാണ്. ക്രിക്കറ്റ് കഴിഞ്ഞാല്‍ ഡ്രൈവിംഗും യാത്രകളുമാണ് താരത്തിന്റെ വലിയ ഇഷ്ടങ്ങള്‍. കുടുംബത്തോടൊപ്പം ഉള്ള യാത്രകള്‍ താരം പലപ്പോഴും നടത്താറുണ്ട്.

കഴിഞ്ഞ ആറു മാസമായി ലോകകപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു രോഹിത്. അതുകൊണ്ട് തന്നെ മൊബൈല്‍ ഫോണില്‍ ഒരൊറ്റ സോഷ്യല്‍മീഡിയ ആപ്പ് പോലും ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് രോഹിത് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ രോഹിതിന്റെ അലക്ഷ്യമായ ഒരു പ്രവര്‍ത്തിയുടെ വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുകയാണ്. ലോകകപ്പിനിടെ സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും കൊടുക്കാതെ ഡ്രൈവിംഗ് ചെയ്താണ് ഇന്ത്യന്‍ നായകന്‍ ഏവരെയും ഞെട്ടിച്ചത്.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തിനായി മുംബൈയില്‍ നിന്നും പൂനയിലേക്ക് സ്വയം ഡ്രൈവ് ചെയ്താണ് താരം എത്തിയത്. വരുന്ന വഴി മൂന്നിടത്തു നിന്നും ഡ്രൈവിംഗ് പോലീസിന്റെ ഫൈന്‍ അടയ്ക്കാനുള്ള ചെല്ലാനും രോഹിതിന് കിട്ടി.

ഓവര്‍ സ്പീഡ് കാരണമാണ് ഈ മൂന്ന് ഫൈനും. തന്റെ ലംബോര്‍ഗിനി കാറിലാണ് രോഹിത് മുംബൈയില്‍ നിന്നും പൂനയിലേക്ക് എത്തിയത്. 200 മുതല്‍ 215 കിലോമീറ്റര്‍ സ്പീഡിലാണ് രോഹിത് പല സമയത്തും വാഹനം ഓടിച്ചിരുന്നതെന്ന് സീന്യൂസ് വാര്‍ത്തയില്‍ പറയുന്നു.

അഹമ്മദാബാദില്‍ പാക്കിസ്ഥാനെതിരായ മല്‍സരത്തിന് ശേഷം ലരോഹിത് ഹെലികോപ്ടറില്‍ മുംബൈയിലെ വീട്ടിലേക്ക് പോയിരുന്നു. ഇവിടെ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം രണ്ടു ദിവസം തങ്ങിയ ശേഷം സ്വയം ഡ്രൈവ് ചെയ്ത് പൂനയിലുള്ള മറ്റ് ടീമംഗങ്ങള്‍ക്കൊപ്പം രോഹിത് ചേരുകയായിരുന്നു.

നീല നിറത്തിലുള്ള ലംബോര്‍ഗിനിക്ക് റോഡില്‍ സ്ഥാപിച്ച ക്യാമറ വഴിയാണ് ഓണ്‍ലൈന്‍ ചെല്ലാന്‍ കിട്ടിയത്. അതേസമയം, ഈ ലോകകപ്പ് സമയത്ത് ഇത്രയും തിരക്കുള്ള റോഡില്‍ കൂടി രോഹിതിനെ സ്വയം ഡ്രൈവ് ചെയ്ത് പോകാന്‍ അനുവദിച്ച ബോര്‍ഡിന്റെയും കോച്ചിന്റെയും പ്രവര്‍ത്തിക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷാഭ് പന്ത് സ്വയം ഓടിച്ച വാഹനം ഇടിച്ചു മറിഞ്ഞ് കരിയര്‍ അവതാളത്തിലാക്കിയിട്ട് കുറച്ചു നാളെയായുള്ളൂ. ലോകകപ്പില്‍ പങ്കെടുക്കുന്ന മറ്റ് പത്ത് ടീമുകളിലെയും 149 കളിക്കാരും ടീം ബസില്‍ മറ്റ് കളിക്കാര്‍ക്കൊപ്പം പോലീസ് സെക്യൂരിറ്റിയിലാണ് ടീം ഹോട്ടലിലേക്കും ഗ്രൗണ്ടിലേക്കും പോകുന്നത്.

രോഹിതിന് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ലോകകപ്പില്‍ അലക്ഷ്യമായി കാര്‍ ഓടിച്ചു പോയി എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കില്‍ ആരു ഉത്തരവാദിത്വം പറയുമെന്ന് ആരാധകരും ചോദിക്കുന്നു.

Related Articles

Back to top button